പുതുതലമുറ വെർനയുടെ ടീസർ പുറത്ത്; സൂപ്പർ സെഡാന്റെ ബുക്കിങ് ആരംഭിച്ച് ഹ്യൂണ്ടായ്

ഇന്ത്യക്കാരുടെ പ്രിയ സെഡാനായ വെർനയുടെ പുതിയ തലമുറ മോഡൽ അവതരിപ്പിക്കാനൊരുങ്ങി ഹ്യൂണ്ടായ്. വാഹനത്തിന്റെ ടീസർ കമ്പനി പുറത്തുവിട്ടു. പുത്തൻ വെർനയുടെ ഔദ്യോഗിക ബുക്കിങും ആരംഭിച്ചിട്ടുണ്ട്. ഹ്യുണ്ടായ് ഡീലർഷിപ്പുകളിലും ഓൺലൈനിലും 25,000 രൂപ ടോക്കൺ തുകയടച്ച് മോഡൽ പ്രീ-ബുക്ക് ചെയ്യാം.

16 വർഷത്തെ പാരമ്പര്യമുള്ള വാഹനമായ വെർനയുടെ 4.60 ലക്ഷം യൂനിറ്റുകൾ ഇന്ത്യയിൽ വിറ്റഴിഞ്ഞിട്ടുണ്ട്. പുതുതലമുറ വെർനയുടെ രണ്ട് ടീസർ ചിത്രങ്ങളാണ് ഹ്യുണ്ടായി പുറത്തുവിട്ടിരിക്കുന്നത്. ഒന്നിൽ പുതിയ സൈഡ് പ്രൊഫൈലിന്റെയും കൂടുതൽ ആധുനികമായ പിൻഭാഗത്തിന്റെയും സാന്നിധ്യമാണ് കാണിക്കുന്നത്. ആഗോള വിപണിയിലുള്ള എലാൻട്രയിൽ നിന്നും സോനാറ്റയിൽ നിന്നും ഡിസൈൻ പ്രചോദനം നേടിയാണ് പുത്തൻ വെർനയും ഒരുക്കിയിരിക്കുന്നത്.

വശക്കാഴ്ച്ചയിൽ ക്രോമിൽ പൂർത്തിയാക്കിയ വിൻഡോ ലൈനും നോച്ച്ബാക്ക് പോലെയുള്ള റൂഫും വെർനയ്ക്ക് മനോഹരമായ രൂപമാണ് സമ്മാനിക്കുന്നത്. പുതിയ ക്യാരക്‌ടർ ലൈനുകൾ, വലിയ വിൻഡ്‌ഷീൽഡ്, കറുത്ത നിറത്തിലുള്ള പില്ലറുകൾ എന്നിവയ്‌ക്ക് പുറമെ നേർത്ത സ്ട്രിപ്പോടുകൂടിയ കണക്‌റ്റഡ് എൽ.ഇ.ഡി ടെയിൽ ലാമ്പുകളുമുണ്ട്. പിൻ ബമ്പറും പുതിയതായിരിക്കും.

ഇത്തവണ ഡീസൽ എഞ്ചിൻ ഉപേക്ഷിച്ചാവും പുതുതലമുറയിലേക്ക് വെർന ചേക്കേറുന്നത്. വരാനിരിക്കുന്ന മലിനീകരണ മാനദണ്ഡങ്ങളാണ് ഡീസൽ പതിപ്പിനെ ഒഴിവാക്കാൻ ഹ്യൂണ്ടായെ പ്രേരിപ്പിച്ചത്. പുതിയ 1.5 ലിറ്റർ ഫോർ സിലിണ്ടർ ടർബോ GDI പെട്രോൾ എഞ്ചിൻ വാഹനത്തിൽ കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. വലിയ ടർബോചാർജ്‌ഡ് യൂനിറ്റുള്ള എഞ്ചിൻ 160 ബി.എച്ച്.പി കരുത്തും 253 എൻ.എം ടോർക്കും ഉത്പ്പാദിപ്പിക്കും. ആറ് സ്പീഡ് മാനുവൽ ട്രാൻസ്മിഷനോ ഏഴ് സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് യൂനിറ്റുമായോ എഞ്ചിൻ ജോടിയാക്കും.

1.5 ലിറ്റർ ഫോർ സിലിണ്ടർ MPi നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ തുടർന്നും സൊഡാന്റെ ഭാഗമായി തുടരും. ഈ എഞ്ചിൻ 115 ബി.എച്ച്.പി കരുത്തും 144 എൻ.എം ടോർക്കും ഉത്പ്പാദിപ്പിക്കും. 1.5 ലിറ്റർ ഇവോ പെട്രോൾ എഞ്ചിനുള്ള ഫോക്‌സ്‌വാഗൺ വെർട്ടിസ്, സ്കോഡ സ്ലാവിയ എന്നിവരായിരിക്കും വെർനയുടെ പ്രധാന എതിരാളികൾ. സമഗ്രമായി പുനർരൂപകൽപ്പന ചെയ്ത ഡാഷ്‌ബോർഡും സെന്റർ കൺസോളും എഡകസ് അടിസ്ഥാനമാക്കിയുള്ള ഡ്രൈവർ-അസിസ്റ്റീവ്, സുരക്ഷാ സാങ്കേതികവിദ്യകൾ അടങ്ങുന്ന ഫീച്ചർ നിരയായിരിക്കും വാഹനത്തിൽ കമ്പനി കൊണ്ടുവരികയെന്നാണ് സൂചന.


Tags:    
News Summary - 2023 Hyundai Verna teased: Bookings start at Rs 25,000

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.