ഫെബ്രുവരി ഒന്നിനും15നും ഇടയിൽ കോവിഡ് മൂന്നാം തരംഗം രൂക്ഷമായേക്കും -പഠനം

ന്യൂഡൽഹി: കോവിഡ് മൂന്നാം തരംഗം ഫെബ്രുവരി ഒന്നിനും 15നും ഇടയിൽ രൂക്ഷമായേക്കാമെന്ന് പഠനം.​ ​കോവിഡ് ആർ വാല്യൂവി​ന്‍റെ അടിസ്ഥാനത്തിലാണ് ഐ.ഐ.ടി മദ്രാസി​ന്‍റെ പഠനം. ഐ​.​ഐ.ടി മ​ദ്രാസി​ന്‍റെ മാത്തമാറ്റിക്സ് വിഭാഗവും സെന്‍റർ ഓഫ് എക്സലൻസ് ​ഫോർ കമ്പ്യൂട്ടേഷനൽ മാത്തമാറ്റിക്സ് ആൻഡ് ഡേറ്റ സയൻസും ചേർന്നാണ് പഠനം നടത്തിയത്.

രോഗബാധിതനായ ഒരു വ്യക്തിക്ക് എത്രപേർക്ക് രോഗം നൽകാൻ കഴിയു​മെന്ന കണക്കാണ് ആർ മൂല്യം. പ്രാഥമിക വിശകലനത്തിൽ രാജ്യത്ത് ആർ മൂല്യം വളരെ ഉയർന്നതാണെന്നും ഫെബ്രുവരി ഒന്നിനും 15നും ഇടയിൽ മൂന്നാം തരംഗം ഏറ്റവും രൂക്ഷമായേക്കുമെന്നും മദ്രാസ് ഐ.ഐ.ടിയിലെ ഗവേഷകർ പറയുന്നു. ആർ വാല്യൂ ഒന്നിന് താഴെയെത്തിയാൽ മാത്രമേ മഹാമാരി അവസാനിച്ചുവെന്ന് കണക്കാക്കാൻ സാധിക്കൂ.

ഡിസംബർ 25 മുതൽ 31വരെ രാജ്യത്ത് 2.9 ആയിരുന്നു ആർ മൂല്യം. എന്നാൽ ജനുവരി ഒന്നുമുതൽ ആറുവരെ ഇത് നാലായി ഉയർന്നതായി കണ്ടെത്തി. പകർച്ചവ്യാപന സാധ്യത, കോണ്ടാക്ടുകളുടെ എണ്ണം, രോഗം ബാധിക്കാനിടയുള്ള ഇ​ടവേള എന്നിവയുടെ അടിസ്ഥാനത്തിലാണ് ആർ വാല്യൂ കണക്കാക്കുന്നതെന്നും ഐ.ഐ.ടി മദ്രാസിലെ അസിസ്റ്റന്‍റ് പ്രഫസറായ ഡോ. ജയന്ത് ഝാ പറയുന്നു.

ക്വാറന്‍റീൻ നടപടികളും നിയന്ത്രണങ്ങളും കർശനമാക്കുന്നതോടെ ആർ മൂല്യം കുറഞ്ഞേക്കാം. കഴിഞ്ഞ രണ്ടാഴ്ചയിലെ കണക്കുകളുടെ അടിസ്ഥാനത്തിലാണ് നിലവിലെ വിശകലനം. സാമൂഹിക കൂടിച്ചേരലുകൾ ഉൾപ്പെടെയുള്ളവ കുറയുമ്പോൾ ആർ മൂല്യം കുറയുമെന്നും അദ്ദേഹം പറയുന്നു.

രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുകയാണെന്നും ക്രമാതീതമായ വർധന രേഖപ്പെടുത്തുന്നുണ്ടെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചിരുന്നു. ഒമിക്രോൺ വകഭേദമാണ് ഡൽഹിയിലും മുംബൈയിലും വ്യാപിക്കുന്നത്. ഒരാഴ്ച മുമ്പ് ആർ വാല്യൂ 2.9 ആയിരുന്നു. കോവിഡ് രണ്ടാം തരംഗം രൂക്ഷമായിരുന്നപ്പോൾ ഇത് 1.69 മാത്രമായിരുന്നുവെന്നും പറയുന്നു.

ഫെബ്രുവരി ഒന്നുമുതൽ 15 വരെ കോവിഡ് വ്യാപനം രൂക്ഷമായേക്കാം. അതോടൊപ്പം മുൻ തരംഗങ്ങ​ളെ അപേക്ഷിച്ച് ​കോവിഡ് കേസുകളു​ടെ എണ്ണം ഉയർന്നേക്കാമെന്നും ഝാ പറയുന്നു.

വാക്സിനേഷൻ, സാമൂഹിക അകലം തുടങ്ങിയവയുടെ സ്വാധീനം മൂന്നാംതരംഗത്തിൽ കാണാനാകും. വാക്സിനേഷൻ നിരക്ക് ഉയർന്നെങ്കിലും സാമൂഹിക അകലം പാലിക്കാൻ തയാറായിരുന്നില്ല. കോവിഡി​ന്‍റെ ഒന്നാം തരംഗത്തിൽ നിരവധി നിയന്ത്രണങ്ങൾ രാജ്യത്ത് ഏർപ്പെടുത്തിയിരുന്നു. എങ്കിലും കോവിഡ് കേസുകളുടെ എണ്ണം ഉയർന്നിരുന്നു. മൂന്നാംതരംഗത്തിൽ സാമൂഹിക അകലം പാലിക്കൽ കുറവായതിനാൽ മുൻ തരംഗങ്ങളെ അപേക്ഷിച്ച് കോവിഡ് കേസുകളുടെ എണ്ണം വളരെ ഉയർന്നതാകാമെന്നും അവർ പറയുന്നു. 

Tags:    
News Summary - Third Wave May Peak Between February 1 And 15 IIT Madras Analysis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.