ദോഹ: കാലാവസ്ഥ വ്യതിയാനവും പരിസ്ഥിതി മലിനീകരണവും ഉൾപ്പെടെ വെല്ലുവിളികളെ നേരിടുന്നതിന്റെ ബോധവത്കരണവുമായി ജനീവ മോട്ടോർ എക്സിബിഷന്റെ ഭാഗമായി യൂറോപ്പിൽനിന്ന് ഇലക്ട്രിക് വാഹനമോടിച്ച് ഖത്തറിലേക്കൊരു യാത്ര. ജനീവയിൽനിന്ന് ആഗസ്റ്റ് 28ന് ഫോക്സ് വാഗണിന്റെ രണ്ട് ഇലക്ട്രിക് വാനുകളിലായി പുറപ്പെട്ട അഞ്ചു പേരടങ്ങുന്ന സംഘമാണ് 6500 കിലോമീറ്റർ പിന്നിട്ട് ദോഹയിൽ എത്തിയത്. വൈദ്യുതി വാഹനങ്ങളുടെ പാരിസ്ഥിതിക നേട്ടങ്ങളെക്കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കുകയെന്ന ലക്ഷ്യവുമായാണ് സംഘം പുറപ്പെട്ടത്. സ്വിസ് ആൽപ്സ് പർവതനിരകൾ മുറിച്ചുകടന്ന് ആരംഭിച്ച യാത്ര, വൈദ്യുതി വാഹനത്തിൽ സൗദി അറേബ്യയുടെ പടിഞ്ഞാറുനിന്നും കിഴക്കു ഭാഗത്തേക്കുള്ള ആദ്യ ദൗത്യം കൂടിയാണ്.
ജർമൻ നിർമാതാക്കളുടെ കോംബി ക്യാമ്പർവാനിന്റെ മാതൃകയിൽ രൂപകൽപന ചെയ്ത വാനുകൾ 12 രാജ്യങ്ങളിലൂടെ സഞ്ചരിച്ച് തുർക്കിയയിലെത്തി അവിടെനിന്ന് കപ്പൽ മാർഗം ജോർഡനിലെ അക്കാബയിൽ എത്തുകയാണുണ്ടായത്. വൈദ്യുതി വാഹനമായതിനാൽ യാത്രയിൽ പലപ്പോഴും ചാർജിങ് അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം പ്രയാസം സൃഷ്ടിച്ചതായി യാത്ര സംഘാംഗം ഫ്രാങ്ക് റിൻഡർക്നെക്റ്റ് പറഞ്ഞു. യൂറോപ്പിൽ വിവിധ പ്രദേശങ്ങളിൽ ചാർജിങ് പോയന്റുകളിൽ പണം നൽകുന്നതിന് നിരവധി ആപ്പുകളാണ് ഉപയോഗിക്കേണ്ടിവന്നത്. ജോർഡനിൽ അവർ കണ്ടെത്തിയ ചൈനീസ് ഹാർഡ് വെയറുമായി യൂറോപ്യൻ സംവിധാനങ്ങൾക്ക് പൊരുത്തപ്പെടേണ്ടതായും വന്നു.
1905ൽ ആരംഭിച്ചതിനുശേഷം ആദ്യമായാണ് സ്വിസ് നഗരത്തിനു പുറത്ത് ജനീവ ഇന്റർനാഷനൽ മോട്ടോർ ഷോ നടക്കാനിരിക്കുന്നത്. ജനീവ ഇന്റർനാഷനൽ മോട്ടോർ ഷോയുടെ പങ്കാളിത്തത്തോടെയാണ് സ്വിസ് നേതൃത്വത്തിലുള്ള സംഘത്തിന്റെ ദോഹയിലേക്കുള്ള യാത്ര പൂർത്തിയാക്കിയത്. ഒക്ടോബർ അഞ്ചു മുതൽ ഖത്തറിൽ നടക്കുന്ന ജനീവ ഇന്റർനാഷനൽ മോട്ടോർ ഷോ 2023 (ജിംസ്) 10 ദിവസം നീളും. 31 ഓട്ടോമോട്ടിവ് ബ്രാൻഡുകൾ പങ്കെടുക്കുന്ന ഷോ ഒക്ടോബർ എട്ടിന് നടക്കുന്ന ഫോർമുല വൺ ഖത്തർ ഗ്രാൻഡ്പ്രിക്സുമായി ഓവർലാപ് ചെയ്യുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.