ലോകത്തെ ക്രൂസർ പ്രേമികളുടെ സ്വപ്നവാഹനമായ ഹോണ്ട ഗോൾഡ്വിങിന്റെ അഞ്ചാം തലമുറ വാഹനം പരിഷ്കരിച്ചു. പുനർരൂപകൽപ്പന ചെയ്ത പിൻസീറ്റ്, മികച്ച ഓഡിയോ സിസ്റ്റം, പിൻവശത്ത് വലിയ സ്റ്റോറേജ് കമ്പാർട്ട്മെൻറ് എന്നിങ്ങനെ നിരവധി മാറ്റങ്ങളുമായാണ് പുതിയ ഗോൾഡ്വിങ് വിപണിയിലെത്തുന്നത്. ഹോണ്ട ജിഎൽ 1800 ഗോൾഡ് വിംഗ് ഇപ്പോൾ അതിന്‍റെ അഞ്ചാം തലമുറയിലാണ്. 2018 ലാണ് വാഹനം കാര്യമായി പരിഷ്കരിക്കുന്നത്. 2021ൽ കാര്യമായ അപ്‌ഡേറ്റുകൾ കമ്പനി ഉൾപ്പെടുത്തിയിട്ടില്ല.
1,883 സിസി ഫ്ലാറ്റ് സിക്സ് എഞ്ചിൻ, ഷാസി ഘടകങ്ങൾ, ഡിസൈൻ എന്നിവയെല്ലാം മാറ്റമില്ലാതെ തുടരുന്നു. ഹോണ്ട ഡീപ് പേൾ ഗ്രേ എന്ന് വിളിക്കുന്ന ഒരു പുതിയ കളർ സ്കീം ഉൾപ്പെടുത്തിയിട്ടുണ്ട്. ഏറ്റവും വലിയ മാറ്റം അധിക സംഭരണ ഇടം ഉൾപ്പെടുത്തിയതാണ്. ഏറ്റവും ഉയർന്ന ടൂർ മോഡൽ 11 ലിറ്റർ അധിക സംഭരണസ്ഥലമാണ് വാഹനം വാഗ്ദാനം ചെയ്യുന്നത്. ഈ മോഡലിൽ മൊത്തം 61 ലിറ്റർ ലഗ്ഗേജ് സ്പേസ് ലഭിക്കും. ഗോൾഡ് വിങ് ഉടമകൾ മുമ്പ് റിപ്പോർട്ടുചെയ്ത പരാതികൾ പരിഗണിച്ച് രണ്ട് ഹെൽമെറ്റുകൾ വയ്ക്കാനുള്ള സ്ഥലവും ഉൾപ്പെടുത്തിയിട്ടുണ്ട്.
ടൂർ മോഡലിൽ പുനർരൂപകൽപ്പന ചെയ്‌ത പിൻ സീറ്റും ഉണ്ട്. അടുത്ത വലിയ മാറ്റം ഗോൾഡ് വിങിന്‍റെ ഓഡിയോ സിസ്റ്റത്തിലാണ്. ഹോണ്ട സ്പീക്കറുകളെ 45 വാട്ട് യൂനിറ്റുകളായി അപ്ഗ്രേഡ് ചെയ്യുകയും ഓട്ടോമാറ്റിക് വോളിയം ക്രമീകരണ നില ഒപ്റ്റിമൈസ് ചെയ്യുകയും എക്സ്എം റേഡിയോ ആന്‍റിനയെ സ്റ്റാൻഡേർഡായി ചേർക്കുകയും ചെയ്തു. എല്ലാ ഗോൾഡ് വിങ് മോഡലുകളും ആൻഡ്രോയിഡ് ഓട്ടോയും ആപ്പിൾ കാർപ്ലേയും ഉൾപ്പെടുത്തിയിട്ടുണ്ട്.
പുതുക്കിയ 2021 മോഡലിന്‍റെ വില 23,900 ഡോളറിൽ (17.54 ലക്ഷം രൂപ) ആരംഭിച്ച് 32,600 ഡോളർ (23.92 ലക്ഷം രൂപ) വരെ പോകും. ഉയർന്ന മോഡലിൽ എയർബാഗും നൽകിയിട്ടുണ്ട്. ഗോൾഡ് വിങ് ഡിസിടി ഇന്ത്യയിൽ 26.85 ലക്ഷം രൂപയ്ക്ക് (എക്സ്-ഷോറൂം) വിൽക്കാനാണ് സാധ്യത.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.