കൊച്ചി: ഗുരുതര കരൾ രോഗം ബാധിച്ച പിതാവിന് കരൾ പകുത്തുനൽകാൻ ഹൈകോടതിയുടെ പ്രത്യേക അനുമതി തേടി പതിനേഴുകാരിയുടെ ഹരജി. അവയവ കൈമാറ്റ നിയന്ത്രണ നിയമപ്രകാരം പ്രായപൂർത്തിയാകാതെ അവയവദാനം സാധ്യമല്ലാത്ത സാഹചര്യത്തിലാണ് തൃശൂർ കോലഴി സ്വദേശിയായ പെൺകുട്ടി കോടതിയെ സമീപിച്ചത്.
കരൾ കിട്ടാൻ അനുയോജ്യനായ ദാതാവിനായി ഒട്ടേറെ ശ്രമം നടത്തിയെങ്കിലും ലഭ്യമായില്ലെന്ന് ഹരജിയിൽ പറയുന്നു. ഇനിയും കാത്തിരുന്നാൽ പിതാവിന്റെ ജീവൻ അപകടത്തിലാകുന്ന അവസ്ഥയാണ്. തന്റെ കരൾ അനുയോജ്യമാണെന്ന് സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ ബോധ്യമായെങ്കിലും മനുഷ്യാവയവങ്ങൾ മാറ്റിവെക്കുന്നതുമായി ബന്ധപ്പെട്ട 1994ലെ നിയമത്തിലെ വകുപ്പ് പ്രകാരം പ്രായപൂർത്തിയായിട്ടില്ലാത്തത് അവയവദാനത്തിന് തടസ്സമാണ്. അതിനാൽ, പ്രത്യേക സാഹചര്യം പരിഗണിച്ച് അനുമതി നൽകണമെന്നാണ് ആവശ്യം.ഇക്കാര്യത്തിൽ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ തീരുമാനം വേണമെന്നായിരുന്നു സർക്കാർ വാദം. ജീവിച്ചിരിക്കുന്ന പ്രായപൂർത്തിയാകാത്തവരുടെ അവയവങ്ങൾ നീക്കരുതെന്നാണ് നിയമം. എങ്കിലും ആവശ്യം ന്യായമെന്ന ബോധ്യത്തിന്റെയും പ്രത്യേക അധികാരമുള്ള അതോറിറ്റിയുടെ മുൻകൂർ അനുമതിയുടെയും അടിസ്ഥാനത്തിൽ ഇവർക്കും പ്രത്യേക അനുമതി നൽകുന്ന വിധം വ്യവസ്ഥയിൽ ഇളവ് അനുവദിക്കുന്നുണ്ട്. ഈ വ്യവസ്ഥ പ്രകാരം അനുമതി തേടി മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്കും സർക്കാറിനും അപേക്ഷ നൽകിയതായി ഹരജിക്കാരിയുടെ അഭിഭാഷകൻ അറിയിച്ചു.
ഇക്കാര്യത്തിൽ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ തന്നെയാണ് തീരുമാനമെടുക്കേണ്ടതെന്ന് വിലയിരുത്തിയ കോടതി, മാതാവിന്റെയോ മറ്റേതെങ്കിലും കുടുംബാംഗത്തിന്റെയോ കൂടെ ഹരജിക്കാരി ഡയറക്ടറുടെ ഓഫിസിലെത്തി ഇടക്കാല ഉത്തരവിന്റെ പകർപ്പ് നൽകാൻ നിർദേശിച്ചു. തുടർന്ന് മൂന്ന് ദിവസത്തിനകം മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഇതിൽ തീരുമാനമെടുക്കാനും നിർദേശിച്ചു. തുടർന്ന് ഹരജി വീണ്ടും നവംബർ 30ന് പരിഗണിക്കാൻ മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.