ചെന്നൈയിലും എച്ച്.എം.പി.വി വൈറസ് ബാധ; രണ്ടു കുട്ടികളിൽ രോഗം; ഇന്ത്യയിൽ അഞ്ചു കേസുകൾ

ന്യൂഡൽഹി: ചെന്നൈയിലും എച്ച്.എം.പി.വി വൈറസ് ബാധ സ്ഥിരീകരിച്ചു. രണ്ടു കുട്ടികൾക്കാണ് രോഗം കണ്ടെത്തിയത്. ഇതോടെ രാജ്യത്ത് ഇതുവരെ അഞ്ചു കുട്ടികൾക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു.

തേനംപേട്ടിലെ സ്വകാര്യ ആശുപത്രിയിൽ പനിക്കും ചുമക്കും ചികിത്സ തേടിയ കുട്ടിയിൽ നടത്തിയ പരിശോധനയിലാണ് എച്ച്.എം.പി.വി വൈറസ് സ്ഥിരീകരിച്ചത്. ഗിണ്ടിയിലെ സ്വകാര്യ ആശുപത്രിയിൽ മറ്റൊരു കുട്ടിയിലും വൈറസ് ബാധ കണ്ടെത്തി. രണ്ടു കുട്ടികളും സമാന ലക്ഷണങ്ങളോടെയാണ് ആശുപത്രിയിൽ എത്തിയത്. പ്രത്യേക മെഡിക്കൽ സംഘത്തിന്‍റെ നിരീക്ഷണത്തിലാണ് കുട്ടികൾ. കാര്യമായ ആരോഗ്യ പ്രശ്നങ്ങളില്ലെന്നും അധികൃതർ അറിയിച്ചു.

നേരത്തെ ബംഗളൂരുവിൽ മൂന്നും എട്ടും മാസം പ്രായമുള്ള കുട്ടികൾക്കും അഹ്മദാബാദിൽ രണ്ടുമാസം പ്രായമുള്ള കുട്ടിക്കും വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. രോഗം സ്ഥിരീകരിച്ച കുട്ടികളുടെ കുടുംബം അടുത്തിടെ വിദേശത്ത് ഉൾപ്പെടെ യാത്ര നടത്തിയിട്ടില്ല എന്നതാണ് ആരോഗ്യ വകപ്പിനെ ആശങ്കയിലാക്കുന്നത്.

ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ (ഐ.സി.എം.ആര്‍) പതിവ് നിരീക്ഷണത്തിലാണ് എച്ച്.എം.പി.വി കേസുകള്‍ തിരിച്ചറിഞ്ഞതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. രോഗത്തിന്‍റെ ഉറവിടം സംബന്ധിച്ച് പരിശോധിക്കുകയാണെന്ന് കർണാടക ആരോഗ്യ വകുപ്പ് അറിയിച്ചു. എച്ച്.എം.പി.വി പ്രതിരോധിക്കാൻ ഇന്ത്യ സുസജ്ജമെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. സ്ഥിതിഗതികൾ വിലയിരുത്താൻ ആരോഗ്യ മന്ത്രാലയത്തിന്‍റെ മേൽനോട്ടത്തിൽ സംയുക്ത മോണിറ്ററിങ് ഗ്രൂപ്പ് യോഗം ചേർന്നിരുന്നു.

എച്ച്.എം.പി.വി കേസുകളിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് നാഷനൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ അറിയിച്ചു.

എച്ച്.എം.പി.വി വൈറസ്

ന്യൂമോവിരിഡേ കുടുംബത്തിലെ മെറ്റാന്യൂമോ വര്‍ഗത്തില്‍പെട്ട വൈറസാണിത്. ശ്വാസകോശ അണുബാധയുള്ള കുട്ടികളില്‍ നിന്നുള്ള സാമ്പിളുകള്‍ പഠിക്കുന്നതിനിടെ 2001ല്‍ ഡച്ച് ഗവേഷകർ ആദ്യമായി കണ്ടെത്തി. പ്രായമായവരും കുട്ടികളും പ്രതിരോധശക്തി കുറഞ്ഞവരുമാണ് അപകടസാധ്യതാ വിഭാഗത്തിലുള്ളത്.

ശ്വാസകോശത്തെ ബാധിക്കുന്ന മറ്റ് രോഗങ്ങൾക്ക് സമാന ലക്ഷണം തന്നെയാണ് എച്ച്.എം.പി.വി ബാധിച്ചവർക്കും ഉണ്ടാകുക. ഫ്ലൂ ആയോ ചുമ, ജലദോഷം, പനി, തുമ്മൽ എന്നിങ്ങനെയോ ശരീരത്തിൽ കയറുന്ന വൈറസ്, രോഗപ്രതിരോധശേഷി കുറവുള്ളവരിൽ പിന്നീട് ബ്രോങ്കൈറ്റിസ്, ന്യുമോണിയ എന്നിവയിലേക്കു കടക്കും. കുട്ടികളിലും പ്രായമേറിയവരിലും വൈറസ് ബാധിച്ചാൽ തീവ്രമായ പനി ഉണ്ടാകും.

വൈറസിനെ പ്രതിരോധിക്കാൻ പ്രാപ്തമായ വാക്സിൻ കണ്ടെത്തിയിട്ടില്ലാത്തതും ആന്റിവൈറൽ മരുന്നുകൾ ഇല്ലാത്തതുമാണ് പ്രാധാന വെല്ലുവിളി. രോഗം വർധിക്കുന്നതിൽ കോവിഡിന് ശേഷമുള്ള ശാരീരിക അവസ്ഥയും തണുപ്പും പ്രധാന ഘടകമാണ്.

Tags:    
News Summary - HMPV Scare: India's Count Rises To 5

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.