'നിലമ്പൂരിലെ നരക വാർഡായ പ്രസവ വാർഡ്' :ശോച്യാവസ്ഥ പരിഹരിക്കുമെന്ന് മന്ത്രി

ചുങ്കത്തറ: നിലമ്പൂരിലെ പ്രസവ വാർഡിലെ ശോച്യാവസ്ഥ പരിഹരിക്കുമെന്ന് മന്ത്രി വീണ ജോർജ്. നിലമ്പൂരിലെ സര്‍ക്കാര്‍ ആശുപത്രിയിലെ പ്രസവ വാര്‍ഡിലെ ശോചനീയാവസ്ഥ സംബന്ധിച്ച സാമൂഹ്യമാധ്യമങ്ങളിലെ പ്രതികരണത്തിന്  ആരോഗ്യമന്ത്രി മറുപടി നൽകി.

സിന്ധു സൂരജ് എന്ന ചുങ്കത്തറ സ്വദേശിയാണ് നിലമ്പൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലെ പ്രസവവാര്‍ഡിലെ ശോചനീയാവസ്ഥയേക്കുറിച്ച് സമൂഹമാധ്യമങ്ങളില്‍ തുറന്നെഴുതിയത്. പ്രസവ വാര്‍ഡ് അല്ല നരക വാര്‍ഡ് എന്ന് വിളിക്കാനാണ് പറ്റുക എന്നാണ് പ്രസവ വാര്‍ഡിനെ അനുഭവത്തെ സിന്ധു രേഖപ്പെടുത്തിയത്.

നിലമ്പൂര്‍ ആശുപത്രി സന്ദര്‍ശിച്ചപ്പോള്‍ ഈ പ്രശ്‌നം ശ്രദ്ധയില്‍പ്പെട്ടിരുന്നുവെന്നും ഡി.എം.ഒ, ഡി.പി.എം എന്നിവരുമായി സംസാരിച്ച് പരിഹാരമാർഗങ്ങള്‍ തേടിയിരുന്നുവെന്നാണ് ആരോഗ്യ മന്ത്രിയുടെ മറുപടി. സമൂഹമാധ്യമങ്ങളിലെ ഈ പ്രതികരണത്തിനാണ് ആരോഗ്യമന്ത്രി വീണ ജോര്‍ജ് മറുപടി

ഒരാൾക്കു തന്നെ തിരിഞ്ഞും മറിഞ്ഞും കിടക്കാൻ കഷ്ടപ്പെടുന്ന ബെഡിൽ വലിയ വയറും കൊണ്ട് ഇടത്തോട്ടും വലത്തോട്ടും ചെരിഞ്ഞു കിടക്കുന്നത് രണ്ട് ഗർഭിണികളാണ്. ആകെ ഉള്ളത് പതിനാലു ബെഡ്. അതിൽ രണ്ടെണം സംവരണ ബെഡ്.

ഇന്നലെ മാത്രം വന്നത് 35 അഡ്മിഷൻ, അതിൽ 90 ശതമാനവും പൂർണ ഗർഭിണികളാണ്. വേദന തുടങ്ങിയവരും, ഓപ്പറേഷനുള്ളവരും, വെള്ളം പോയി തുടങ്ങിയതും.... അങ്ങനെ വേദനയുടെ പരകോടി താങ്ങുന്നവർ. നിലത്തുപോലും പാ വിരിച്ചു കിടക്കാൻ ഇടമില്ല.

പ്രസവിക്കാനുള്ളവരും പ്രസവിച്ചു കഴിഞ്ഞവരും ഓപ്പറേഷനുള്ളവരും ഓപ്പറേഷൻ കഴിഞ്ഞവരും ഒക്കെ ഈ കുഞ്ഞു കെട്ടിടത്തിനുള്ളിൽ വയറു കഴുകിയവരും ഓപ്പറേഷൻ കഴിഞ്ഞവർക്കും കക്കൂസിൽ പോവാനുള്ള നരകമാണ് സഹിക്കാനാവാത്തത്. ആകെ കൂടി മൂന്നേ മൂന്നു കക്കൂസ് ആണുള്ളത്. അതിൽ തന്നെ ഒരൊറ്റ യൂറോപ്യൻ ക്ലോസറ്റ് മാത്രം.

ഇത്രയും സ്ത്രീകൾ പ്രസവിക്കാനായുള്ളത് വെറും രണ്ടേ രണ്ടു ടേബിൾ മാത്രമാണ്. ഇന്നലെ രാത്രി സിസ്റ്റർ പറയുന്നതു കേട്ടു ആരും നടന്ന് വേദന ഒന്നും ഉണ്ടാക്കേണ്ട, വേദന വന്നവർ ഒന്നു പ്രസവിച്ചു തീരട്ടെ. ഗതിയില്ലെങ്കിൽ മഞ്ചേരിക്ക് വിടേണ്ടി വരുമെന്ന്. പരിമിതമായ സാഹചര്യത്തിൽ അതീവ ശ്രദ്ധയോടെ ചെയ്യേണ്ട കാര്യങ്ങൾ ഈ തിരക്കിനിടയിൽ എത്തിക്കാൻ പെടാപെടാപെടുന്ന ജീവനക്കാർ നഴ്സുമാരെ ഒക്കെ രണ്ടു കൈ കൊണ്ടു തൊഴണം.

തൊട്ടപ്പുറത്ത് പകുതി പണി കഴിഞ്ഞ ഒരു വലിയ കെട്ടിടം നോക്കുകുത്തി പോലെ നിൽക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി ഭരണപക്ഷത്തിനും, പ്രതിപക്ഷത്തിനും ഒന്നും താത്പര്യമില്ലാതെ അതേ നിൽപ്പു തുടരുന്നുവെന്നും രൂക്ഷ വിര്‍ശനം ഉയര്‍ത്തിയായിരുന്നു യുവതിയുടെ കുറിപ്പ്.

മന്ത്രി പറയുന്നത് പ്രകാരം എട്ട് വര്‍ഷം മുമ്പ് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള ബ്ലോക്കിന് അനുമതി നല്‍കി നിർമാണം ആരംഭിച്ചിരുന്നു. നിർമാണം ഏറ്റെടുത്ത ബി.എസ്.എന്‍.എല്‍ പകുതിയില്‍ നിര്‍ത്തി പോയി. വര്‍ഷങ്ങള്‍ കഴിഞ്ഞതിനാല്‍ നിര്‍മ്മാണ തുകയില്‍ വലിയ വ്യത്യാസം വന്നു.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഒമ്പത് കോടി രൂപ അനുവദിച്ചിരുന്നു. ടെണ്ടര്‍ നടപടികള്‍ ആയിട്ടുണ്ട്. ഈ സാമ്പത്തിക വര്‍ഷം തന്നെ അമ്മയും കുഞ്ഞും ബ്ലോക്ക് യാഥാർഥ്യമാക്കാന്‍ കഴിയും. ഇതിലൂടെ തന്നെ ആശുപത്രികളിലെത്തുന്ന പട്ടിക വർഗക്കാര്‍ ഉള്‍പ്പെടെയുള്ള നിലമ്പൂരുകാര്‍ നേരിടുന്ന വിഷമത്തിന് പരിഹാരം കാണാന്‍ കഴിയുമെന്ന ഉറപ്പാണ് മന്ത്രി നല്‍കുന്നത്.

Tags:    
News Summary - The minister said that the deplorable condition of the hell ward of Nilambur will be resolved

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.