കൊച്ചി: നോൺ ആൽക്കഹോളിക് ഫാറ്റി ലിവറിനെ (മദ്യപാനം കൊണ്ടല്ലാത്ത കരൾവീക്കം) ചെറുക്കാൻ കടൽപായലിൽനിന്ന് വികസിപ്പിച്ചെടുത്ത പ്രകൃതിദത്ത ഉൽപന്നവുമായി കേന്ദ്ര സമുദ്ര മത്സ്യഗവേഷണ സ്ഥാപനം (സി.എം.എഫ്.ആർ.ഐ). കടൽപായലുകളിൽ അടങ്ങിയിരിക്കുന്ന ജൈവ സംയുക്തങ്ങൾ ഉപയോഗിച്ചാണ് 'ലിവ്ക്യുവർ എക്സ്ട്രാക്ട്' എന്ന ഉൽപന്നം വികസിപ്പിച്ചത്. വിവിധ ജീവിതശൈലീരോഗങ്ങളെ ചെറുക്കാനും രോഗപ്രതിരോധശേഷി വർധിപ്പിക്കാനുമായി സി.എം.എഫ്.ആർ.ഐ വികസിപ്പിക്കുന്ന ഒമ്പതാമത്തെ ഉൽപന്നമാണിത്.
കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും അമിതമായി അടിഞ്ഞുകൂടിയ കൊഴുപ്പ് നിയന്ത്രണവിധേയമാക്കാനും ഇത് സഹായകരമാണെന്ന് ഗവേഷണത്തിന് നേതൃത്വം നൽകിയ സി.എം.എഫ്.ആർ.ഐയിലെ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. കാജൽ ചക്രബർത്തി പറഞ്ഞു. 400 മില്ലിഗ്രാം അളവിലുള്ള കാപ്സൂളുകൾ പൂർണമായും പ്രകൃതിദത്ത ചേരുവകൾ ഉപയോഗിച്ചാണ് നിർമിച്ചിരിക്കുന്നത്. വ്യവസായിക അടിസ്ഥാനത്തിൽ ഉൽപന്നം പുറത്തിറക്കാനുള്ള നടപടി തുടങ്ങിയിട്ടുണ്ട്.
ഉൽപന്നത്തിന് ഒരുവിധ പാർശ്വഫലങ്ങളുമില്ലെന്ന് ക്ലിനിക്കൽ പരീക്ഷണങ്ങളിലൂടെ തെളിഞ്ഞതായും സ്ഥാപനം അവകാശപ്പെടുന്നു. കടൽപായൽ കൃഷി വ്യാപകമാക്കാൻ ഊന്നൽ നൽകുന്നുണ്ടെന്ന് ഡയറക്ടർ ഡോ. എ. ഗോപാലകൃഷ്ണൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.