മോൺസ്റ്റർ സ്പോർട്സ് ബൈക് വിപണിയിൽ അവതരിപ്പിച്ച് ഡുക്കാട്ടി. 11 മുതൽ 11.34 ലക്ഷം വരെ വിലവരും. ചില പ്രത്യേകതകൾക്കനുസരിച്ചാണ് മോൺസ്റ്റർ വില വ്യത്യാസപ്പെടുന്നത്. തിരഞ്ഞെടുത്ത നിറങ്ങൾക്ക് കൂടുതൽ നിരക്ക് ഈടാക്കുന്നതാണ് ഡുക്കാട്ടിയുടെ രീതി. കറുത്ത ചക്രങ്ങളുള്ള ചുവപ്പ് ബൈക്കിന് വില 11 ലക്ഷം രൂപയാണ്. അതേസമയം കറുത്ത ചക്രങ്ങളുള്ള സ്റ്റെൽത്തിനും ചുവന്ന ചക്രങ്ങളുള്ള ഏവിയേറ്റർ ഗ്രേയ്ക്കും 11.09 ലക്ഷം രൂപ നൽകണം. പ്ലസ് വേരിയൻറിന് (കറുത്ത ചക്രങ്ങളുള്ള ചുവപ്പ്) 11.24 ലക്ഷം രൂപ മുതൽ വിലവരും. എതിരാളിയായ ട്രയംഫ് സ്ട്രീറ്റ് ട്രിപ്പിൾ ആർഎസിനേക്കാൾ 50,000 രൂപയോളം വില കുറവാണ് മോൺസ്റ്ററിന്.
'മോൺസ്റ്റർ തികച്ചും പുതിയ ബൈക്കാണ്. ഇത് കൂടുതൽ സ്പോർട്ടിയും ഭാരം കുറഞ്ഞതും സവാരി ചെയ്യാൻ എളുപ്പമുള്ളതുമാണ്. ആഗോളതലത്തിൽ വലിയ പ്രതികരണമാണ് വാഹനത്തിന് ലഭിച്ചത്. ഇന്ത്യയിലെ റൈഡിങ് കമ്മ്യൂണിറ്റികൾക്കിടയിൽ ഇത് ഹിറ്റ് ആകുമെന്നാണ് കരുതുന്നത്. ഇന്ത്യയിലെ റൈഡിങ് അവസ്ഥകൾക്ക് തികച്ചും അനുയോജ്യമായ ബൈക്കാണിത്'-ഡുക്കാട്ടി ഇന്ത്യ മാനേജിങ് ഡയറക്ടർ ബിപുൽ ചന്ദ്ര പറയുന്നു.
പുതിയ അലുമിനിയം ഫ്രെയിമിലാണ് വാഹനം നിർമിച്ചിരിക്കുന്നത്. പഴയ മോഡലിലെ ട്രെല്ലിസ് ഫ്രെയിമിനേക്കാൾ 4.5 കിലോഗ്രാം കുറവാണിതിന്. ബൈക്കിെൻറ ഭാരം കുറക്കാനുള്ള വലിയ ശ്രമം കമ്പനി നടത്തിയിട്ടുണ്ട്. സ്വിങ്ആം, ചക്രങ്ങൾ, ഇന്ധന ടാങ്ക് (17.5 ലിറ്ററിൽ നിന്ന് 14 ലിറ്റർ ആയി കുറച്ചു), എഞ്ചിൻ (18 കിലോഗ്രാം കുറച്ചു) എന്നിവക്കെല്ലാം ഭാരക്കുറവ് സംഭവിച്ചിട്ടുണ്ട്. ബൈക്കിെൻറ ആകെ ഭാരം 188 കിലോഗ്രാം ആണ്.
43 എംഎം യുഎസ്ഡി ഫോർക്കും പ്രീലോഡ് ക്രമീകരിക്കാവുന്ന മോണോഷോക്കുമാണ് സസ്പെൻഷൻ. മൾട്ടിസ്ട്രാഡ 950 ലും സൂപ്പർസ്‌പോർട്ടിലും കാണുന്ന 937 സിസി എഞ്ചിനാണ് മോൺസ്റ്ററിന് കരുത്തുപകരുന്നത്. യൂറോ 5/ബിഎസ് 6 എമിഷൻ മാനദണ്ഡങ്ങൾ വാഹനം പാലിക്കും. 111 എച്ച്പി, 93 എൻഎം ടോർക് എന്നിവ ഉത്പ്പാദിക്കും. 4.3 ഇഞ്ച് ടിഎഫ്ടി ഡിസ്പ്ലേ, സ്പോർട്സ്, ടൂറിങ്, അർബൻ എന്നീ മൂന്ന് റൈഡിംഗ് മോഡുകൾ, എബിഎസ്, ട്രാക്ഷൻ കൺട്രോൾ, വീലി കൺട്രോൾ, ലോഞ്ച് കൺട്രോൾ, ക്വിക് ഷിഫ്റ്റർ എന്നിവയും വാഗ്ദാനം ചെയ്യുന്നുണ്ട്. പ്ലസ് വേരിയൻറിൽ, ഒരു വിൻഡ് സ്ക്രീനും ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.