കൂടുതൽ ആധുനികമായ എൻ മാക്സ് 155 മാക്സി സ്കൂട്ടർ അവതരിപ്പിച്ച് യമഹ. പുതിയ ആർ 15 വി 4 അടിസ്ഥാനമാക്കിയുള്ള സ്കൂട്ടറാണിത്. വാഹനം കൂടുതൽ ആകർഷകവുമാക്കാൻ യമഹ ചില സൂക്ഷ്മമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. വലിയ ഇന്ധന ടാങ്കിന് ഒരേസമയം 7.1 ലിറ്റർ പെട്രോൾ ഉൾക്കൊള്ളാനാകും. ഒരു പ്രാവശ്യം ഇന്ധനം നിറച്ചാൽ 300 കിലോമീറ്റർ സഞ്ചരിക്കാം. യൂറോപ്യൻ വിപണിയിലാവും സ്കൂട്ടർ ആദ്യംവരിക.
കമ്പനിയുടെ പുതിയ സ്‌പോർട്‌സ് ബൈക്കായ Yആർ 15 വി 4 മായി അടുത്ത ബന്ധം സ്കൂട്ടറിനുണ്ട്. അടുത്തിടെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച യമഹ എയ്‌റോക്‌സ് 155-മായും നിരവധി സാമ്യങ്ങൾ എൻ മാക്സിന് കാണാനാകും.
എൽ.ഇ.ഡി ഹെഡ്‌ലാമ്പ്, താഴ്ന്ന ഹാൻഡിൽബാർ, എക്സ്റ്റീരിയർ ബോഡി അപ്‌ഡേറ്റുകൾ തുടങ്ങിയവ ഉൾപ്പെടുത്തി സ്‌കൂട്ടറിന്റെ രൂപം മാറ്റിയിട്ടുണ്ട്. ഹാൻഡിൽ ബാറിന്റെ സ്ഥാനം മാറിയത് വാഹനം കൈകാര്യം ചെയ്യൽ അനായാസമാക്കുന്നു. അതിനുപുറമെ, എർഗണോമിക്‌സും ചെറിയ രീതിയിൽ ട്വീക്ക് ചെയ്തിട്ടുണ്ട്. 155 സിസി, ലിക്വിഡ് കൂൾഡ്, സിംഗിൾ സിലിണ്ടർ എഞ്ചിനാണ് ഉപയോഗിച്ചിരിക്കുന്നത്. പരമാവധി 15 ബി.എച്ച്.പി പവർ പുറപ്പെടുവിക്കും. യമഹയുടെ വേരിയബിൾ വാൽവ് ആക്ച്വേഷൻ (വിവിഎ) സജ്ജീകരണത്തോടെയാണ് എഞ്ചിൻ വരുന്നത്.
ബ്ലൂടൂത്ത് കണക്റ്റിവിറ്റി പോലുള്ള ആധുനിക ഫീച്ചറുകളുടെ ശ്രേണിയും സ്‌കൂട്ടറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. യമഹയുടെ സ്മാർട്ട്ഫോൺ ആപ്ലിക്കേഷനിലൂടെ നാവിഗേഷൻ, യാത്രാ വിശദാംശങ്ങൾ, മെയിന്റനൻസ് സേവന ഷെഡ്യൂളുകൾ എന്നിവ പോലുള്ള വിവരങ്ങൾ ആക്‌സസ് ചെയ്യാൻ കഴിയും. കൂടുതൽ സൗകര്യത്തിനായി 12V ചാർജിംഗ് സോക്കറ്റുകളും ഉണ്ട്. എയറോക്സ് 155 ഇന്ത്യൻ വിപണിയിൽ നിലവിലുള്ളതിനാൽ എൻ മാക്സ് ഉടൻ ഇവിടെ അവതരിപ്പിക്കില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.