ബ്രിട്ടീഷ് സ്‍പോർട്സ് കാർ നിർമാതാക്കളായ ആസ്റ്റൺ മാർട്ടിൻ എസ്.യു.വിയായ ഡി.ബി.എക്സ് 707 അവതരിപ്പിച്ചു. ലോകത്തിലെ ഏറ്റവും ശക്തനായ ആഡംബര എസ്‌യുവി എന്നാണ് ഡി.ബി.എക്സിനെ വിശേഷിപ്പിക്കുന്നത്. 707 എച്ച്‌പി കരുത്തും 900 എൻഎം ടോർക്കും വാഹനം ഉത്പ്പാദിപ്പിക്കും. വെറും 3.1 സെക്കൻഡിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാനുള്ള ശേഷിയും വാഹനത്തിനുണ്ട്.
ആസ്റ്റൺ മാർട്ടിന്റെ ഡിബിഎക്‌സിനെ അടിസ്ഥാനമാക്കിയുള്ളതാണ് 707 പതിപ്പ്. സ്റ്റാൻഡേർഡ് പതിപ്പിനേക്കാൾ ഏറെ മുകളിലാണ് പ്രകടനം. റീട്യൂൺ ചെയ്‌ത ബെൻസ് എ.എം.ജി 4.0 ലിറ്റർ വി8 എഞ്ചിനാണ് വാഹനത്തിന് കരുത്തുപകരുന്നത്. ഒരു ജോഡി ടർബോചാർജറുകളുഒ ഘടിപ്പിച്ചിട്ടുണ്ട്. എഞ്ചിൻ കാലിബ്രേറ്റ് ചെയ്യുകയും ഇ.സി.യു ടൂണിങ്ങിന് വിധേയമാക്കുകയും ചെയ്തിട്ടുണ്ട്.
ക്വാഡ്-എക്‌സിറ്റ് ആക്റ്റീവ് എക്‌സ്‌ഹോസ്റ്റ് സിസ്റ്റമാണ് മറ്റൊരു പ്രത്യേകത. ഒമ്പത് സ്പീഡ് വെറ്റ്-ക്ലച്ച് ഗിയർബോക്‌സിൽ മാനുവൽ മോഡുകളും ലഭിക്കും. അപ്‌ഡേറ്റ് ചെയ്‌ത റിയർ ഇ-ഡിഫറൻഷ്യലും ഉൾപ്പെടുത്തിയിട്ടുണ്ട്. സുഗമമായ ഹൈ-സ്പീഡ് കോർണറിങ്ങാണ് വാഹനത്തിന്റെ ഒരു പ്രത്യേകത.
ഏറ്റവും പുതിയ ആസ്റ്റൺ മാർട്ടിൻ ഡി.ബി.എക്സ് 707 ലക്ഷ്വറി എസ്‌യുവിക്ക് സ്മാർട്ട് ഓട്ടോമാറ്റിക് ഓൾ-വീൽ ഡ്രൈവ് (AWD) സിസ്റ്റം ലഭിക്കും. ആവശ്യമുള്ളപ്പോഴെല്ലാം മുൻ, പിൻ ചക്രങ്ങളിലേക്ക് മാറിമാറി പവർ അയക്കാൻ ഇതിനാകും.
പുതുക്കിയ എയർ സസ്‌പെൻഷനിൽ കുറഞ്ഞ ബോഡി റോളിനായി ഡാംപറുകളും സ്പ്രിംഗുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇലക്ട്രോണിക് ആക്റ്റീവ് റോൾ കൺട്രോൾ (ഇഎആർസി) സംവിധാനവും ഇതിലുണ്ട്. പരിഷ്കരിച്ച ഇലക്ട്രോണിക് സ്റ്റിയറിങ് സിസ്റ്റം മികച്ച ഡ്രൈവബിലിറ്റി നൽകും. കാർബൺ-സെറാമിക് സിക്‌സ്-പിസ്റ്റൺ കാലിപ്പർ ഡിസ്‌ക് ബ്രേക്കുകളാണ്. മുന്നിൽ 16.5 ഇഞ്ചും പിന്നിൽ 15.4 ഇഞ്ചുമാണുള്ളത്. ഡിസ്‌ക് ബ്രേക്കുകൾ 22 ഇഞ്ച് വീലുകളിൽ ഘടിപ്പിച്ചിരിക്കുന്നു. 23 ഇഞ്ച് വീലുകളും ഓപ്ഷനായി ആസ്റ്റൺ മാർട്ടിൻ വാഗ്ദാനം ചെയ്യുന്നു.
232,000 ഡോളറാണ് എസ്‌യുവിയുടെ വില. എസ്‌യുവിയുടെ ഉത്പാദനം 2022 ന്റെ ആദ്യ പാദത്തിൽ ആരംഭിക്കും. രണ്ടാം പാദത്തിൽ ഉപഭോക്തൃ ഡെലിവറിയും ആരംഭിക്കുമെന്നും ആസ്റ്റൺ മാർട്ടിൻ അറിയിച്ചു. പോർഷെ കയെൻ ടർബോ ജിടി, ലംബോർഗിനി ഉറൂസ്, ബെന്റ്ലെ ബെന്റയ്ഗ തുടങ്ങിയ എതിരാളികളോടാണ് എസ്‌യുവി മത്സരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.