രക്തത്തിലെ കോശങ്ങളായ ഇസിനോഫിലിന്റെ അളവ് സാധാരണയിലധികം വര്‍ധിക്കുന്ന അവസ്ഥയാണ് ഇസിനോഫീലിയ. സാധാരണ ആറുശതമാനത്തിൽ താഴെയാണ് ഇസിനോഫില്‍ ശരീരത്തില്‍ ഉണ്ടായിരിക്കേണ്ടത്. രോഗാണുക്കള്‍, ശരീരത്തെ ബാധിക്കുന്ന വൈറസുകള്‍ എന്നിവയില്‍നിന്ന് ശരീരത്തെ സംരക്ഷിക്കാന്‍ നിശ്ചിത അളവിലുള്ള ശ്വേതരക്താണുക്കള്‍ ആവശ്യമാണ്.
ഈ ശ്വേതരക്താണുക്കളിലെ ഒരു വിഭാഗമാണ് ഇസിനോഫിലുകള്. എന്നാല്‍, ശരീരത്തിന് ആവശ്യമായതില്‍ കൂടുതല്‍ അളവ് ഇസിനോഫിലുകള് രൂപപ്പെടുകയാണെങ്കില്‍ ഇത് ശരീരത്തിന് പലവിധത്തിലുള്ള പ്രയാസങ്ങള്‍ക്ക് വഴിവെക്കും.
പ്രാരംഭ ഘട്ടത്തില്‍ ലക്ഷണങ്ങളിലൂടെ ഇസിനോഫില്‍ അളവ് വര്‍ധന കണ്ടെത്താന്‍ പ്രയാസമാണ്. ആസ്ത്മ, ത്വക്കിന് പുറമെയുള്ള അലര്‍ജി തുടങ്ങിയവ പതിവായി അനുഭവപ്പെടുന്നതിനെത്തുടര്ന്നുള്ള പരിശോധനയിലാണ് പലപ്പോഴും ഇസിനോഫില്‍സ് അളവ് വര്‍ധിച്ചതായി കണ്ടെത്താറുള്ളത്.
ഇസിനോഫില്‍ വര്‍ധിക്കുന്നതിന് പ്രത്യേക ലക്ഷണങ്ങള്‍ കണ്ടില്ലെങ്കിലും അനുബന്ധ രോഗത്തിന്റെ ലക്ഷണങ്ങള്‍ കൂടുതലായി കാണപ്പെടും. മാത്രമല്ല, ഇസിനോഫില്‍ കാരണം ഏതെങ്കിലും അവയവങ്ങള്‍ക്ക് പ്രശ്നങ്ങള്‍ ഉണ്ടായിട്ടുണ്ടങ്കില്‍ ഇതിന്റെ ലക്ഷണവും പ്രകടമാകും.
ശരീരത്തില്‍ ഇസിനോഫില്‍ രൂപപ്പെടാൻ വിവിധ കാരണങ്ങള്‍ ഉണ്ടാകാം. ഓരോരുത്തരുടെയും ജീവിത സാഹചര്യം, ശരീരത്തെ ബാധിച്ച മറ്റ് രോഗാവസ്ഥകള്‍ എന്നിവയെ അടിസ്ഥാനമാക്കിയാണ് കാരണങ്ങള്‍ നിര്‍ണയിക്കാന്‍ സാധിക്കുക. വിവിധതരം അലര്‍ജികള്‍, വിരശല്യം, അണുബാധ, ആസ്ത്മ, ശരീരത്തെ ബാധിച്ച ഓട്ടോ ഇമ്യൂണ്‍ അസുഖങ്ങള്‍ എന്നിവ മൂലവും ഇസിനോഫില്‍ അളവ് വർധിക്കാം.
ചിലരില്‍ മന്ത് രോഗത്തിന്റെ ഭാഗമായും ഇസിനോഫില്‍ അളവ് വര്‍ധിക്കുന്നതായി കാണാറുണ്ട്. മുന്‍കാലങ്ങളില്‍ ഇത് വളരെ സാധാരണമായിരുന്നെങ്കിലും നിലവില്‍ ഇത്തരം രോഗികളുടെ എണ്ണം കുറഞ്ഞുവരുന്നുണ്ട്. ഇസിനോഫിൽ വളരെ അപകടകരമായ അവസ്ഥയില്‍ വര്ധിക്കുന്നുവെങ്കില് ശരീരത്തില്‍ അർബുദം ബാധിച്ചതിന്റെ ലക്ഷണവുമാകാം. അതുകൊണ്ടുതന്നെ ക്രമാതീത അളവില്‍ ഇസിനോഫിൽ ശരീരത്തില്‍ ഉയരുന്നുവെങ്കില്‍ വിദഗ്ധ ചികിത്സ ഉറപ്പാക്കേണ്ടതുണ്ട്.
ചില രോഗികളില്‍ ഇസിനോഫില്‍ അമിതമായി വര്‍ധിച്ചത് കാരണം ശരീരത്തിലെ പല അവയവങ്ങളെയും ബാധിക്കുന്ന അവസ്ഥയും കണ്ടുവരുന്നു. ഇത് ഹൈപറിയോഇസിനിഫിലിക് സിൻഡ്രോം എന്നാണ് അറിയപ്പെടുന്നത്. ഇത്തരം സാഹചര്യങ്ങളില്‍ ഇസിനോഫില്‍ അളവ് പെട്ടെന്ന് കുറയുന്നതിനുള്ള പരിഹാരമാര്‍ഗങ്ങൾ ഉടന്‍ സ്വീകരിക്കേണ്ടതുണ്ട്. എന്നാല്‍, ഈ അവസ്ഥ വളരെ സാധാരണമല്ല. ഏത് പ്രയക്കാരിലും ഇസിനോഫില്‍ അളവ് വർധിക്കാം. സാധാരണ കുട്ടികളിലും പ്രായം കുറഞ്ഞവരിലുമാണ് കൂടുതലായി കണ്ടുവരുന്നത്.
ഇസിനോഫില്‍ കൗണ്ട് ശരീരത്തില്‍ വർധിക്കുകയും അനുബന്ധ പ്രയാസങ്ങള്‍ അനുഭവപ്പെടുകയും ചെയ്താല്‍ കാരണം കണ്ടെത്തേണ്ടതായുണ്ട്. ഇത് രക്തത്തില്‍ വർധിക്കുന്നതിനുള്ള കാരണം പരിശോധനയിലൂടെയും നിരന്തര നിരീക്ഷണത്തിലൂടെയും കണ്ടെത്തുകയാണ് ഏറ്റവും പ്രധാനം.
കാരണം കണ്ടെത്തിയാല്‍ ഇത് പൂര്‍ണമായി മാറുന്നതുവരെ തുടര്‍ച്ചയായ ചികിത്സ സ്വീകരിക്കേണ്ടത് പ്രധാനമാണ്. ലക്ഷണങ്ങള്‍ പ്രകടമാകുമ്പോള്‍ മാത്രം ചികിത്സ തേടുകയും കുറഞ്ഞ സമയത്തിനുള്ളില്‍തന്നെ ചികിത്സയില്‍നിന്ന് വിട്ടുനില്‍ക്കുകയും ചെയ്യുന്ന രീതി വിഫലമാണ്. അതുകൊണ്ടുതന്നെ ദീര്‍ഘകാല ചികിത്സ ഉറപ്പാക്കേണ്ടത് അനിവാര്യമാണ്.
ഡോ. കാസിം കൊളക്കാടൻ
MBBS, MD, MRCP-UK, FRCP
Consultant Pulmonologist
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.