സൂപ്പർസ്റ്റാർ രജനികാന്തിന്റെ 'ജയിലർ' തീയറ്ററുകളിൽ തീർക്കുന്ന അലയൊലികൾ ഇപ്പോഴും അവസാനിച്ചിട്ടില്ല. ചിത്രം കാണാൻ ആരാധകർ തിയേറ്ററുകളിലേക്ക് ഒഴുകുകയാണ്. ജയിലർ കോളിവുഡിൽ പുതിയ ചരിത്രം സൃഷ്ടിക്കുമ്പോൾ, അണിയറ പ്രവർത്തകർക്ക് വിവിധ സമ്മാനങ്ങളുമായി നിർമാതാക്കളായ സൺ പിക്ചേഴ്സ് എത്തിയിരുന്നു. രജനിക്കും സംവിധായകൻ നെൽസണും ആഢംബര കാറുകൾ നൽകിയ നിർമാതാക്കൾ ഇപ്പോഴിതാ സംഗീതസംവിധായകൻ അനിരുദ്ധിന് പോർഷെ മകാൻ സമ്മാനിച്ചിരിക്കുകയാണ്.
ബി.എം.ഡബ്ല്യു ഐ എക്സ്, ബി.എം.ഡബ്ല്യു എക്സ് 5, പോർഷെ മകാൻ എന്നിവ അനിരുദ്ധിനെ കാണിക്കാൻ കൊണ്ടുവന്നിരുന്നു. ഇതിൽ പോർഷെ മകാൻ ആണ് താരം തെരഞ്ഞെടുത്തത്. കഴിഞ്ഞ ദിവസം അനിരുദ്ധിന് ഒരു ചെക്കും നിർമാതാക്കൾ സമ്മാനിച്ചിരുന്നു. അനിരുദ്ധിന്‍റെ ഉജ്ജ്വലമായ പശ്ചാത്തല സംഗീതത്തേയും ഗാനങ്ങളേയും ആരാധകർ ഏറെ പ്രശംസിച്ചിരുന്നു.
മാക്കാൻ, മാക്കാൻ എസ്, മാക്കാൻ ജി.ടി എന്നീ മോഡലുകൾ പോർഷെയുടെ ലൈനപ്പിലുണ്ട്. ഇതിൽ ഏതു മോഡലാണ് സമ്മാനിച്ചത് എന്നു വ്യക്തമല്ല. 265 പി.എസ് കരുത്തും 400 എൻ.എം ടോർക്കുമുള്ള 2ലീറ്റർ പെട്രോൾ എൻജിനാണ് മാകാനിന്‍റെ കരുത്ത്. 88.06 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില. ഉയർന്ന വേഗം 232 കിലോമീറ്ററാണ്. വേഗം നൂറു കടക്കാൻ വേണ്ടതോ വെറും 6.4 സെക്കന്റ് മാത്രം.
മൂന്നു ലീറ്റർ ട്വൻ ടർബോ വി6 എൻജിനാണ് മാകാൻ എസ്, ജി.ടി മോഡലുകൾക്കുള്ളത്. മാകാൻ എസ് 380 പി.എസ് കരുത്തും 520 എൻ.എം ടോർക്കുമാണ് നൽകുന്നത്. ഉയർന്ന വേഗം മണിക്കൂറിൽ 259 കിലോമീറ്ററാണ്. 4.8 സെക്കൻഡിൽ മകാൻ എസിന്റെ വേഗം നൂറ് കടക്കും. എക്സ്ഷോറൂം വില 1.43 കോടിയാണ്. 440 പി.എസ് കരുത്തും 550 എൻ.എം ടോർക്കുമാണ് ജി.ടിക്കുള്ളത്. ഉയർന്ന വേഗം 272 കിലോമീറ്ററും 100 കടക്കാൻ വേണ്ടത് വെറും 4.5 സെക്കൻഡുമാണ്. 1.53 കോടിയാണ് എക്സ്ഷോറൂം വില.
സിനിമയുടെ ലാഭവിഹിതമാണ് നായകനായ രജനീകാന്തിന് ആദ്യം സൺ പിക്ചേഴ്സ് സമ്മാനമായി നൽകിയത്. പിന്നീടാണ് അദ്ദേഹത്തിന് കാർ സമ്മാനിച്ചത്. ബി.എം.ഡബ്ല്യു X7 എസ്.യു.വി, ബി.എം.ഡബ്ല്യു i7 സെഡാൻ എന്നീ കാറുകളിൽ നിന്ന് ഇഷ്ടപ്പെട്ട വാഹനം താരം തെരഞ്ഞെടുക്കുന്ന വിഡിയോ സൺപിക്ച്ചേഴ്‌സ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. ബി.എം.ഡബ്ല്യു i7 സെഡാൻ വേണ്ടെന്നു വെച്ച് സൂപ്പർസ്റ്റാർ ബി.എം.ഡബ്ല്യു X7 എസ്.യു.വിയാണ് തെരഞ്ഞെടുത്തത്.
നെൽസന് 1.50 കോടിയുടെ ലക്ഷ്വറി എസ്.യു.വിയാണ് നിർമാതാക്കൾ കൊടുത്തത്. ബിഎംഡബ്ല്യു iX, ബി.എം.ഡബ്ല്യു X5, പോർഷ മകാൻ തുടങ്ങിയ മൂന്നു കാറുകളിൽ നിന്നും ഇഷ്‌ടപ്പെട്ടത് തെരഞ്ഞെടുക്കാനാണ് കലാനിധിമാരൻ ആവശ്യപ്പെട്ടത്. ഇതിൽ നിന്ന് പോർഷയാണ് ജയിലർ സംവിധായകൻ തെരഞ്ഞെടുത്തത്. നെൽസണ് സിനിമയുടെ ലാഭവിഹിതവും നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.