ചൈനീസ് വാഹന നിർമ്മാണ കമ്പനിയായ ബി.വൈ.ഡി, പമ്പുകളിൽ നിന്നും ഇന്ധനം നിറക്കുന്ന വേഗതയിൽ അവരുടെ ഏറ്റവും പുതിയ അൾട്രാ ഫാസ്റ്റ് ചാർജിങ് സംവിധാനം അവതരിപ്പിച്ചു. ചൈനയിലെ ഏറ്റവും വലിയ വൈദ്യുത നിർമ്മാതാക്കളായ ബി.വൈ.ഡി, തങ്ങളുടെ ഫ്ലാഷ് ചാർജറുകൾക്ക് അഞ്ച് മുതൽ എട്ട് മിനിറ്റിനുള്ളിൽ വാഹനത്തെ പൂർണമായും ചാർജ് ചെയ്യാൻ കഴിയുമെന്ന് ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞു. ചൈനയിലുടനീളം 4,000ത്തിലധികം പുതിയ ചാർജിങ് സ്റ്റേഷനുകൾ നിർമ്മിക്കാൻ പദ്ധതിയിടുന്നതായും ബി.വൈ.ഡി പറഞ്ഞു.
വാഹനം ചാർജ് ചെയ്യുന്നതിനുള്ള സമയമാണ് പലരേയും വൈദ്യുത വാഹങ്ങൾ വാങ്ങുന്നതിൽ നിന്നും പിന്തിരിപ്പിക്കുന്നത്. പക്ഷെ ചൈനയിലെ വാഹനപ്രേമികൾ ഈയൊരു സമയത്തെ ഇരുകയ്യും നീട്ടി സ്വീകരിച്ചു. അതുകൊണ്ട് തന്നെ കഴിഞ്ഞവർഷം ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഹൈബ്രിഡ് വാഹങ്ങളുടെ വിൽപന 40% വർധിച്ചു.
അമേരിക്കൻ വൈദ്യുത വാഹനമായ ടെസ്‌ലയുടെ ഓഹരി വില ഇന്നലെ 4.8% ഇടിഞ്ഞതോടെ ടെസ്‌ല ചൈനയിൽ തകർച്ച ഭീഷണി നേരിടുന്നുണ്ട്. അത്തരമൊരു സാഹചര്യത്തിലാണ് ബി.വൈ.ഡിയുടെ ഇത്തരത്തിലുള്ളൊരു മുന്നേറ്റം. ബി.വൈ.ഡി മോഡലുകളായ ഹാൻ എൽ, ടാങ് എൽ വേരിയന്റുകളുടെ പരിഷ്‌ക്കരിച്ച പതിപ്പിന്റെ പ്രീ-ബുക്കിങ് കമ്പനി ആരംഭിച്ചിരുന്നു.
വൈദ്യുത വാഹന നിർമ്മാണത്തിലൂടെ ഊർജ്ജ-സംഭരണ സാങ്കേതികവിദ്യ മെച്ചപ്പെടുത്തുകയും അതേസമയം, രാജ്യത്തിന് പുറത്ത് ചൈനീസ് കാറുകളുടെ ഒരു വലിയ സാമ്രാജ്യം കെട്ടിപ്പടുക്കുകയുമാണ് ചൈനയുടെ ലക്ഷ്യം. ഒരു മെഗാവാട്ട് ഫ്ലാഷ് ചാർജുകൾക്ക് അഞ്ച് മിനിറ്റിനുള്ളിൽ 400 കിലോമീറ്റർ വൈദ്യുതി നൽകാൻ കഴിയുമെന്ന് ബി.വൈ.ഡി അവകാശപ്പെടുന്നു. 1,500വരെ വോൾട്ടേജ് ലെവലുകളുള്ള സിലിക്കൺ കാർബൈഡ് പവർ ചിപ്പുകളെയാണ് ഫ്ലാഷ് ചാർജിംഗ് സിസ്റ്റം ആശ്രയിക്കുന്നതെന്നും കമ്പനി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.