വാഹനങ്ങളുടെ സുരക്ഷയുറപ്പാക്കാന്‍ കാര്‍ ക്രാഷ് പരിശോധന (ഇടി പരിശോധന) സംവിധാനമായ ഭാരത് എൻ.സി.എ.പി (ഭാരത് ന്യൂ കാര്‍ അസസ്‌മെന്റ് പ്രോഗ്രാം, ഭാരത് എന്‍ക്യാപ്) അവതരിപ്പിച്ചിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. വിവിധ മാനദണ്ഡങ്ങളനുസരിച്ച് സുരക്ഷിതത്വം വിലയിരുത്തി കാറുകള്‍ക്ക് സ്റ്റാര്‍ റേറ്റിങ് നല്‍കുന്ന പദ്ധതിയാണിത്.
ഗ്ലോബല്‍ ന്യു കാര്‍ അസസ്‌മെന്റ് പ്രോഗ്രാമിന്റെ(ഗ്ലോബല്‍ എൻ.സി.എ.പി, ഗ്ലോബൽ എന്‍ക്യാപ് ) മാതൃകയിലാണ് ഭാരത് എൻ.സി.എ.പി തയ്യാറാക്കിയിരിക്കുന്നത്. ബ്രിട്ടന്‍ ആസ്ഥാനമായുള്ള ടുവേഡ്‌സ് സീറോ ഫൗണ്ടേഷന്‍ എന്ന ജീവകാരുണ്യ സംഘടനയാണ് ഗ്ലോബല്‍ എൻ.സി.എ.പിക്ക് പിന്നില്‍. യു.എന്നിന്‍റെ അന്താരാഷ്ട്ര തലത്തിലുള്ള വാഹന സുരക്ഷ മാനദണ്ഡങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന സംഘടനയാണിത്. എന്നാൽ, ഭാരത് എൻ.സി.എ.പി സർക്കാരിന്‍റെ നിയന്ത്രണത്തിലാണുള്ളത്.
ഗ്ലോബല്‍ റേറ്റിങ് നേരത്തേയുണ്ടെങ്കിലും സര്‍ക്കാര്‍ നിഷ്‌കര്‍ഷിക്കുന്ന മാനദണ്ഡങ്ങളോടെയുള്ള തദ്ദേശീയ റേറ്റിങ് എന്നതാണ് ഭാരത് എന്‍ക്യാപിന്‍റെ പ്രത്യേകത. രാജ്യത്ത് ആദ്യമായാണ് വാഹനങ്ങള്‍ക്കായി ഇത്തരത്തില്‍ റേറ്റിങ് സംവിധാനം വരുന്നത്. ഭാരത് എൻ.സി.എ.പി നിലവില്‍ വരുന്നതോടെ ക്രാഷ് ടെസ്റ്റിനായി മാത്രം വിദേശത്തേക്ക് കാറുകള്‍ കയറ്റി അയക്കുന്ന അധിക ചിലവ് ഇന്ത്യയില്‍ കാര്‍ നിര്‍മിക്കുന്നവര്‍ക്ക് ഒഴിവാക്കാനാവും.
ക്രാഷ് ടെസ്റ്റിനായി വാഹന നിര്‍മാതാക്കള്‍ ആദ്യം അപേക്ഷ നല്‍കണം. ഇതിനു ശേഷം ഭാരത് എൻ.സി.എ.പി പ്രതിനിധികള്‍ വാഹന നിര്‍മാണ ഫാക്ടറിയില്‍ നിന്നോ ഡീലര്‍ ഔട്ട്‌ലറ്റില്‍ നിന്നോ നിശ്ചിത മോഡല്‍ തെരഞ്ഞെടുക്കും.3.5 ടണ്‍ വരെ ഭാരമുള്ള വാഹനങ്ങളുടെ സുരക്ഷ ഇതു വഴി പരീക്ഷിക്കാന്‍ കഴിയും. കാറിന്റെ ബേസ് മോഡലായിരിക്കും പലതരത്തില്‍ ഇടിപ്പിച്ച് പരിശോധനക്ക് വിധേയമാക്കുക. യാത്രികരായ മുതിര്‍ന്നവരുടേയും കുട്ടികളുടേയും സുരക്ഷാ സൗകര്യങ്ങളും വിലയിരുത്തിക്കൊണ്ടാണ് ഭാരത് എൻ.സി.എ.പി സ്റ്റാറുകള്‍ നല്‍കുക.
ഉയര്‍ന്ന സുരക്ഷയുള്ള വാഹനങ്ങള്‍ക്ക് അഞ്ചു സ്റ്റാറും കുറഞ്ഞ സുരക്ഷയുള്ളവക്ക് ഒരു സ്റ്റാറുമാണ് ലഭിക്കുക. റേറ്റിങ് നോക്കി സുരക്ഷിതത്വം മനസ്സിലാക്കി കാര്‍ വാങ്ങാന്‍ ഉപയോക്താക്കളെ ഇത് സഹായിക്കും. ക്രാഷ് ടെസ്റ്റ് പൂര്‍ത്തിയായാല്‍ ഭാരത് എൻ.സി.എ.പി സ്റ്റാന്‍ഡിങ് കമ്മറ്റിയുടെ അനുമതി കൂടി ലഭിച്ച ശേഷം വിവരങ്ങള്‍ വെബ് സൈറ്റില്‍ പ്രസിദ്ധീകരിക്കും. സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റോഡ് ട്രാന്‍സ്‌പോര്‍ട്ടായിരിക്കും ക്രാഷ് ടെസ്റ്റിന്റെ സര്‍ട്ടിഫിക്കറ്റ് നല്‍കുക. വാഹന നിര്‍മാതാക്കള്‍ക്ക് എല്ലാ മോഡലുകളും ക്രാഷ് ടെസ്റ്റിന് വിധേയമാക്കണമെന്ന് നിര്‍ബന്ധമില്ല. എന്നാല്‍ ചില സാഹചര്യങ്ങളില്‍ മോഡലുകള്‍ ക്രാഷ് ടെസ്റ്റിന് വിധേയമാക്കേണ്ടി വരും.
ഒക്ടോബര്‍ ഒന്നുമുതല്ലാവും ഇതു നടപ്പാക്കിത്തുടങ്ങുക. ഇതുവരെ 30 മോഡലുകള്‍ ക്രാഷ് ടെസ്റ്റ് നടത്തുന്നതിന് അപേക്ഷ ലഭിച്ചിട്ടുണ്ടെന്നാണ് റോഡ് ഗതാഗത ദേശീയപാതാ മന്ത്രാലയത്തിന്റെ വക്താക്കള്‍ അറിയിക്കുന്നത്. എന്നാല്‍ ഏതെല്ലാം കാറുകളാണ് ഇതെന്ന് വെളിപ്പെടുത്താന്‍ അധികൃതര്‍ തയ്യാറായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.