സ്റ്റാർട്ടപ്പ് കമ്പനിയായ ഗ്രീവ്സ് ഇലക്ട്രിക് മൊബിലിറ്റിയുടെ കീഴിലുള്ള ആംപിയർ ഇ.വി കഴിഞ്ഞ ദിവസം പ്രൈമസ് എന്ന പേരിൽ പുതിയൊരു ഇലക്ട്രിക് സ്കൂട്ടർ അവതരിപ്പിച്ചിരുന്നു. ഇപ്പോഴിതാ ആംപിയർ നിരയിൽ നേരത്തേതന്നെ വിറ്റുവന്നിരുന്ന സീൽ ഇ.എക്സ് മോഡൽ പരിഷ്‍കരിച്ച് അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. 69,900 രൂപയുടെ പ്രാരംഭ എക്സ്ഷോറൂം വിലയിലാണ് പരിഷ്‍കരിച്ച ഇ.വി മോഡൽ നിരത്തിലെത്തുന്നത്. മധ്യപ്രദേശ്, ബിഹാർ, ഉത്തർപ്രദേശ്, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ മാത്രമാവും ഈ വിലകൾ സാധുതയുള്ളതെന്നാണ് ഗ്രീവ്സ് ഇലക്ട്രിക് മൊബിലിറ്റി പറയുന്നത്. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ ആംപിയർ സീൽ ഇ.എക്സ് സ്‌കൂട്ടറിന് 75,000 രൂപയാണ് എക്സ്ഷോറൂം വില.
ദൈനംദിന യാത്രകൾക്കായി കുറഞ്ഞ ചെലവിൽ ഒരു ടൂവീലർ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്കായി പ്രത്യേകം രൂപൽപ്പന ചെയ്‌തതാണ് സീൽ ഇ.വി. എൻട്രി ലെവൽ ഇലക്ട്രിക് സ്‌കൂട്ടറായി അവതരിപ്പിച്ചിരിക്കുന്ന മോഡലിൽ 2.3kWh അഡ്വാൻസ്ഡ് ലിഥിയം ബാറ്ററി പായ്ക്കാണ് ഉപയോഗിച്ചിരിക്കുന്നത്. 1.8kW ഇലക്ട്രിക് മോട്ടോറുമായാണ് ബാറ്ററി പായ്ക്ക് ജോടിയാക്കിയിരിക്കുന്നത്. ആംപിയർ സീൽ ഇ.എക്സ് ഇ-സ്‌കൂട്ടറിന്റെ പരമാവധി വേഗത 55 കിലോമീറ്റർ ആണ്.
ഒന്നിലധികം റൈഡ് മോഡുകൾ സ്കൂട്ടറിലുണ്ട്. ഒറ്റത്തവണ ചാർജ് ചെയ്താൽ 120 കിലോമീറ്റർ റേഞ്ച് വാഹനം നൽകും. 5 മണിക്കൂറിൽ വാഹനം പൂർണമായും ചാർജ് ചെയ്യാം.സ്റ്റോൺ ഗ്രേ, ഐവറി വൈറ്റ്, ഇൻഡിഗോ ബ്ലൂ എന്നിങ്ങനെ മൂന്ന് വ്യത്യസ്‌ത കളർ ഓപ്ഷനുകളും ഗ്രീവ്സ് ഇലക്ട്രിക് മൊബിലിറ്റി ഒരുക്കിയിട്ടുണ്ട്.
സീൽ ഇ.എക്സ് ഇ.വിക്ക് പുറമെ 1.09 ലക്ഷം രൂപ എക്സ്ഷോറൂം വിലയുള്ള പ്രൈമസ് ഇലക്ട്രിക് സ്‌കൂട്ടറിനെയും കമ്പനി കഴിഞ്ഞദിവസം വിപണിയിൽ അവതരിപ്പിച്ചിരുന്നു. ഒറ്റ ചാർജിൽ 100 കിലോമീറ്ററിലധികം റേഞ്ച് വാഗ്ദാനം ചെയ്യുന്ന ഇത് കമ്പനിയുടെ പുതിയ മുൻനിര ഇലക്ട്രിക് സ്കൂട്ടറായാണ് വിപണിയിലേക്ക് വന്നിരിക്കുന്നത്. പുതിയ ആംപിയർ പ്രൈമസിന് 77 കിലോമീറ്റർ വേഗതയാണ് പരമാവധി പുറത്തെടുക്കാനാവുക.
5 സെക്കൻഡിനുള്ളിൽ 40 കിലോമീറ്റർ വേഗത കൈവരിക്കാനും ഇതിനാവും. ഇക്കോ, സിറ്റി, പവർ, റിവേഴ്‌സ് എന്നിങ്ങനെ 4 റൈഡ് മോഡുകളുമായാണ് ഇ-സ്‌കൂട്ടർ വരുന്നത്. ഒരു ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ബ്ലൂടൂത്ത് കണക്റ്റിവിറ്റി,സ്മാർട്ട്‌ഫോണും പ്രൊപ്രൈറ്ററി ആപ്പും വഴി ടേൺ-ബൈ-ടേൺ നാവിഗേഷൻ, കോൾ, നോട്ടഫിക്കേഷൻ അലേർട്ടുകൾ എന്നിവയും പ്രൈമസിൽ അണിയിച്ചൊരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.