ഔഡിയുടെ ആഡംബര പൂർണത; രാജകീയം എ 8 എൽ

ജർമൻ ആഡംബര കാർ നിർമാതാക്കളായ ഔഡി അവരുടെ ഏറ്റവും ആഡംബര സെഡാൻ 'എ8 എൽ' ഫേസ്‍ലിഫ്റ്റ് രാജ്യത്ത് അവതരിപ്പിച്ചു. പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനോടെ ഇന്ത്യയില്‍ വില്‍പ്പനയ്ക്കെത്തുന്ന ഔഡി എ 8 എല്ലിന് 1.29 കോടി മുതല്‍ 1.57 കോടി രൂപ വരെയാണ് (എക്സ്-ഷോറൂം) വില. ആഡംബര സൗകര്യങ്ങളും അത്യാധുനിക സാങ്കേതിക വിദ്യകളും ഇണക്കിച്ചേർത്ത കാറിന് സെലിബ്രേഷൻ എഡിഷൻ, ടെക്നോളജി എന്നീ രണ്ട് വേരിയന്റുകളുണ്ട്.


340 ബി.എച്ച്.പി കരുത്തും 500 എൻ.എം ടോർക്കും ഉത്പാദിപ്പിക്കുന്ന 48 വോൾട്ട് മൈൽഡ് ഹൈബ്രിഡ് സംവിധാനമുള്ള 3.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് എഞ്ചിനോടുകൂടിയ എ 8 ന്റെ എതിരാളികൾ മെഴ്സിഡസ് ബെന്‍സ് എസ്-ക്ലാസ്, ബി എം ഡബ്ല്യു സെവൻ സീരീസ്, ലെക്സസ് എല്‍ എസ് എന്നിവയാണ്. പൂജ്യത്തിൽനിന്നു 100 കിലോമീറ്റർ (മണിക്കൂറിൽ) വേഗമെത്താൻ വാഹനത്തിന് 5.7 സെക്കൻഡ് മാത്രം മതി.

അകത്തും പുറത്തും ഒരു പോലെ മാറ്റങ്ങളോടെയാണ് പുതിയ എ 8 എൽ നിരത്തിലെത്തുന്നത്. വിശാലമായ സിംഗിള്‍ ഫ്രെയിം ഫ്രണ്ട്‌ ഗ്രില്‍ നല്‍കുന്ന ആധികാരിക ഭാവത്തോട് ഒത്തു പോകുന്നതാണ് ഹെഡ് ലാമ്പുകള്‍. ഡിജിറ്റല്‍ മാട്രിക്‌സ് എല്‍.ഇ.ഡി ലൈറ്റിങ് കൊണ്ട് ആകര്‍ഷകവുമാണ് ഹെഡ് ലാമ്പുകള്‍. എയര്‍ ഇന്‍ടേക്കുകള്‍ക്കും പുതിയ ഡിസൈന്‍ നല്‍കിയിട്ടുണ്ട്. പിന്‍ഭാഗത്ത് മാറ്റങ്ങള്‍ അധികമില്ലാതെയാണ് എ8എല്‍ പുറത്തിറങ്ങുന്നത്. ഡിജിറ്റല്‍ ഒ.എല്‍ഇ.ഡി ലാമ്പുകളുള്ള ഫുള്‍ വിഡ്ത് സ്ട്രിപ്പും അതിനു താഴെയായുള്ള ക്രോം സ്ട്രിപ്പുമാണ് പിന്‍ഭാഗത്തെ പ്രധാന ആകര്‍ഷണങ്ങള്‍.


പിന്‍സീറ്റിലെ യാത്രക്ക് പ്രത്യേക ശ്രദ്ധ നല്‍കിയിരിക്കുന്ന പുതിയ പതിപ്പില്‍ റിക്ലൈനര്‍ സീറ്റുകളോട് കൂടിയ റിയര്‍ റിലാക്സേഷന്‍ പാക്കേജ്, റിയര്‍ സൈഡ് പാസഞ്ചര്‍ക്കുള്ള ഹീറ്റഡ് ഫൂട്ട് മസാജ് ഫംഗ്ഷന്‍, എയര്‍ അയോണൈസര്‍ അരോമറ്റൈസേഷന്‍ എന്നിവക്ക് പുറമേ ബാംഗ് & ഒലുഫ്സെന്നിന്റെ ത്രീഡി എന്റര്‍ടൈന്‍മെന്റ് സിസ്റ്റവും ഉൾപ്പെടുത്തിയിട്ടുണ്ട്. 1920 വാട്ടിന്റെ എന്റര്‍ടൈന്‍മെന്റ് സിസ്റ്റത്തില്‍ 23 സ്പീക്കറുകളാണുള്ളത്. റിയര്‍ സീറ്റ് റിമോട്ട്, മാട്രിക്സ് LED റിയര്‍ റീഡിങ് ലൈറ്റുകള്‍, ഉള്‍വശത്തെ ആകര്‍ഷകമാക്കുന്ന ആംബിയന്റ് ലൈറ്റിങ് പാക്കേജ് പ്ലസ് എന്നിവയും ഉള്ളിലെ പ്രത്യേകതകളാണ്. മുന്നിലുള്ള റോഡിന്റെ അവസ്ഥയ്ക്കനുസരിച്ച് എയര്‍ സസ്‌പെന്‍ഷന്‍ ക്രമീകരിക്കപ്പെടുന്ന സംവിധാനവും കാറിലുണ്ട്.


എ8 എല്‍ വിട്ടുവീഴ്ചയില്ലാത്ത ഗതാഗതത്തിന്റെ പ്രതീകമാണെന്നും ഏറ്റവും പുതിയ മോഡല്‍ കൂടുതല്‍ ഗ്ലാമറും സൗകര്യവും സാങ്കേതികവിദ്യയും നല്‍കുന്നുവെന്നും ഔഡി ഇന്ത്യയുടെ മേധാവി ബല്‍ബീര്‍ സിംഗ് ധില്ലണ്‍ പറഞ്ഞു. സെലിബ്രേഷന്‍ എഡിഷൻ അഞ്ച് സീറ്റ് കോണ്‍ഫിഗറേഷനിലും ടെക്‌നോളജി നാല്, അഞ്ച് സീറ്റ് കോണ്‍ഫിഗറേഷനുകളിലും ലഭിക്കും.



Tags:    
News Summary - Audi A8 L launched in India at ₹1.29 crore, promises unprecedented luxury

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.