അടിമുടി മാറ്റം; രണ്ടാം തലമുറ കോന ഇ.വിയുമായി ഹ്യുണ്ടായ്

ഇലക്ട്രിക് ക്രോസോവർ കോനയുടെ രണ്ടാം തലമുറ അവതരിപ്പിച്ച് ഹ്യൂണ്ടായ് മോട്ടോഴ്സ്. അന്താരാഷ്ട്ര വിപണിയിലാവും വാഹനം ആദ്യം എത്തുക. തുടർന്ന് ഇന്ത്യയിലും അവതരിപ്പിക്കും. പുതിയ ഡിസൈനും മെച്ചപ്പെടുത്തിയ ഫീച്ചറുകളുമായി അടിമുടി മാറിയാണ് പുതിയ വാഹനം എത്തുന്നത്. പെട്രോൾ, ഹൈബ്രിഡ്, ഇ.വി വെർഷനുകളിൽ ലഭ്യമാകുന്ന വാഹനം 2023 മധ്യ​ത്തോടെ രാജ്യത്ത് എത്തുമെന്നാണ് സൂചന.

കൂടുതൽ ഫ്യൂച്ചറിസ്റ്റിക്കാണ് പുതിയ കോനയുടെ അകവും പുറവും. അയോണിക് സീരീസ് വാഹനങ്ങളുടെ രൂപഭംഗിയിലേക്ക് വാഹനം മാറിയിട്ടുണ്ട്. കിയയുടെ ഹൈബ്രിഡ് വാഹനമായ നീറോയുടെ കെ 3 പ്ലാറ്റ്ഫോമിലാണ് പുതിയ കോന നിർമിച്ചിരിക്കുന്നത്. മുൻവശത്ത് 'സീംലെസ്സ് ഹൊറൈസൺ ലാമ്പ്' നൽകിയതാണ് പുത്തൻ കോനയുടെ പ്രധാന ആകർഷണം. 19 ഇഞ്ച് അലോയ് വീലുകളിൽ അയോണിക് മോഡൽ പിക്സലേറ്റ് ഡിസൈനുമുണ്ട്. വേരിയന്റുകൾക്കനുസരിച്ച് വാഹനത്തിന്റെ അകവും പുറവും മാറുമെന്നും സൂചനയുണ്ട്. നിലവിലെ വാഹനത്തേക്കാൾ 150 എം.എം നീളവും 60 എം.എം വീൽബേസും 25 എം.എം വീതിയും പുതിയ തലമുറയിൽ വർധിച്ചു.

സാധാരണ വേരിയന്റിൽ ഫോക്സ് സ്കിഡ് പ്ലേറ്റ്, പ്ലാസ്റ്റിക് ബോഡി ക്ലാഡിങ് മുതലായവയാണ് കമ്പനി ഉപയോഗിച്ചിരിക്കുന്നത്. അതേസമയം ഉയർന്ന വേരിയന്റുകളുടെ അകവും പുറവും കൂടുതൽ മികച്ചതാക്കിയിട്ടുണ്ട്. വ്യത്യസ്തമായ ഫ്രണ്ട്, റിയർ ബമ്പറുകൾ, ബ്ലാക്ക് ഫിനിഷ്ഡ് റൂഫ്, റിയർവ്യൂ മിററുകൾ, സിൽവർ സൈഡ് സ്കർട്ട് എന്നിവയാണ് മറ്റ് സവിശേഷതകർ.


അകത്തളത്തിൽ 12.3 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഫ്ലോട്ടിങ് ഡാഷ്ബോർഡ്, ഫിസിക്കൽ കൺട്രോളുകളോട് കൂടിയ സെന്റർ സ്റ്റാക്ക്, റീ പൊസിഷൻ ചെയ്‌ത ഗിയർ ഷിഫ്റ്റർ, യുണീക് പിൻ ബെഞ്ച് സീറ്റ് തുടങ്ങിയവയാണ് പ്രധാന ഹൈലൈറ്റുകൾ.

ഇലക്ട്രിക്കിന് പുറമെ പുത്തൻ കോനയിൽ 1.6 ലിറ്റർ ഫോർ സിലിണ്ടർ ഹൈബ്രിഡ് എഞ്ചിനും ലഭ്യമാണ്. ഇത് പരമാവധി 141 ബി.എച്ച്.പി കരുത്തിൽ 264 എൻ.എം ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. 64.8 kWh ബാറ്ററി പായ്ക്കും ഇലക്ട്രിക് മോട്ടോറും ലഭിക്കും. ഇത് 204 ബി.എച്ച്.പി കരുത്ത് ഉത്പാദിപ്പിക്കാൻ പര്യാപ്തമാണ്. ഒറ്റത്തവണ ചാർജ് ചെയ്താൽ 407 കിലോമീറ്റർ വരെ ഓടും.


2019-ലാണ് ഹ്യുണ്ടായിയുടെ ആദ്യ ഇലക്ട്രിക് മോഡലായ കോന ഇന്ത്യയില്‍ അവതരിപ്പിച്ചത്. ചാര്‍ജിങ് സംവിധാനങ്ങളുടെ കുറവും ഉയര്‍ന്ന വിലയും ഈ വാഹനത്തില്‍ വില്‍പ്പനയെ പ്രതികൂലമായി ബാധിച്ചിരുന്നു. എന്നാൽ പുതിയ സാഹചര്യത്തിൽ ഇ.വികൾക്ക് വലിയ പിന്തുണയാണ് സർക്കാറുകളും ജനങ്ങളും നൽകുന്നത്. അയോണിക് 5 ഇ.വിയോടൊപ്പം ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസ് ഉള്ള കോന കൂടി വരുമ്പോൾ ഇലക്ട്രിക് വാഹന വിപണിയിൽ മികച്ച ഷെയർ നേടാനാവുമെന്ന പ്രതീക്ഷയിലാണ് ഹ്യൂണ്ടായ്.


Tags:    
News Summary - All-new Hyundai Kona revealed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.