വരവ് ഉറപ്പിച്ച് ബി.വൈ.ഡി സീൽ; ചൈനീസ് ഇ.വിയുടെ റേഞ്ച് 700 കിലോമീറ്റർ

ബില്‍ഡ് യുവര്‍ ഡ്രീംസ് അഥവാ ബി.വൈ.ഡി. എന്ന ചൈനീസ് വാഹന നിര്‍മാതാക്കള്‍ ഇന്ത്യന്‍ വാഹന വിപണിയില്‍ എത്തിയിട്ട് കുറച്ച് നാളുകളേ ആയിട്ടുള്ളു. ഇ6 എന്ന ഇലക്ട്രിക് എം.പി.വിയിലൂടെയായിരുന്നു കമ്പനിയുടെ അരങ്ങേറ്റം.വലിയ സ്വീകാര്യതയാണ് തുടക്കത്തിൽതന്നെ ബി.വൈ.ഡിക്ക് രാജ്യത്ത് ലഭിച്ചത്. തുടർന്ന് ആറ്റോ 3 എന്ന രണ്ടാമത്തെ വാഹനം പുറത്തിറക്കി. ഇപ്പോഴിതാ സീൽ എന്ന പേരിൽ മൂന്നാമത്തെ വാഹനവും ഇന്ത്യയിൽ അവതരിപ്പിക്കാനൊരുങ്ങുകയാണ് ബി.വൈ.ഡി.

2023 ഡല്‍ഹി ഓട്ടോ എക്സ്​പോയില്‍ ബി.വൈ.ഡി സീൽ പ്രദർശിപ്പിച്ചിരുന്നു. വാഹനം അവതരിപ്പിക്കാനുള്ള ആദ്യ ചുവടുവയ്‌പ്പെന്നോണം ബി.വൈ.ഡിയുടെ വെബ്‌സൈറ്റില്‍ സീല്‍ എന്ന മോഡലും സ്ഥാനം പിടിച്ചുകഴിഞ്ഞു. ആഡംബര സ്‌പോര്‍ട്‌സ് കാറുകളോട് കിടപിടിക്കുന്ന സൗന്ദര്യവുമായാണ് സീല്‍ എത്തുന്നത്. ബ്ലാക്ക് സ്‌മോഗ്ഡ് ആയിട്ടുള്ള നേര്‍ത്ത എല്‍.ഇ.ഡി. ഹെഡ്‌ലാമ്പ്, കൂര്‍ത്ത ബമ്പര്‍, ബ്ലാക്ക് ബോര്‍ഡര്‍ നല്‍കിയിട്ടുള്ള എയര്‍ഡാം എന്നിവയാണ് മുന്‍വശത്തെ സൗന്ദര്യം. അതേസമയം, നീളത്തിലുള്ളതാണ് ബോണറ്റ്.

ഓള്‍ ഗ്ലാസ് സണ്‍, നാല് ബൂമറാങുകളുടെ ആകൃതിയിലുള്ള പകല്‍ സമയത്തെ എല്‍.ഇ.ഡി ലൈറ്റുകള്‍, ഫ്‌ളഷ് ഫിറ്റിങ് ഡോര്‍ ഹാന്‍ഡിലുകള്‍, സ്പ്ലിറ്റ് ഹെഡ്‌ലാംപ് ഡിസൈന്‍, പിന്‍ഭാഗത്ത് മുഴുനീള എല്‍.ഇ.ഡി ലൈറ്റ് ബാര്‍ എന്നിവയെല്ലാം സീലിന്റെ സവിശേഷ ഡിസൈനിന് മാറ്റു കൂട്ടുന്നതാണ്.

ആറ്റോ 3 എസ്.യു.വി, ഇ6 എംപിവി എന്നിവയിലേതുപോലെ റൊട്ടേറ്റിങ് ടച്ച്‌സ്‌ക്രീനാണ് സീലിലെ മറ്റൊരു സവിശേഷത. 15.6 ഇഞ്ച് നീളമുണ്ട് ഈ ഇന്‍ഫോടെയിന്‍മെന്റ് ഡിസ്‌പ്ലേയ്ക്ക്. ഡ്രൈവറുടെ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിന് 10.25 ഇഞ്ച് വലുപ്പമുണ്ട്. വ്യത്യസ്ത ഡ്രൈവിങ് മോഡുകള്‍ തെരഞ്ഞെടുക്കാനും വിന്‍ഡ്‌സ്‌ക്രീന്‍ ചൂടാക്കാനും ഓഡിയോ സിസ്റ്റത്തിന്റെ ശബ്ദം കൂട്ടാനും കുറയ്ക്കാനും അടക്കം നിരവധി ഫീച്ചറുകള്‍ ഇതിലൂടെ തെരഞ്ഞെടുക്കാം. രണ്ട് വയര്‍ലെസ് ചാര്‍ജിങ് പാഡുകളും സീലില്‍ സജ്ജീകരിച്ചിട്ടുണ്ട്.


മറ്റൊരു പ്രധാന സവിശേഷത ഡ്രൈവിങ് റേഞ്ചാണ്. രണ്ട് ബാറ്ററി പാക്കുകളില്‍ ഏതു വേണമെന്ന് സീല്‍ ഉടമകള്‍ക്കു തീരുമാനിക്കാം. ആദ്യത്ത 61.4kWhയൂണിറ്റിന്റെ ബാറ്ററിക്ക് ഒറ്റ ചാര്‍ജില്‍ 550 കിലോമീറ്റര്‍ സഞ്ചരിക്കാനാവും. എന്നാല്‍ രണ്ടാമത്തെ 82.5kWh യൂണിറ്റിന്റെ ബാറ്ററിയുടെ റേഞ്ച് 700 കിലോമീറ്ററാണ്. 100kW വേഗതയില്‍ ആദ്യത്തെ ബാറ്ററി ചാര്‍ജ് ചെയ്യുമ്പോള്‍ കൂടുതല്‍ വലിയ രണ്ടാം ബാറ്ററി 150kW വേഗത്തില്‍ ചാര്‍ജു ചെയ്യും. ഓള്‍ വീല്‍ ഡ്രൈവ് സപ്പോര്‍ട്ട് ചെയ്യുന്ന ഡുവല്‍ മോട്ടോര്‍ പവര്‍ ട്രെയിനായിരിക്കും ഇന്ത്യയില്‍ പുറത്തിറങ്ങുന്ന സീലിലുണ്ടാവുക. മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത്തിലേക്ക് വെറും 3.8 സെക്കന്റില്‍ കുതിക്കാന്‍ സീലിന് കഴിയും.

ഈ വര്‍ഷം സെപ്തംബറോടെ സീലിന്റെ ബുക്കിങ് ആരംഭിക്കുമെന്നാണ് സൂചനകള്‍. അങ്ങനെ വന്നാല്‍ ഒക്ടോബറില്‍ പുറത്തിറക്കുന്ന സീലിന് ഏകദേശം 70 ലക്ഷം രൂപയാണ് പ്രതീക്ഷിക്കുന്ന വില. ടെസ്ലയുടെ മോഡല്‍-3 ആണ് പ്രധാന എതിരാളി.

Tags:    
News Summary - 700 km range BYD Seal EV listed on India website: Launch timeline and specs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.