കൊച്ചി: പ്രമുഖ ബ്രാൻഡുകളിലെ മരുന്നുകളുടെ ഗുണനിലവാരം കുറഞ്ഞ വ്യാജന്മാർ ഇതരസംസ്ഥാനങ്ങളിൽനിന്ന് കേരളത്തിലേക്കും. അർബുദം, വൃക്കരോഗം, പ്രമേഹം, ശ്വാസകോശ രോഗങ്ങൾ, ഹൃദ്രോഗം തുടങ്ങിയവക്ക് സർവസാധാരണമായി ഉപയോഗിക്കുന്നവയുടെ വ്യാജ മരുന്നുകളാണ് ഓൺലൈൻ പ്ലാറ്റ്ഫോമുകൾ വഴിയും അല്ലാതെയും വിറ്റഴിക്കപ്പെടുന്നത്. ഇതുസംബന്ധിച്ച പരാതികളെത്തുടർന്ന് സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വിഭാഗം പരിശോധന തുടങ്ങി.
ഡൽഹി, ഗാസിയാബാദ്, തെലങ്കാന, നോയിഡ, ഹിമാചൽപ്രദേശ്, പഞ്ചാബ് എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് മതിയായ ചേരുവകളും ഡോസും ഇല്ലാതെയുള്ള മരുന്നുകളുടെ നിർമാണം. കോടികളുടെ വിറ്റുവരവുള്ള പ്രമുഖ കമ്പനികളുടെ ആന്റിബയോട്ടിക്കുകളടക്കം ഇത്തരത്തിൽ വിൽക്കപ്പെടുന്നതായി ഡ്രഗ്സ് കൺട്രോൾ അഡ്മിനിസ്ട്രേഷൻ (ഡി.സി.എ) അടുത്തിടെ തെലങ്കാനയിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു.
ഡി.സി.എ ശേഖരിച്ച 1500 സാമ്പിളിൽ 58 മരുന്ന് പൂർണമായും വ്യാജമാണെന്ന് ലബോറട്ടറി പരിശോധനയിൽ തെളിഞ്ഞു. കേരളത്തിൽ വ്യാജമരുന്ന് നിർമാണം ഇല്ലെങ്കിലും പുറത്തുനിന്ന് ഇവ എത്തുന്നതായി വ്യാപാരികൾതന്നെ സമ്മതിക്കുന്നു.
യഥാർഥ മരുന്നുകളെന്ന് തോന്നിപ്പിക്കുന്നതും ഗുരുതര പാർശ്വഫലങ്ങളുള്ളതുമായ ഇവ ചിലയിടങ്ങളിൽ കൂടിയ വിലയ്ക്കും മറ്റ് ചിലയിടങ്ങളിൽ അമിത വിലക്കിഴിവ് വാഗ്ദാനം ചെയ്തുമാണ് വിൽപന. അതുകൊണ്ടുതന്നെ അമിത വിലക്കിഴിവ് വാഗ്ദാനം ചെയ്യുന്ന മരുന്നുകളുടെ ഗുണനിലവാരം ഉപഭോക്താക്കൾ ഉറപ്പാക്കണമെന്ന് ഡോക്ടർമാരും പറയുന്നു.
ജി.എസ്.ടി നടപ്പാക്കിയതിനെത്തുടർന്ന് അന്തർസംസ്ഥാനങ്ങളിൽനിന്ന് അനധികൃത സ്രോതസ്സ് വഴി ഗുണനിലവാരമില്ലാത്ത വ്യാജ മരുന്ന് വിറ്റഴിക്കപ്പെടുന്നുണ്ടെന്നും ഇക്കാര്യം ചർച്ച ചെയ്യാൻ യോഗം വിളിക്കണമെന്ന് ആരോഗ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നുവെന്നും ഓൾ കേരള കെമിസ്റ്റ്സ് ആന്‍ഡ് ഡ്രഗിസ്റ്റ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എ.എൻ. മോഹൻ പറഞ്ഞു.
പോഷകക്കുറവിനുള്ള ചികിത്സയിൽ ഉപയോഗിക്കുന്ന തിയാംപ്-100 എന്ന ടാബ്ലറ്റിന്റെ വ്യാജൻ ഡ്രഗ്സ് കൺട്രോൾ അഡ്മിനിസ്ട്രേഷൻ (ഡി.സി.എ) പിടിച്ചെടുത്തിരുന്നു. ഒരു സ്ട്രിപ്പിന് 500 രൂപ വിലയുള്ള ഇതിലെ പ്രധാന ഘടകം ചോക്കുപൊടിയാണെന്ന് ലാബ് പരിശോധനയിൽ തെളിഞ്ഞു.
വ്യാജമരുന്നിനെതിരെ ‘ഓപറേഷൻ ഡബിൾ ചെക്’ എന്നപേരിൽ പരിശോധന കർശനമാക്കിയിട്ടുണ്ടെന്നും എന്നാൽ, ഇത്തരം മരുന്ന് കണ്ടെത്തിയിട്ടില്ലെന്നും സംസ്ഥാന ഡ്രഗ്സ് കൺട്രോളർ ഡോ. കെ. സുജിത്കുമാർ ‘മാധ്യമ’ത്തോട് പറഞ്ഞു. പർച്ചേസ് ബില്ലിനൊപ്പം നിർമാതാവിലേക്ക് വരെ പരിശോധന നീളും.
ഗുണനിലവാരമില്ലാത്തവ കണ്ടെത്താൻ സാമ്പിൾ പരിശോധനയുമുണ്ട്. ഡിസ്കൗണ്ട് വിൽപനശാലകൾ കേന്ദ്രീകരിച്ചാണ് പരിശോധന. ഡിസ്കൗണ്ട് ബോർഡ് പ്രദർശിപ്പിക്കുന്ന മരുന്ന് വിൽപനശാലകളോട് വിലക്കിഴിവുള്ള മരുന്നുകളുടെ പട്ടിക പ്രത്യേകം സൂക്ഷിക്കാനും നിർദേശിച്ചിട്ടുണ്ടെന്ന് ഡോ. സുജിത്കുമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.