ബജാജുമായി സഹകരിച്ച് ട്രയംഫ് ഒരു മോട്ടോർസൈക്കിൾ പുറത്തിറക്കിയപ്പോൾ മുതൽ എതിരാളികൾക്ക് ഇരിക്കപ്പൊറുതിയില്ലായിരുന്നു. പ്രത്യേകിച്ചും വില കേട്ടപ്പോൾ മുതൽ. പ്രീമിയം ബൈക്ക് ബ്രാൻഡായ ട്രയംഫിന്‍റെ ബൈക്ക് വെറും 2.33 ലക്ഷം രൂപ പ്രാരംഭ വിലയിലാണ് അവതരിപ്പിച്ചത്. ഒരു മൂന്ന് ലക്ഷമൊക്കെ വില പ്രതീക്ഷിച്ചിരുന്നിടത്തായിരുന്നു ട്രയംഫിന്‍റെ ഈ പ്രഖ്യാപനം. മാത്രമല്ല ആദ്യത്തെ 10,000 ഉപഭോക്താക്കള്‍ക്ക് ആമുഖ വിലയായ 2.23 ലക്ഷത്തിന് സ്‌പീഡ് 400 സ്വന്തമാക്കാനും അവസരം ട്രയംഫ് നൽകി.
ഇതിനെ പ്രതിരോധിക്കാൻ എതിരാളികൾ ഒരു കളികളിച്ചു.ദക്ഷിണേന്ത്യയിലെ ട്രയംഫ് ഇന്ത്യ ഡീലര്‍ഷിപ്പുകളിലൊന്നില്‍ നിന്നുള്ള സ്പീഡ് 400 മോട്ടോർസൈക്കിളിന്റെ ഓണ്‍ റോഡ് വില എന്ന് സൂചിപ്പിക്കുന്ന വ്യാജ സ്ക്രീന്‍ഷോട്ട് ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കുകയായിരുന്നു അവർ ചെയ്തത്. ഇതനുസരിച്ച് ബൈക്കിന്റെ ഓൺറോഡ് വില 3.39 ലക്ഷമെന്നാണ് പ്രചരിപ്പിച്ചത്.
ട്രയംഫ് ഡീലർഷിപ്പുകൾ അമിത ഡെലിവറി ചാർജറുകളും കിറ്റ് പാക്കേജ് ചാർജുകളും ഈടാക്കുന്നുവെന്നും ഇതിൻമൂലം സ്പീഡ് 400-ന്റെ വില 3.39 ലക്ഷം രൂപയായി മാറുമെന്നായിരുന്നു വ്യാജ വാർത്ത. ഇപ്പോഴിതാ ട്രയംഫ് തന്നെ സ്‌പീഡ് 400 റോഡ്സ്റ്റർ മോട്ടോർസൈക്കിളിന്റെ ഓൺ-റോഡ് വില പുറത്തുവിട്ടിരിക്കുകയാണ്. ബജാജുമായി സഹകരിച്ച് പുറത്തിറക്കുന്ന രണ്ട് മോട്ടോർസൈക്കിളുകളിൽ ആദ്യത്തെ സ്പീഡ് 400 ഓൺറോഡ് വില 2,67,997 രൂപയാണെന്നാണ് ട്രയംഫ് ഔദ്യോഗികമായി വെളിപ്പെടുത്തിയിരിക്കുന്നത്. 2.33 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയും റോഡ് ടാക്‌സ് 18,640 രൂപയും രജിസ്‌ട്രേഷൻ ഫീസ് 530 രൂപയും ഹാൻഡ്‌ലിംഗ് ചാർജുകൾ 1500 രൂപയും അടിസ്ഥാനമാക്കിയാണിത്.
ഡീലർഷിപ്പിൽ നിന്നുള്ള സ്പീഡ് 400-ന്റെ ഇൻഷുറൻസ് ചെലവ് 14,260 രൂപയായിരിക്കും. സ്പീഡ് 400, സ്‌ക്രാംബ്ലർ 400X എന്നീ രണ്ട് ഇരട്ട മോഡലുകളാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നതെങ്കിലും റോഡ്സ്റ്റർ മോട്ടോർസൈക്കളിനായുള്ള വില മാത്രമാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. രണ്ടാമത്തെ സ്ക്രാംബ്ലർ പതിപ്പിന്റെ വില പിന്നീടായിരിക്കും ബ്രിട്ടീഷ് ബ്രാൻഡ് പ്രഖ്യാപിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.