തലവേദനക്ക് കുത്തിവെപ്പെടുത്ത എഴുവയസ്സുകാരന്റെ കാല് തളർ​ന്നെന്ന പരാതിയിൽ ഡോക്ടർക്കും നഴ്സിനുമെതിരെ കേസ്

ചാവക്കാട്: താലൂക്ക് ആശുപത്രിയിൽ തലവേദനക്ക് കുത്തിവെപ്പെടുത്ത എഴുവയസ്സുകാരന്റെ കാല് തളർ​ന്നെന്ന പരാതിയിൽ ഡോക്ടർക്കും നഴ്സിനുമെതിരെ കേസ്. ഡോക്ടറെ ഒന്നാം പ്രതിയും പുരുഷ നഴ്സിനെ രണ്ടാം പ്രതിയുമാക്കിയാണ് പൊലീസ് കേസെടുത്തത്.

പാലയൂർ നാലകത്ത് കാരക്കാട് ഷാഫിലിന്റെ മകൻ മുഹമ്മദ് ഗസാലിയുടെ ഇടത് കാലിനാണ് തളർച്ച ബാധിച്ചത്. ഡിസംബർ ഒന്നിനാണ് സംഭവം. പാലയൂർ സെന്റ് തോമസ് എൽ.പി സ്കൂളിലെ രണ്ടാം ക്ലാസുകാരനായ മുഹമ്മദ് ഗസാലി തലവേദനയെ തുടർന്ന് മാതാവ് ഹിബയുമൊത്താണ് താലൂക്ക് ആശുപത്രിയിലെത്തിയത്. അത്യാഹിത വിഭാഗത്തിലെ ഡ്യൂട്ടി ഡോക്ടറെ കാണിച്ചപ്പോൾ രണ്ട് കുത്തിവെപ്പുകൾ എടുക്കാൻ നിർദേശിച്ചു. തുടർന്ന് ഗസാലിയുടെ ഇടതു കൈയിൽ ആദ്യം കുത്തിവെപ്പ് നൽകി. കൈയിൽ വീർപ്പുണ്ടാകുകയും വേദന അനുഭവപ്പെടുകയും ചെയ്തതായി കുട്ടി പറഞ്ഞപ്പോൾ ആൺ നഴ്സ് സിറിഞ്ച് താഴെ വെച്ച് അവിടെനിന്ന്​ പോയെന്നും മാതാവ് പിന്നാലെ പോയി പറഞ്ഞിട്ടാണ് അദ്ദേഹം തിരികെ വന്നതെന്നും പരാതിയിൽ പറയുന്നു.

പിന്നീട് അരക്കെട്ടിൽ ഇടതുഭാഗത്തായി കുത്തിവെച്ചു. ഇതോടെ ഇടതുകാലിൽ ശക്തമായ വേദനയും തരിപ്പും അനുഭവപ്പെട്ടു. എണീറ്റ് നടക്കാൻ ശ്രമിച്ചപ്പോൾ വീഴാൻ പോകുകയും ഇടത് കാലിന് ബലക്കുറവ് തോന്നുകയും ചെയ്തപ്പോൾ മാതാവ് ഹിബ ഡോക്ടറെ ചെന്നുകണ്ട് കാര്യം പറഞ്ഞു. കൈയിൽ വീർപ്പുള്ള ഭാഗത്ത് പുരട്ടാൻ ഓയിൻമെന്റ് നൽകിയ ഡോക്ടർ കാലിലേത് മാറിക്കോളുമെന്നും പറഞ്ഞ് വീട്ടിലേക്ക് പറഞ്ഞുവിട്ടു.

വീട്ടിലെത്തിയിട്ടും മാറ്റമില്ലാതായതോടെ കുട്ടിയെ കോട്ടക്കലിലെ ആശുപത്രിയിലെത്തിച്ചു. മരുന്ന് മാറിയതിനാലോ ഇൻജക്ഷൻ ഞരമ്പിൽ കൊണ്ടതിനാലോ ആവാം കാലിലെ തളർച്ചയെന്ന് അവിടെയുള്ള ഡോക്ടർ അഭിപ്രായപ്പെട്ടതായും പറയുന്നു. 

രക്ഷിതാക്കൾ ചാവക്കാട് പൊലീസിനു പുറമെ ആശുപത്രി സൂപ്രണ്ട്, ജില്ല മെഡിക്കൽ ഓഫിസർ, എം.എൽ.എ, ആരോഗ്യമന്ത്രി, ബാലാവകാശ കമീഷൻ എന്നിവർക്കും പരാതി നൽകിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി ജില്ല മെഡിക്കൽ ഓഫിസർക്ക് റിപ്പോർട്ട് നൽകുമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ഷാജ് കുമാർ പറഞ്ഞു.

Tags:    
News Summary - Case filed against doctor and nurse on complaint that 7-year-old boy's leg became weak due to injection for headache

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.