ലോകത്തെ ആകെ പിടിച്ചു കുലുക്കിയ മഹാമാരിയായിരുന്നു കോവിഡ്. കോവിഡ് മൂലം രണ്ടു വർഷം ജനങ്ങൾ അക്ഷരാർഥത്തിൽ വീടിനുള്ളിൽ തളച്ചിടപ്പെട്ടു. നിരവധി പേർ മരണത്തിനിടയായി. ഇപ്പോഴും അതിന്റെ അലയൊലികൾ അവസാനിച്ചിട്ടില്ല.
കോവിഡിന്റെ ഉത്ഭവം സംബന്ധിച്ചും രൂക്ഷമായ വാദപ്രതിവാദങ്ങളും ചർച്ചകളും നടക്കുന്നുണ്ട്. വവ്വാലിൽ നിന്നാകാം കോവിഡ് മനുഷ്യരിലേക്ക് പകർന്നതെന്നാണ് ഇതുവരെ വിദഗ്ധർ മുന്നോട്ടു വെച്ച നിഗമനം. എന്നാൽ, രോഗം പടർത്തിയ ജീവി വവ്വാലല്ലെന്നും റാക്കൂൺ നായ്ക്കളാകാനാണ് സാധ്യതയെന്നുമാണ് ഗവേഷകരുടെ പുതിയ കണ്ടെത്തൽ.
ചൈനയിലെ വുഹാനിലെ സീഫുഡ് മാർക്കറ്റിൽ റാക്കൂൺ നായ്ക്കളുടെ മാംസം അനധികൃതമായി വിൽപ്പന നടത്തിയിരുന്നു. ഇവയിൽ നിന്നാകാം മനുഷ്യരിലേക്ക് രോഗം പടർന്നതെന്നാണ് നിഗമനം.
സീഫുഡ് മൊത്തക്കച്ചവട സ്ഥാപനമായ ഹുനാനിലെ നിലം, ചുമർ, മൃഗങ്ങളെ സൂക്ഷിച്ച കൂടുകൾ എന്നിവിടങ്ങളിൽ നിന്നെല്ലാമെടുത്ത സ്രവ സാമ്പിളുകളിൽ നിന്ന് ലഭിച്ച ജനിതക വിവരങ്ങൾ പ്രകാരം രോഗം ബാധിച്ചവ റാക്കൂൺ നായ്ക്കളായിരുന്നു എന്നതാണ്. ഇത് കൊണ്ടു മാത്രം റാക്കൂൺ നായ്ക്കൾ രോഗം മനുഷ്യരിലേക്ക് പടർത്തിയെന്ന് തെളിയിക്കാനാകില്ല. എന്നാൽ ഇത്തരം വന്യ മൃഗങ്ങളിൽ നിന്നാണ് രോഗം വ്യാപിച്ചതെന്ന് ഗവേഷകർ പറയുന്നു.
മാർക്കറ്റിലുണ്ടായിരുന്ന മൃഗങ്ങൾ രോഗബാധിതരായിരുന്നു എന്നതിന്റെ ശക്തമായ സൂചനയാണിത്. മറ്റൊരു വിശദീകരണവും അതിന് നൽകാനില്ലെന്ന് വൈറോളജിസ്റ്റായ ആൻഞ്ചെല റാസ്മുസെൻ ന്യൂയോർക്ക് ടൈംസിനോട് പറഞ്ഞു. ക്രിസ്റ്റ്യൻ ആൻഡേഴ്സൺ, മൈക്കൽ വോറോബി, എഡ്വേർഡ് ഹോംസ് എന്നീ മൂന്ന് ഗവേഷകരാണ് ഗവേഷണത്തിന് നേതൃത്വം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.