അബൂദബി: യു.എ.ഇയുടെ ഭാവി സ്മാര്‍ട്ട് മൊബിലിറ്റി പദ്ധതി രണ്ടാം ഘട്ടത്തിലേക്ക് കടന്നു. ഇതിന്റെ ഭാഗമായി 17 ഡ്രൈവറില്ലാവാഹനങ്ങളാണ് അബൂദബി നിരത്തുകളിലിറങ്ങിയത്. എട്ട് ടിക്സായി ഡ്രൈവിങ് കാബുകളും ആറ് മിനി റോബോ ബസുകളും മൂന്ന് ഓട്ടോണമസ് റാപിഡ് ട്രാന്സിറ്റ്സുമാണ് (ആര്‍ട്ട്) പദ്ധതിയുടെ ഭാഗമായി സര്‍വിസ് തുടങ്ങിയത്. യാസ്, സഅദിയാത്ത് ഐലന്ഡുകളിലാണ് ഇവ നിലവില്‍ ഓടുന്നത്. 20 ഇടങ്ങളിലായി ചാര്‍ജിങ് സ്റ്റേഷനുകളും വാഹനങ്ങള്‍ക്കായി സജ്ജീകരിച്ചിട്ടുണ്ട്.
പദ്ധതിയുടെ ആദ്യഘട്ടത്തില്‍ യാസ് ഐലന്‍ഡിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളെ ബന്ധിപ്പിച്ചായിരുന്നു ആര്‍ട്ട് ട്രാക്കില്ലാ റാമുകള്‍ ഓടിയിരുന്നത്. ഫെറാരി വേള്‍ഡ് അബൂദബി, വാര്‍ണര്‍ ബ്രോസ് വേള്‍ഡ് അബൂദബി, യാസ് വാട്ടര്‍വേള്‍ഡ്, യാസ്മാള്‍, യാസ് ബീച്ച്, യാസ് പ്ലാസ് എന്നീ കേന്ദ്രങ്ങളെ ബന്ധിപ്പിച്ചായിരുന്നു ആര്‍ട്ട് ട്രാമുകള്‍ ഓടിയത്. സഅദിയാത്ത് ഐലന്‍ഡില്‍ മംഷ അല്‍ സഅദിയാത്ത്, മനാരത്ത് അല്‍ സഅദിയാത്ത്, എൻ.വൈ.യു അബൂദബി, സഅദിയാത്ത് ബീച്ച്, ജുമൈറ, സഅദിയാത്ത് ബീച്ച് റെസിഡന്റ്സ്, ലൗവ് രേ മ്യൂസിയം അബൂദബി തുടങ്ങിയ കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് 47.5 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റൂട്ടിലാണ് ഇവ സര്‍വിസ് നടത്തുക. രാവിലെ എട്ട് മുതല്‍ രാത്രി എട്ട് വരെയാണ് സര്‍വിസ്.
അതേസമയം, റോബോ ബസുകള്‍ ഒമ്പത് തെരുവുകളിലാണ് സര്‍വിസ് നടത്തുന്നത്. സഅദിയാത്ത് ഐലന്‍ഡിലെ ജാക്വിസ് ചിറാക് സ്ട്രീറ്റുമായി ബന്ധിപ്പിക്കുന്ന തെരുവുകളിലാണ് റോബോ ബസുകള്‍ ഓടുന്നത്. ടിക്സായി ആപ് ഡൗണ്‍ലോഡ് ചെയ്ത് ഇവയിലെ റൈഡ് ബുക്ക് ചെയ്യാന്‍ അവസരമുണ്ട്. നഗര ഗതാഗത വകുപ്പും സംയോജിത ഗതാഗതകേന്ദ്രവും പൊതുകമ്പനിയായ ബയാനത്തും സഹകരിച്ചാണ് സ്മാര്‍ട്ട് മൊബിലിറ്റി പദ്ധതിക്ക് തുടക്കംകുറിച്ചത്. 2022 ഫോര്‍മുല 1 ഇത്തിഹാദ് എയര്‍വേസ് ഗ്രാന്‍ഡ് പ്രീയുടെ ഭാഗമായിട്ടായിരുന്നു പദ്ധതി തുടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.