ഇലക്ട്രിക് സ്കൂട്ടർ വിപണിയിലേക്ക് പുതിയൊരു സ്റ്റാർട്ടപ്പ് കമ്പനികൂടി വരുന്നൂ. ഗ്രീവ്സ് ഇലക്ട്രിക് മൊബിലിറ്റിയുടെ കീഴിലുള്ള ആമ്പിയർ ആണ് പുതിയൊരു ഇ.വി സ്കൂട്ടർ വിപണിയിൽ എത്തിച്ചിരിക്കുന്നത്. പ്രൈമസ് എന്നാണ് വാഹനത്തിന് പേരിട്ടിരിക്കുന്നത്. 1,09,900 രൂപയാണ് സ്കൂട്ടറിന്റെ വില.
ആഭ്യന്തരമായി ഉത്പാദിപ്പിക്കുന്ന ഘടകങ്ങളുമായി ഉയർന്ന പ്രാദേശികവൽക്കരണത്തോടെ 'മെയ്ക്ക്-ഇൻ-ഇന്ത്യ' നയത്തിന് ഊന്നൽ നൽകിയാണ് പുതിയ വാഹനം നിർമിച്ചിരികുന്നത്. പവർ മോഡിൽ ഫുൾ ചാർജിൽ 100 കിലോമീറ്ററിലധികം റേഞ്ച് വാഹനം നൽകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഇത് യഥാർഥ സാഹചര്യങ്ങളിൽ ലഭിക്കുന്ന റേഞ്ച് ആണെന്നും കമ്പനി പ്രത്യേകം പറയുന്നുണ്ട്. കൂടുതൽ റേഞ്ച് വാഗ്ദാനം ചെയ്യുന്ന ഇക്കോ മോഡും വാഹനത്തിലുണ്ട്. സിറ്റി, റിവേഴ്സ് മോഡ് എന്നിവയും ഇലക്ട്രിക് സ്‌കൂട്ടറിന്റെ ഭാഗമാണ്.
എൽ.എഫ്.പി ബാറ്ററി പായ്ക്ക്, പിഎംഎസ് മോട്ടോർ, ബെൽറ്റ് ഡ്രൈവ്, കണക്റ്റഡ് സാങ്കേതികവിദ്യയും നാവിഗേഷനുമുള്ള ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവയുമായാണ് ആമ്പിയർ പ്രൈമസ് വരുന്നത്. മണിക്കൂറിൽ പരമാവധി 77 കിലോമീറ്റർ വേഗത പുറത്തെടുക്കാനും ആമ്പിയർ പ്രൈമസ് ഇലക്ട്രിക് സ്കൂട്ടറിനാവും. ഇലക്ട്രിക് മോട്ടോർ 4 kW ടോർക്ക് ഔട്ട്പുട്ട് വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. സ്മാർട്ട് ബിഎംഎസ് ലഭിക്കുന്ന 3 kWh യൂണിറ്റാണ് ഹൈസ്പീഡ് മോഡലിന്റെ ബാറ്ററി പായ്ക്ക്.
ബാറ്ററി പൂർണമായും ചാർജ് ചെയ്യാനെടുക്കുന്ന സമയം കമ്പനി വെളിപ്പെടുത്തിയിട്ടില്ല. ധാരാളം ലെഗ്‌റൂം, വിശാലമായ സീറ്റുകൾ, മികച്ച ഡ്രൈവബിലിറ്റി എന്നിവയാണ് മറ്റ് പ്രത്യേകതകൾ. മാറ്റ് ഫിനിഷുള്ള ഡ്യുവൽ ടോൺ ബോഡി പാനലുകളും പുതിയ ഇലക്ട്രിക് സ്‌കൂട്ടറിന്റെ പ്രത്യേകതയാണ്. ഹിമാലയൻ വൈറ്റ്, റോയൽ ഓറഞ്ച്, ഹാവ്‌ലോക്ക് ബ്ലൂ, ബക്ക് ബ്ലാക്ക് എന്നിങ്ങനെ നാല് നിറങ്ങളിൽ ഇലക്ട്രിക് സ്കൂട്ടർ സ്വന്തമാക്കാനാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.