വാഷിങ്ടൺ: കോവിഡ് മഹാമാരി സമയത്ത് കമ്പ്യൂട്ടറുകളിലെയും മൊബൈലിലും കൂടുതൽ സമയം ചെലവഴിക്കുന്നത് വിഷാദം വർധിപ്പിക്കുമെന്ന് പഠനം. സ്ക്രീൻ സമയവും കോവിഡ് സംബന്ധിയായ ആശങ്കയും തമ്മിൽ ബന്ധമുണ്ടെന്ന് സെന്‍റ് ജെയിംസ് സ്കൂൾ ഓഫ് മെഡിസിനിലെ ഗവേഷകർ നടത്തിയ പഠനത്തിൽ പറയുന്നു.
മഹാമാരിക്ക് ശേഷം കൂടുതൽ സമയം കമ്പ്യൂട്ടറുകളിലും ടെലിവിഷനിലും വിനോദ പരിപാടികൾക്കായി സമയം കണ്ടെത്തുകയാണ് ഭൂരിഭാഗം ചെറുപ്പക്കാരും. എന്നാൽ, ഇൗ വിനോദോപാധി വിഷാദം വർധിപ്പിക്കാൻ ഇടയാക്കുമെന്നാണ് പുതിയ കണ്ടെത്തൽ. മഹാമാരി സൃഷ്ടിച്ച ആശങ്കകളും മറ്റുള്ളവയും ഇതിന് കാരണമാകും. ഇവ വിദ്യാർഥികൾക്കിടയിലാണ് കൂടുതലെന്നും ലോക മൈക്രോബ് ഫോറം യോഗത്തിൽ അവതരിപ്പിച്ച പഠനത്തിൽ ചൂണ്ടിക്കാണിക്കുന്നു.
മഹാമാരിക്ക് മുമ്പ് നടത്തിയ പഠനത്തിൽ സ്ക്രീൻ സമയവും വിഷാദവും തമ്മിൽ യാതൊരു ബന്ധവുമില്ലെന്നായിരുന്നു കണ്ടെത്തലുകൾ. എന്നാൽ, മഹാമാരി പടർന്നുപിടിച്ചതോടെ മറ്റു വിനോദോപാധികൾ മാറ്റിവെച്ച് കൂടുതൽ സമയം സ്ക്രീനിലേക്ക് മാറിയതോടെ ഫലങ്ങൾ മാറിമറിയുകയായിരുന്നു.
'മഹാമാരി ശാരീരിക ആരോഗ്യത്തെ മാത്രമല്ല, മാനസിക -വൈകാരിക ആരോഗ്യത്തെയും ബാധിക്കുമെന്ന് ചൂണ്ടിക്കാണിക്കുകയാണ് ഈ പഠനം. ചിലരെ ഇവ വളരെയധികം സ്വാധീനിക്കുന്നു' -പഠനം അവതരിപ്പിച്ച ഗവേഷക മിഷേല വിസിയാക്ക് പറയുന്നു. വിനാശകരമായ സമയങ്ങളിൽ മാനസിക പിന്തുണ ആവശ്യമാണെന്ന് ഈ പഠനം ചൂണ്ടിക്കാണിക്കുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.
പഠനത്തിന് വിധേയമായവരിൽ 70 ശതമാനംപേരും വിഷാദത്തിന്‍റെ ലക്ഷണങ്ങൾ കാണിച്ചിരുന്നു. എന്നാൽ വിഷാദത്തിന്‍റെ ഏറ്റക്കുറച്ചിലുകൾ ഇവരിൽ ഉണ്ടായിരുന്നു. ചിലർക്ക് മിതമായതായിരുന്നുവെങ്കിൽ മറ്റു ചിലർ കഠിനമായ വിഷാദത്തിന് അടിമയായിരുന്നു. 18നും 28നും ഇടയിൽ പ്രായമുള്ള 294 പേരിൽ നടത്തിയ പഠനത്തിൽ 30 ശതമാനം പേർ കഠിനമായ വിഷാദം അനുഭവിക്കുന്നുവെന്നും അവർ പറയുന്നു.
സ്ക്രീൻ സമയവും ലിംഗവ്യത്യാസവും തമ്മിൽ യാതൊരു ബന്ധവുമില്ല. എന്നാൽ, ലിംഗം, പ്രായം തുടങ്ങിയവ പരിഗണിക്കുേമ്പാൾ വിഷാദം, ആശങ്ക എന്നിവയുടെ അളവിൽ വ്യത്യാസമുണ്ടായിരിക്കും.
മഹാമാരി സമയത്ത് ജോലിയും പഠനവും ഓൺലൈനിലേക്ക് മാറി. ഈ പരിവർത്തനത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ തേടാനായിരുന്നു ഞങ്ങളുടെ പഠനം. ഇത്തരം പ്രതിസന്ധിഘട്ടങ്ങളിൽ ആളുകളുടെ മാനസികാരോഗ്യത്തിന് പ്രധാന്യം നൽകേണ്ടതിന്‍റെ പ്രധാന്യം ഇവിടെ ചൂണ്ടിക്കാണിക്കുകയാണെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.