ഒരിടവേളക്കുശേഷം വീണ്ടും രാജ്യത്ത് ഇലക്ട്രിക് വാഹന തീപിടിത്തം. പുണെയിലെ തിരക്കേറിയ റോഡിൽ വച്ച് ആമ്പിയർ ഇലക്ട്രിക് സ്കൂട്ടർ തീപിടിക്കുന്ന വിഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. എക്സ് പ്ലാറ്റ്ഫോമിൽ വന്ന വിഡിയോയിലൂടെയാണ് വൈദ്യുത സ്കൂട്ടർ തീപിടുത്തം പുറംലോകം അറിഞ്ഞത്.
തീപിടിത്തത്തിന് കാരണം എന്താണെന്ന് വ്യക്തമല്ല. തീ ആളിപ്പടരുന്നത് തടയാൻ വെള്ളമൊഴിക്കുന്നുണ്ടെങ്കിലും അണയ്ക്കാൻ സാധിക്കുന്നില്ല. വാഹനം പൂർണമായും കത്തി നശിക്കുകയായിരുന്നു. സ്കൂട്ടറിന്റെ കത്തിയ ഫ്രെയിം മാത്രം ബാക്കിയുള്ള ഒരു ചിത്രത്തോടെയാണ് വീഡിയോ അവസാനിക്കുന്നത്.
ആമ്പിയർ മാഗ്നസ് ഇ.വിക്കാണ് തീപിടിച്ചത്. ഒല ഇലക്ട്രിക്, ഒകിനാവ, പ്യുവർ ഇവി, ജിതേന്ദ്ര ഇവി തുടങ്ങി നിരവധി ഇ.വികൾക്ക് ഇതിനകം തീപിടിച്ചിട്ടുണ്ട്. ഭൂരിഭാഗം ഇവി നിർമ്മാതാക്കളും ചൈനയിൽ നിന്ന് ഗുണനിലവാരം കുറഞ്ഞ ഘടകങ്ങൾ വാങ്ങുകയും ഗുണനിലവാര പരിശോധനകളില്ലാതെ ഇന്ത്യയിൽ അവ കൂട്ടിച്ചേർക്കുകയും ചെയ്യുന്നതാണ് പ്രശ്നങ്ങൾക്ക് കാരണമെന്നാണ് വിദഗ്ധർ പറയുന്നത്.
ഇലക്ട്രിക് സ്കൂട്ടറുകൾ കത്തുന്ന സംഭവം തുടർക്കഥയായപ്പോൾ സ്‌കൂട്ടര്‍ നിർമാണ കമ്പനികള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് കേന്ദ്ര സര്‍ക്കാര്‍ നൽകിയിരുന്നു. അതനുസരിച്ച്, ഇലക്ട്രിക് വാഹനങ്ങളില്‍ പ്രത്യേക നിയന്ത്രണങ്ങള്‍ പാലിച്ച് നിര്‍മ്മിക്കുന്ന ബാറ്ററികള്‍ മാത്രമേ ഉപയോഗിക്കാവൂ. എന്നാൽ ഇപ്പോഴത്തെ അപകടത്തിന്റെ കാരണം ഇതുവരെ വ്യക്തമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.