ന്യൂഡൽഹി: ആറ് മാസത്തിനുള്ളിൽ രാജ്യത്തെ ഇലക്ട്രിക് വാഹനങ്ങളുടെ (ഇ.വി) വില പെട്രോൾ വാഹനങ്ങളുടെ വിലയ്ക്ക് തുല്യമാകുമെന്ന് കേന്ദ്ര റോഡ് ഗതാഗത ദേശീയപാത മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. 32-ാമത് കൺവെർജൻസ് ഇന്ത്യ എക്സ്പോയെയും 10-ാമത് സ്മാർട്ട് സിറ്റീസ് ഇന്ത്യ എക്സ്പോയെയും അഭിസംബോധനം ചെയ്തുകൊണ്ട് സംസാരിക്കവെയാണ് ഗഡ്കരിയുടെ പ്രഖ്യാപനമുണ്ടായത്. കൂടാതെ 212 കിലോമീറ്റർ ദൈർഘ്യമുള്ള ഡൽഹി - ഡെറാഡൂൺ എക്സ്പ്രസ് വേയുടെ നിർമ്മാണ പ്രവർത്തനങ്ങൾ അടുത്ത മൂന്ന് മാസത്തിനുള്ളിൽ പൂർത്തിയാകുമെന്നും മന്ത്രി പറഞ്ഞു.
ഇറക്കുമതി വൈദ്യുത വാഹങ്ങളുടെ അളവ് കുറക്കുകയും തദ്ദേശീയ വാഹങ്ങളുടെ നിർമ്മാണം ഉയർത്തി മലിനീകരണം കുറക്കുകയെന്നതുമാണ് സർക്കാരിന്റെ പുതിയ നയമെന്നും മന്ത്രി എക്സ്പോയിൽ പറഞ്ഞു. ഇന്ത്യയെ ലോകത്തിലെ തന്നെ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാക്കാൻ രാജ്യത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തണമെന്നും കേന്ദ്ര മന്ത്രി കൂട്ടിച്ചേർത്തു.
നല്ല റോഡുകൾ നിർമ്മിക്കുന്നതിലൂടെ നമുക്ക് ലോജിസ്റ്റിക്സ് ചെലവ് കുറയ്ക്കാൻ കഴിയുമെന്നും രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ ഭാവി വളരെ മികച്ചതാണെന്നും, അതുകൊണ്ട് സ്മാർട്ട് സിറ്റികൾക്കും സ്മാർട്ട് ഗതാഗതത്തിനും സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും ഗഡ്കരി ഉറപ്പിച്ചു പറഞ്ഞു. അതോടൊപ്പം തന്നെ റോഡ് നിർമ്മാണ ചെലവ് കുറക്കുന്നതിന് പുതിയ സാങ്കേതികവിദ്യയും നവീകരണവും പ്രോത്സാഹിപ്പിക്കുക വഴി രാജ്യം പുരോഗതി കൈവരിക്കുമെന്നും പുരോഗതിക്കൊപ്പം ജനങ്ങൾ ഡ്രൈവിങ് മര്യാദകൾ പാലിച്ചുകൊണ്ട് വാഹനമോടിക്കണമെന്നും നിതിൻ ഗഡ്കരി പറഞ്ഞു. കൂടാതെ രാജ്യത്തെ തദ്ദേശീയ വൈദ്യുത വാഹന നിർമ്മാതാക്കളെ അഭിനന്ദിക്കുകയും കൂടുതൽ വാഹങ്ങൾ നിർമ്മിക്കാൻ കഴിയട്ടെയെന്ന് ആശംസിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.