പാലക്കാട്: ജില്ലയിൽ പകർച്ചവ്യാധികൾ ഒഴിയുന്നില്ല. വേനൽക്കാലത്തിന് സമാനമായ ചൂടും ഒന്നിടവിട്ട ദിവസങ്ങളിൽ പെയ്യുന്ന മഴയും രോഗവ്യാപനത്തിന് ആക്കം കൂട്ടുന്നു. ആഗസ്റ്റ് 16 വരെ 13,676 പേർ പനി ബാധിച്ച് വിവിധ ആശുപത്രികളിൽ ചികിത്സ തേടി. 304 പേർ കിടത്തി ചികിത്സ നടത്തി. ഡെങ്കിപ്പനി ലക്ഷണങ്ങളോടെ ചികിത്സ തേടിയ 291 പേരിൽ 44 പേർക്ക് രോഗം സ്ഥിരീകരിച്ചു. 14 പേർക്ക് എലിപ്പനിയും സ്ഥിരീകരിച്ചു.
രണ്ടുപേർ എലിപ്പനിമൂലം മരിച്ചു. ഇത്രയും ദിവസത്തിനിടെ 142 പേരാണ് ചിക്കൻപോക്സിന് ചികിത്സ തേടിയത്. 40 പേർക്ക് ഹെപ്പറ്റൈറ്റിസ് എ, 24 പേർക്ക് എച്ച്-1 എൻ-1, രണ്ട് പേർക്ക് ചെള്ളുപനി എന്നിങ്ങനെയും സ്ഥിരീകരിച്ചു. 2689 പേർ വയറിളക്കം ബാധിച്ച് ചികിത്സ തേടിയപ്പോൾ നാലു പേർക്ക് മലേറിയ സ്ഥിരീകരിച്ചു.
ഡെങ്കിപ്പനി, ഹെപ്പറ്റൈറ്റിസ് എ, എച്ച്-1 എൻ-1 രോഗബാധിതരുടെ എണ്ണം വർധിക്കുന്നത് ആശങ്കക്ക് ഇടയാക്കുന്നുണ്ട്. ജില്ലയിൽ നിലവിൽ മഴ ഇല്ലെങ്കിലും പകർച്ചവ്യാധികൾക്കെതിരെ ജാഗ്രത വേണമെന്നാണ് ഇത് സൂചിപ്പിക്കുന്നത്. സംസ്ഥാനത്ത് ആഗസ്റ്റിൽ ഇതുവരെ 1682 പേർക്കാണ് ഡെങ്കി സ്ഥിരീകരിച്ചത്. ഒരു മരണം റിപ്പോർട്ട് ചെയ്തു.
263 പേർക്കാണ് എലിപ്പനി സ്ഥിരീകരിച്ചത്. 17 പേർ മരിച്ചു. ഹെപ്പറ്റൈറ്റിസ്-എ മൂലം അഞ്ചു പേർ മരിച്ചപ്പോൾ എച്ച്-1 എൻ-1 ബാധിച്ച് ഒൻപത് പേരുടെ ജീവനാണ് പൊലിഞ്ഞത്. സംസ്ഥാനത്ത് ആശങ്കയായി ചെള്ളുപനിയും പടരുന്നുണ്ട്. 61 പേരാണ് ഇതുവരെ ചികിത്സ തേടിയത്. ഇതിനുപുറമേ 3138 പേർക്ക് മുണ്ടിനീരും സ്ഥിരീകരിച്ചു. 1,62,642 പേർക്കാണ് സംസ്ഥാനത്ത് ഇക്കാലയളവിൽ സാധാരണ പനി ബാധിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.