എംപോക്സ്: പ്രതിരോധത്തിൽ ഉപേക്ഷയരുത്

വാനര വസൂരിയുടെ (എംപോക്സ്) പുതിയ വകഭേദം കോംഗോയിൽ (ഡി.ആർ.സി) സ്ഥിരീകരിക്കുകയും ആഫ്രിക്കയിലെ മറ്റു രാജ്യങ്ങളിലേക്ക് തീവ്രവ്യാപനം നടക്കുകയും ചെയ്ത പശ്ചാത്തലത്തിൽ ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ് ലോകാരോഗ്യ സംഘടന (W.H.O). രോഗവ്യാപനം തടഞ്ഞ്​ ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ അന്തർദേശീയ തലത്തിലെ ഏകോപിതമായ പ്രതിരോധ പ്രവർത്തനങ്ങൾക്ക്​ ഡബ്ല്യു.എച്ച്​.ഒ ഡയറക്​ടർ ജനറൽ ഡോ. ടെഡ്രോസ്​ അദാനോം ഗബ്രിയേസസ്​ ആഹ്വാനം ചെയ്​തിരുന്നു.

രണ്ടുവർഷം മുമ്പും എംപോക്സ് വ്യാപനത്തെത്തുടർന്ന് ലോകത്ത് ഇതേ നിയന്ത്രണങ്ങളുണ്ടായിരുന്നു. കോംഗോയിൽ ഇക്കുറി രോഗബാധിതരുടെ എണ്ണം പതിനേഴായിരവും മരണസംഖ്യ അഞ്ഞൂറും കവിഞ്ഞതായാണ് ഔദ്യോഗിക കണക്ക്. ഓർത്തോപോക്സ് ജനുസ്സിൽ പെട്ട ഈ വൈറസ് മനുഷ്യരിലും ചില മൃഗങ്ങളിലും പകർച്ചവ്യാധിയുണ്ടാക്കുകയും പലപ്പോഴും മരണകാരണമാവുകയും ചെയ്യുന്നു. തലവേദന, പേശിവേദന, പനി, തൊണ്ടനോവ്, ക്ഷീണം എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങൾ. പിന്നീട് പനി കൂടുകയും, ലിംഫ് ഗ്രന്ധികളിൽ വീക്കം സംഭവിക്കുകയും ചെയ്യുന്നു. ശേഷം, ചിക്കൻപോക്സിന്റേതിന് സമാനമായ രീതിയിൽ ശരീരത്തിൽ കുമിളകൾ രൂപപ്പെടുന്നു.

ആദ്യം നാവ്, വായ പോലുള്ള ഭാഗങ്ങളിൽ ഇവ കാണപ്പെടുകയും, പിന്നീട് മുഖം, ഉള്ളംകൈ-കാലുകൾ, ജനനേന്ദ്രിയം, മലദ്വാരം തുടങ്ങിയ ഭാഗങ്ങളിലും കുമിളകൾ വ്യാപിക്കുകയും ചെയ്യുന്നു. കുമിളകൾ പൊട്ടി മുറിവ് രൂപപ്പെടുന്നത് രോഗിയുടെ ശരീരത്തിൽ ജലാംശത്തിന്റെ അളവ് കുറയാനിടയാക്കുന്നു. മുറിവുകളിലൂടെ അണുക്കൾ ശരീരത്തിൽ പ്രവേശിച്ച് വിവിധ രോഗങ്ങൾ ഉണ്ടാവുന്നത് സങ്കീർണത വർധിപ്പിക്കുന്നു. കുട്ടികൾ, ഗർഭിണികൾ, പ്രായാധിക്യമുള്ളവർ, പ്രതിരോധശേഷിക്കുറവും എച്ച്.ഐ.വി പോലുള്ള ആരോഗ്യ പ്രശ്നങ്ങളും ഉള്ളവർ എന്നിവർക്കിടയിൽ മരണസംഖ്യ കൂടുതലാണ്.

വൈറസ് ബാധയുണ്ടായി അഞ്ചുമുതൽ പതിനൊന്ന് ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടും. പ്രത്യേകം ചികിത്സകളൊന്നും ഇതിനെതിരെ ഇല്ലെന്നതാണ് പ്രധാന പ്രശ്നം. വസൂരിക്ക് ഉപയോഗിക്കുന്ന രണ്ട് വാക്സിനുകൾ എംപോക്സിനെതിരെയും ചില രാജ്യങ്ങളിൽ ഉപയോഗിക്കുന്നു. നിർബന്ധിത ഘട്ടങ്ങളിൽ ചില ആന്റിബയോട്ടിക്കുകൾ ഉപയോഗത്തിലുണ്ടെങ്കിലും, അവയുണ്ടാക്കുന്ന പാർശ്വഫലങ്ങൾ സംബന്ധിച്ച് കൂടുതൽ പഠനങ്ങൾ വേണമെന്ന് ശാസ്ത്രസമൂഹം മുന്നറിയിപ്പ് നൽകുന്നു.

1958ൽ ഡെന്മാർക്കിലെ കോപ്പൻഹേഗനിലെ ലബോറട്ടറി കുരങ്ങുകൾക്കിടയിലാണ് മങ്കിപോക്സ് ആദ്യമായി ഒരു പ്രത്യേക രോഗമായി തിരിച്ചറിഞ്ഞത്. 1970ൽ ഡി.ആർ.സിയിൽ മനുഷ്യരിൽ ആദ്യമായി രോഗം കണ്ടെത്തി. പിന്നീട്, മധ്യ- പശ്ചിമ ആഫ്രിക്കൻ രാജ്യങ്ങളിലും വ്യാപിച്ചു. വനമേഖലയിലോ സമീപത്തോ താമസിക്കുന്ന ആളുകൾക്ക് രോഗബാധിതരായ മൃഗങ്ങളുമായുള്ള സമ്പർക്കമുണ്ടായാൽ രോഗപ്പകർച്ചക്ക് സാധ്യതയുണ്ട്. രോഗബാധിതരുടെ ശ്വാസകോശ സ്രവങ്ങളുമായുള്ള അടുത്ത സമ്പർക്കത്തിലൂടെയാണ് മനുഷ്യരിൽനിന്ന് മനുഷ്യരിലേക്ക് രോഗം പകരുന്നത്​.

മുറിവുകൾ, ശരീര സ്രവങ്ങൾ, ശ്വസന തുള്ളികൾ, കിടക്കപോലുള്ള വസ്തുക്കൾ എന്നിവയുമായുള്ള അടുത്ത സമ്പർക്കം, രോഗം ബാധിച്ചയാളുമായുള്ള ലൈംഗിക ബന്ധം എന്നിവയിലൂടെ വാനര വസൂരി വൈറസ് ഒരാളിൽനിന്ന് മറ്റൊരാളിലേക്ക് പകരാൻ വർധിത സാധ്യതയുണ്ട്. പ്ലാസന്റ വഴി അമ്മയിൽനിന്ന് കുഞ്ഞിലേക്കോ അല്ലെങ്കിൽ ജനന സമയത്തോ അതിനുശേഷമോ കുഞ്ഞുമായുള്ള അടുത്ത സമ്പർക്കത്തിലൂടെയും രോഗസംക്രമണം സംഭവിക്കുന്നതാണ്. 2022ലാണ് എംപോക്സ് ആഫ്രിക്കക്ക് പുറത്തേക്ക് മനുഷ്യരിൽ വ്യാപനം നടന്നതായി കൂടുതൽ റിപ്പോർട്ട് ചെയ്യുന്നത്.

ഇന്ത്യയിൽ ആദ്യമായി എംപോക്സ് ബാധ റിപ്പോർട്ട് ചെയ്യുന്നത് 2022 ജൂലൈ 14ന് കേരളത്തിലാണ്. പിന്നീട്, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി പത്തോളം കേസുകൾ റിപ്പോർട്ട് ചെയ്തു. രാജ്യത്തെ ഗവേഷകരും ആരോഗ്യ പ്രവർത്തകരും ആദ്യത്തിൽ ആശങ്കയോടെ സമീപിച്ചെങ്കിലും, കോവിഡിനെപ്പോലെ കൂടുതൽ വ്യാപനം ഇല്ലാതാക്കുന്നതിൽ വിജയിച്ചു. ഐ.സി.എം.ആർ-നുകീഴിൽ 15 ലാബുകളിലായി ആർ.ടി-പി.സി.ആർ ടെസ്റ്റുകൾ തുടങ്ങിയതും കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ഏകോപനങ്ങളും ഇതിന് സഹായകമായി. ഇക്കുറി ഇന്ത്യയിൽ ഇതുവരെ വാനര വസൂരി റിപ്പോർട്ട്​ ചെയ്യപ്പെട്ടിട്ടില്ല.

എന്നുവെച്ച് നമ്മൾ സമ്പൂർണ സുരക്ഷിതരാണെന്ന്​ പറയാനാവില്ല. രോഗം ആദ്യഘട്ടത്തിൽ വലിയ രീതിയിലെ ലക്ഷണങ്ങളൊന്നും കാണിക്കാത്തതിനാൽ ഇതിനെ നിസ്സാരവത്കരിക്കുന്നത് അപകടം സൃഷ്ടിക്കും. കഴിഞ്ഞ ദിവസങ്ങളിൽ തൊട്ടയൽരാജ്യമായ പാകിസ്താനിലും ഇന്ത്യൻ യാത്രികരുടെ വലിയ സാന്നിധ്യമുള്ള സ്വീഡനിലും വൈറസ് വ്യാപനം സ്ഥിരീകരിച്ചിട്ടുണ്ട്. 2022ലെ വൈറസ് വകഭേദത്തേക്കാൾ അപകടകാരിയാണ് ഇത്തവണത്തേത്.

അതിനാൽ ആഫ്രിക്കയിലേക്കും മറ്റും യാത്ര ചെയ്യുന്നവർ, അത്തരം രാജ്യങ്ങളിലെ ആളുകളുമായി സമ്പർക്കത്തിലായി നാട്ടിലേക്ക് വരുന്നവർ, ദന്ത ഡോക്ടർമാർ, ടെസ്റ്റിങ് ലാബുകളിലും സലൂണുകളിലും ടാറ്റൂ പാർലറുകളിലും പ്രവർത്തിക്കുന്നവർ, വിമാനത്താവള ജീവനക്കാർ മുതൽ എല്ലാ വിഭാഗം ആളുകളും എംപോക്സിനെ ഗൗരവത്തിൽ കാണേണ്ടതുണ്ട്. അന്താരാഷ്ട്ര തലത്തിൽ യാത്രചെയ്യുന്നവർ വേണ്ട മുൻകരുതലുകൾ എടുക്കുകയും, യാത്രക്കുശേഷം കുറച്ച് ദിവസങ്ങൾ സ്വന്തം ആരോഗ്യം നിരീക്ഷിക്കുകയും ആവശ്യമെന്ന് കണ്ടാലുടൻ വൈദ്യസഹായം തേടുകയുംവേണം. തീർച്ചയായും, ഏതൊരു രോഗവും ചെറുക്കാൻ ചികിത്സയേക്കാൾ മികച്ചത് പ്രതിരോധം തന്നെയാണ്.

(ലേഖകൻ തിരുച്ചിറപ്പള്ളി ജെ.വി.ആർ.സിയിൽ ശാസ്ത്രജ്ഞനാണ്)

Tags:    
News Summary - Empox: Don't skimp on prevention

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.