മലപ്പുറം: നിപ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട 11 പേരുടെ സ്രവ സാമ്പിൾ പരിശോധിച്ചതിൽ അഞ്ചുപേരുടെ ഫലം നെഗറ്റിവാണെന്ന് ജില്ല മെഡിക്കൽ ഓഫിസർ ഡോ. ആർ. രേണുക അറിയിച്ചു. ഇതോടെ ജില്ലയിൽ നിപ സമ്പർക്കത്തിൽ ഉൾപ്പെട്ട 11 പേരുടെ സ്രവ സാമ്പിളുകൾ നെഗറ്റിവായി.
പുതുതായി ജില്ലയിൽ നിന്നുള്ള ആരും സമ്പർക്ക പട്ടികയിൽ ഇല്ല. നിപ പ്രതിരോധ പ്രവർത്തന ഭാഗമായി സബ് കലക്ടർ ശ്രീധന്യ സുരേഷിന്റെ നേതൃത്വത്തിൽ ജില്ലതല വകുപ്പ് മേധാവികളുടെ അവലോകന യോഗം ചേർന്നു. പ്രതിരോധ നടപടികൾ യോഗം ചർച്ച ചെയ്തു. പുതുതായി ആരും സമ്പർക്ക പട്ടികയിൽ ഇല്ലെങ്കിലും ജില്ലയിലെ നിരീക്ഷണ പ്രവർത്തനം സമഗ്രമായി തന്നെ നടക്കുന്നതായി വിലയിരുത്തി.
സമ്പർക്ക പട്ടികയിലുള്ള എല്ലാവരെയും അവരുടെ പ്രദേശങ്ങളിലെ ആരോഗ്യ പ്രവർത്തകർ ദിവസവും രണ്ട് തവണ ഫോൺ മുഖേന വിവരങ്ങൾ അന്വേഷിക്കുകയും ആരോഗ്യനില നിരീക്ഷിക്കുകയും ചെയ്യുന്നുണ്ട്. കൂടാതെ ജില്ലതല നിപ കൺട്രോൾ സെൽ വഴിയും നിരീക്ഷണം നടക്കുന്നുണ്ട്.
നിരീക്ഷണത്തിൽ ഇരിക്കുന്നവർക്ക് ഏതെങ്കിലും തരത്തിലുള്ള ലക്ഷണങ്ങൾ ഉണ്ടായാൽ ജില്ല നിപ കൺട്രോൾ സെല്ലിലെ 0483 273 4066 എന്ന നമ്പറിൽ ബന്ധപ്പെടാം. നിരീക്ഷണത്തിൽ ഇരിക്കുന്നവർക്ക് കൗൺസലിങ് സഹായത്തിനായി 7593843625 നമ്പറിലും ബന്ധപ്പെടാം. സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട ആർക്കും നിലവിൽ രോഗലക്ഷണങ്ങൾ ഇല്ലെങ്കിലും അവരവരുടെ വീട്ടിൽ തന്നെ സ്വയം നിരീക്ഷണത്തിൽ ഇരിക്കാൻ ആരോഗ്യവകുപ്പ് നിർദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.