ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 201 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 98.8 ശതമാനമാണ് ഇന്ത്യയിലെ രോഗമുക്തി നിരക്ക്. 220.04 കോടി ഡോസ് വാക്സിനാണ് ഇതുവരെ വിതരണം ചെയ്യുന്നത്.
ബി.എഫ്.7 വേരിയന്റ് സംബന്ധിച്ച് ആശങ്കക്കിടെയാണ് രാജ്യത്തെ കോവിഡ് സംബന്ധിച്ച പുതിയ കണക്കുകൾ പുറത്ത് വരുന്നത്. അതേസമയം, വിമാനത്താവളങ്ങളിൽ രണ്ട് ശതമാനം യാത്രക്കാരെ റാൻഡം ടെസ്റ്റിന് ഇന്നു മുതൽ തുടക്കമാകും. കോവിഡ് സാഹചര്യം നേരിടാൻ എല്ലാ നടപടികളും സ്വീകരിക്കാൻ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കും കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദേശം നൽകിയിരുന്നു. പുതുവർഷ, ക്രിസ്മസ് ആഘോഷങ്ങൾ കണക്കിലെടുത്താണ് വേണ്ട നടപടികൾ കൈക്കൊള്ളാൻ ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങൾക്ക് പുതുക്കിയ കോവിഡ് മാർഗനിർദേശങ്ങൾ നൽകിയിരിക്കുന്നത്.
മാസ്ക് ധരിക്കുന്നത് ഉറപ്പാക്കുക, ആൾകൂട്ടങ്ങൾ നിയന്ത്രിക്കുക, സാമൂഹിക അകലം പാലിക്കുക, പനി, ശ്വാസതടസം തുടങ്ങിയ ലക്ഷണങ്ങളുള്ള രോഗികളെ നിരീക്ഷിക്കുക, പരിശോധന വേഗത്തിലാക്കുക തുടങ്ങിയവ മാർഗ നിർദേശങ്ങളിൽ ഉൾപ്പെടുന്നു. ബൂസ്റ്റർ ഡോസ് നൽകുന്നത് വർധിപ്പിക്കണമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
എന്നാൽ രാജ്യത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജാഗ്രത കൈവിടരുതെന്നും ആരോഗ്യമന്ത്രിമാരുടെ കോവിഡ് അവലോകനത്തിനുശേഷം കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ ട്വീറ്റ് ചെയ്തു. കോവിഡിനെ പ്രതിരോധിക്കാൻ കേന്ദ്രസർക്കാർ എല്ലാ പിന്തുണയും നൽകുമെന്നും അദ്ദേഹം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.