ന്യൂഡൽഹി: തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ ഒരാഴ്ചക്കകം പിൻവലിക്കണമെന്ന് സെൻസൊഡൈൻ ടൂത്ത്പേസ്റ്റ് കമ്പനിയോട് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (സി.സി.പി.എ) നിർദേശിച്ചു. പരസ്യത്തിലെ തെറ്റായ അവകാശവാദങ്ങൾക്ക് കമ്പനിക്ക് 10 ലക്ഷം പിഴയിടുകയും ചെയ്തു.
'ലോകമെങ്ങും ദന്തരോഗ വിദഗ്ധർ ശിപാർശ ചെയ്യുന്നത്', 'പല്ല് പുളിപ്പിനുള്ള ലോകത്തെ ഒന്നാം നമ്പർ ടൂത്ത് പേസ്റ്റ്' എന്നീ തെറ്റായ അവകാശവാദങ്ങൾ ഉന്നയിക്കുന്ന പരസ്യങ്ങളാണ് പിൻവലിക്കാൻ നിർദേശിച്ചത്. പല്ല് പുളിപ്പിന് പരിഹാരം കാണാൻ സെൻസൊഡൈൻ ഉപയോഗിക്കണമെന്ന് വിദേശ ദന്തരോഗ വിദഗ്ധരെക്കൊണ്ട് പറയിപ്പിക്കുന്ന പരസ്യങ്ങളും നീക്കം ചെയ്യണമെന്ന് ചൊവ്വാഴ്ച പുറത്തിറങ്ങിയ ഉത്തരവിലുണ്ട്.
ടെലിവിഷൻ, യൂട്യൂബ്, ഫേസ്ബുക്ക്, ട്വിറ്റർ തുടങ്ങിയ മാധ്യമങ്ങളിൽ വന്ന പരസ്യങ്ങൾക്കെതിരെ സ്വമേധയായാണ് സി.സി.പി.എ നടപടി സ്വീകരിച്ചത്. യു.കെയിലെ ദന്തരോഗ വിദഗ്ധർ പ്രത്യക്ഷപ്പെടുന്ന സെൻസൊഡൈൻ റാപ്പിഡ് റിലീഫ്, സെൻസൊഡൈൻ ഫ്രഷ് ജെൽ എന്നീ ടൂത്ത്പേസ്റ്റുകളുടെ പരസ്യവും ക്ലിനിക്കൽ പരീക്ഷണങ്ങളിൽ തെളിയിക്കപ്പെട്ടത്, 60 സെക്കൻഡിനകം പ്രവർത്തിക്കും എന്നീ അവകാശവാദങ്ങളടങ്ങിയ പരസ്യങ്ങളും നീക്കം ചെയ്യാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
'ലോകമാകെ ദന്തരോഗ വിദഗ്ധർ ശിപാർശ ചെയ്യുന്നത്' എന്നാണ് പരസ്യവാചകമെങ്കിലും ഇതിന് തെളിവ് ഹാജരാക്കാൻ കമ്പനിക്ക് കഴിഞ്ഞില്ല. സി.സി.പി.എ വിശദീകരണം തേടിയതിനെ തുടർന്ന് കമ്പനി സമർപ്പിച്ച രേഖകളിൽ ഇന്ത്യയിൽ മാത്രമാണ് സെൻസൊഡൈൻ ഉൽപന്ന സർവേ നടത്തിയതായി വ്യക്തമാക്കിയിരിക്കുന്നത്. സെൻസൊഡൈൻ ഉൽപന്നങ്ങൾ ലോകമാകെ ഉപയോഗിക്കുന്നുണ്ടെന്ന് തെളിയിക്കാനും കമ്പനിക്ക് സാധിച്ചിട്ടില്ലെന്ന് സി.സി.പി.എ മേധാവി നിധി ഖരെ പറഞ്ഞു.
'ക്ലിനിക്കൽ പരീക്ഷണങ്ങളിൽ തെളിയിക്കപ്പെട്ടത്', '60 സെക്കൻഡിനകം ഫലം' എന്നീ അവകാശവാദങ്ങളിൽ കഴമ്പുണ്ടോ എന്നറിയാൻ ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യക്ക് കത്തയച്ചിട്ടുണ്ടെന്നും അതിൽ പരിശോധന നടന്നു വരുകയാണെന്നും സി.സി.പി.എ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.