കഴിഞ്ഞമാസം മുതൽ ചൈനയിൽ റിപ്പോർട്ട് ചെയ്യുന്ന എച്ച്.എം.പി.വി അഥവാ ഹ്യൂമൻ മെറ്റാന്യൂമോ വൈറസ് ഇന്ത്യയിലും സ്ഥിരീകരിച്ചിരിക്കുന്നു. ഒരു ആർ.എൻ.എ ടൈപ്പ് വൈറസ് ആണ് എച്ച്.എം.പി.വി. അടുത്ത കാലം വരെയും അജ്ഞാതമായിരുന്ന ഈ വൈറസ് ശ്വാസകോശ രോഗങ്ങൾക്ക് കാരണമാകുന്നു. ജലദോഷം, മൂക്കടപ്പ്, പനി, കഫക്കെട്ട് തുടങ്ങിയ ലക്ഷണങ്ങളോടെയുള്ള വൈറസ്ബാധ ചിലപ്പോൾ സങ്കീർണമായേക്കാം. ന്യൂമോണിയ, ബ്രോൈങ്കറ്റിസ് (ശ്വസനാളങ്ങളിലെ നീർക്കെട്ട്) തുടങ്ങിയ ഗുരുതര രോഗങ്ങളിലേക്ക് പോകാൻ സാധ്യതയുള്ളതിനാലാണ് ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരിക്കുന്നത്. ചെറിയ കുട്ടികളിലും പ്രായം ചെന്നവരിലും പ്രതിരോധശേഷി കുറഞ്ഞവരിലേക്കുമെല്ലാം വൈറസ് പടർന്നാൽ സ്ഥിതി സങ്കീർണമായേക്കാം. അതേസമയം, കൊറോണ വൈറസ് പോലെ അത്ര അപകടകാരിയുമല്ല.
ശ്വാസകോശ അണുബാധക്ക് കാരണമാകുന്ന വൈറസാണിത്. 2001ൽ, നെതർലൻഡ്സിൽ ശ്വാസകോശ അണുബാധയുണ്ടായ 28 കുട്ടികളുടെ കഫം പരിശോധിച്ചപ്പോഴാണ് ഈ വൈറസിനെ ആദ്യമായി തിരിച്ചറിഞ്ഞത്. പക്ഷികളിൽ സമാനമായ രോഗങ്ങൾ സൃഷ്ടിക്കുന്ന എ.എം.പി.വി (ഏവിയൽ മെറ്റാന്യൂമോ വൈറസ്) വൈറസുമായി ഇതിന് സാദൃശ്യമുണ്ട്. 1970കൾ മുതൽത്തന്നെ എ.എം.പി.വിയുടെ സാന്നിധ്യം സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.
ഏതാണ്ട് 200 വർഷം മുമ്പ്, എ.എം.പി.വിയിൽനിന്ന് പരിണമിച്ചാണ് എച്ച്.എം.പി.വിയുണ്ടായതെന്നാണ് ശാസ്ത്രലോകത്തിന്റെ നിഗമനം. 2015ൽ, പാകിസ്താനിലും 2023ലും 2024ലും മലേഷ്യയിലും വൈറസ് സാന്നിധ്യം റിപ്പോർട്ട് ചെയ്തിരുന്നു. കഴിഞ്ഞ മാസങ്ങളിൽ ചൈനയിലും റിപ്പോർട്ട് ചെയ്തതോടെ ലോകാരോഗ്യ സംഘടന അടക്കം ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. തണുപ്പുകാലങ്ങളിലാണ് വൈറസ് സാന്നിധ്യം സ്ഥിരീകരിക്കപ്പെടാറുള്ളത്.
ചുമ,പനി, മൂക്കടപ്പ്, ശ്വാസതടസ്സം എന്നിവയാണ് പൊതു ലക്ഷണങ്ങൾ. ജലദോഷത്തിന് സമാനമായാണ് വൈറസ് പകരുന്നത്. വൈറസ് ബാധയുള്ള പ്രതലങ്ങളിൽ സ്പർശിച്ച കൈകൾ കൊണ്ട് മൂക്കിലും മുഖത്തും സ്പർശിച്ചാലും രോഗം പകർന്നേക്കാമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
രോഗം ബാധിച്ചവരുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയോ രോഗം ബാധിച്ചവര്‍ ചുമക്കുകയോ തുമ്മുകയോ വഴി രോഗം പടരാം. ശരീരത്തിൽ പ്രവേശിച്ചാൽ രണ്ടുമുതൽ അഞ്ചുദിവസം കൊണ്ട് വൈറസ് ബാധയുടെ ലക്ഷണങ്ങൾ പ്രകടമാവും. ആർ.ടി -പി.സി.ആർ പരിശോധന വഴി എച്ച്.എം.പി.വിയെ തിരിച്ചറിയാം.
ഇല്ല. എച്ച്.എം.പി.വി വൈറസ് ബാധ പ്രതിരോധിക്കാനുള്ള നേരിട്ടുള്ള ചികിത്സ നിലവിൽ ഇല്ല. വൈറസിനെതിരായ വാക്സിനും ഇല്ല. ആന്റി വൈറൽ മരുന്നായ റിബവൈറിൻ ഫലപ്രദമാണെന്ന് ചില പഠനങ്ങളിൽ പറയുന്നുണ്ട്. ചില മരുന്ന് കമ്പനികൾ വാക്സിൻ വികസിപ്പിക്കുന്നുണ്ട്. ‘മോഡേണ’ എന്ന കമ്പനി വികസിപ്പിച്ച ആർ.എൻ.എ വാക്സിൻ പരീക്ഷണഘട്ടത്തിലാണ്. നിലവിൽ വൈറസ് സ്ഥിരീകരിക്കുന്നവർക്ക് രോഗലക്ഷണങ്ങൾക്കുള്ള മരുന്ന് നൽകുകയാണ് ചെയ്യുന്നത്.
കോവിഡ് കാലത്തെന്നപോലെ കുടുതൽ ജാഗ്രതയോടെ പ്രതിരോധം ശക്തമാക്കുക. ശുചിത്വം പാലിക്കുക; ലക്ഷണങ്ങൾ ശ്രദ്ധയിൽപെട്ടാൽ ഉടൻ റിപ്പോർട്ട് ചെയ്യുക. 20 സെക്കന്‍ഡെങ്കിലും സോപ്പും വെള്ളവും ഉപയോഗിച്ച് കൈകള്‍ ഇടക്കിടെ കഴുകുക, കഴുകാത്ത കൈ കൊണ്ട് മുഖം തൊടുന്നത് ഒഴിവാക്കുക, മാസ്ക് ധരിക്കുക എന്നിവയാണ് പ്രതിരോധ മാര്‍ഗങ്ങള്‍.
ഇല്ല. ചൈനയിൽ എച്ച്.എം.പി.വി റിപ്പോർട്ട് ചെയ്തപ്പോൾ ചില മാധ്യമങ്ങൾ അതിനെ കോവിഡുമായി താരതമ്യം ചെയ്തിരുന്നു. എന്നാൽ, അത്രകണ്ട് അപകടകരമല്ല ഇത്. ഒന്നാമതായി, ഈ വൈറസിനെ നേരത്തെ തന്നെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇത് എങ്ങനെ പകരുമെന്നതു സംബന്ധിച്ചും ശാസ്ത്രലോകത്തിന് കൃത്യമായ ധാരണയുണ്ട്. കൊറോണ വൈറസ് പോലെ വേരിയന്റുകൾ അത്ര പെട്ടെന്ന് ഉണ്ടാകുന്നതുമല്ല. ഭൂരിഭാഗം സന്ദർഭങ്ങളിലും ഒരാഴ്ച കൊണ്ടുതന്നെ അസുഖം ഭേദമാവാറുണ്ട്.
ചുരുക്കം ചില ഘട്ടങ്ങളിൽ മാത്രമാണ് ഇത് സങ്കീർണമായ അസുഖങ്ങളിലേക്ക് വഴുതിമാറുന്നത്. അതുകൊണ്ടുതന്നെ, കോവിഡുമായി എച്ച്.എം.പി.വി ബാധയെ താരതമ്യം ചെയ്യേണ്ടതില്ലെന്നും ആരോഗ്യ വിദഗ്ധർ പറയുന്നു. എന്നാൽ, കോവിഡാനന്തര സാഹചര്യത്തിൽ വൈറസ് സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങൾ നമുക്ക് പ്രവചിക്കാനാവില്ല. കോവിഡ് ബാധിച്ച ഒരാളിൽ എച്ച്.എം.പി.വി സ്ഥിരീകരിക്കുമ്പോൾ ജാഗ്രത പാലിക്കേണ്ടതുണ്ട്.
● വായുവിലൂടെ പകരുന്ന രോഗമായതിനാല്‍ മാസ്ക് ഉപയോഗവും കൈകളുടെ ശുചിത്വവും പ്രധാനം
● അനാവശ്യ ആശുപത്രി സന്ദര്‍ശനം ഒഴിവാക്കുക, ആശുപത്രിയില്‍ മാസ്ക് ഉപയോഗിക്കുക
● തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവാല ഉപയോഗിച്ച് വായും മൂക്കും മറക്കണം
● മുറികളില്‍ ശരിയായ വായുസഞ്ചാരം ഉറപ്പാക്കുക
● കുട്ടികള്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, പ്രമേഹം, ഹൃദ്രോഗം, രക്തസമ്മര്‍ദം, കരള്‍, വൃക്കരോഗങ്ങള്‍ തുടങ്ങിയവയുള്ളവരും രോഗ പ്രതിരോധശേഷി കുറഞ്ഞവരും പ്രത്യേകം ശ്രദ്ധിക്കണം.
● പ്രമേഹവും രക്തസമ്മര്‍ദവും നിയന്ത്രണ വിധേയമാക്കുക
● ജലനഷ്ടമുണ്ടാകാതിരിക്കാന് ധാരാളം വെള്ളം കുടിക്കണം.
● രോഗലക്ഷണങ്ങള്‍ കണ്ടാല്‍ എത്രയും വേഗം ചികിത്സ തേടി വിശ്രമിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.