ജിദ്ദ: മരുന്നുകളുടെയും മെഡിക്കൽ ഉപകരണങ്ങളുടെയും ഗുണനിലവാരവും സുരക്ഷയും ഉയർത്താൻ ഇന്ത്യയും സൗദി അറേബ്യയും ധാരണയിലെത്തി. സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി സി.ഇ.ഒ പ്രഫസർ ഡോ. ഹിഷാം ബിൻ സഅദ് അൽ ജദാഇയും സെൻട്രൽ ഡ്രഗ് കൺട്രോൾ ഓർഗനൈസേഷൻ ഡയറക്ടർ ജനറൽ രാജീവ് രഘുവംശിയും തമ്മിൽ നടന്ന കൂടിക്കാഴ്ചയിലാണ് ധാരണയായത്.
ന്യൂഡൽഹിയിലെ ഓർഗനൈസേഷൻ ആസ്ഥാനത്ത് നടന്ന കൂടിക്കാഴ്ചയിൽ ഈ വിഷയത്തിലുള്ള ഉഭയകക്ഷി സഹകരണത്തിെൻറ എല്ലാ വശങ്ങളും ചർച്ച ചെയ്തു. നല്ല മരുന്നിെൻറ നിർമാണരീതികൾ, ഫാർമസ്യൂട്ടിക്കൽ മേഖലയിലെ നിരീക്ഷണം, മരുന്ന് മേഖലയിലെ നിയമനിർമാണം എന്നിവയിലെ അനുഭവങ്ങളുടെ കൈമാറ്റവും ചർച്ച ചെയ്തു.
ഒപ്പുവെച്ച ധാരണപത്രത്തിെൻറ അടിസ്ഥാനത്തിൽ ഇരുവിഭാഗങ്ങളും തമ്മിലുള്ള സംയുക്ത സഹകരണത്തിെൻറയും അതോറിറ്റി നൽകുന്ന സംരംഭകത്വ പാക്കേജിലൂടെയും സൗദി വിപണിയിൽ പ്രവേശിക്കുന്ന ഫാർമസ്യൂട്ടിക്കൽ കമ്പനികളെ പിന്തുണക്കേണ്ടതിെൻറയും പ്രാധാന്യം അൽജദാഇ പറഞ്ഞു. കൂടാതെ ഇന്ത്യയിലെ ഫാർമസ്യൂട്ടിക്കൽ, ഫുഡ്, മെഡിക്കൽ ഉപകരണ കമ്പനികളുമായും അൽജദാഇ കൂടിക്കാഴ്ച നടത്തി.
ഇന്ത്യയിലെ സൗദി അംബാസഡർ സാലിഹ് ബിൻ ഈദ് അൽ ഹുസൈനിയുടെ സാന്നിധ്യത്തിലാണ് ചർച്ച നടത്തിയത്. സൗദി വിപണിയിൽ പ്രവേശിക്കുന്നതിനോ ഉൽപന്നങ്ങൾ വർധിപ്പിക്കുന്നതിനോ അവക്ക് ഉചിതമായ പരിഹാരം കണ്ടെത്തുന്നതിനോ ഫാർമസ്യൂട്ടിക്കൽ ഫാക്ടറികൾ നേരിടുന്ന വെല്ലുവിളികളെ കുറിച്ച് സി.ഇ.ഒ വിവിധ മെഡിക്കൽ കമ്പനി പ്രതിനിധികളുമായി ചർച്ച ചെയ്തു.
ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷെൻറ മേൽനോട്ടത്തിലുള്ള മേഖലകളിലെ നിക്ഷേപത്തെ പിന്തുണക്കുന്നതിനും അതോറിറ്റിയുടെ നിയന്ത്രണങ്ങൾക്കും ആവശ്യകതകൾക്കും അനുസൃതമായി അവയുടെ ഗുണനിലവാരവും സുരക്ഷയും നിലനിർത്തിക്കൊണ്ട് ഉൽപന്നങ്ങളുടെ വൈവിധ്യവത്കരണവും ലഭ്യതയും വർധിപ്പിക്കുന്നതിന് സംഭാവന നൽകുക ലക്ഷ്യമിട്ടാണിത്.
ബയോടെക്നോളജിയിൽ പുത്തൻ സാങ്കേതിക വിദ്യകൾ വികസിപ്പിക്കുന്നതിനുള്ള അവസരങ്ങൾക്ക് പുറമെ ഉൽപാദനവുമായി ബന്ധപ്പെട്ട ഗവേഷണ പഠനങ്ങൾ നടത്തുന്നതിനുള്ള സഹകരണത്തിനുള്ള അവസരങ്ങളും അൽജദാഇ ചർച്ച ചെയ്തതിലുൾപ്പെടും.
ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ എക്സ്പോർട്ട് പ്രമോഷൻ കൗൺസിൽ, ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ അലയൻസ്, ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ എക്സ്പോർട്ടേഴ്സ് അസോസിയേഷൻ, ഫുഡ് ആൻഡ് പ്രോസസ്ഡ് പ്രോഡക്ട്സ് എക്സ്പോർട്ട് ഡെവലപ്മെൻറ് അതോറിറ്റി ഓഫ് ഇന്ത്യ എന്നീ കമ്പനികൾ കൂടിക്കാഴ്ചയിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.