വാഹനപ്രേമികളുടെ ഇഷ്ട പ്രീമിയം എസ്.യു.വിയായ ഓഡി ക്യൂ5 ന്‍റെ ലിമിറ്റഡ് എഡിഷൻ മോഡൽ ഇന്ത്യയിൽ അവതരിപ്പിച്ചു. നിരവധി പ്രത്യേകതകളോടെയാണ് പുതിയ പതിപ്പ് എത്തിയിരിക്കുന്നത്. 69.72 ലക്ഷം രൂപക്ക് (എക്സ്-ഷോറൂം) ലിമിറ്റഡ് എഡിഷൻ സ്വന്തമാക്കാം. നിലവിലുള്ള മോഡലിനേക്കാൾ ലിമിറ്റഡ് എഡിഷന് 1.5 ലക്ഷം രൂപ കൂടുതലാണ്. കൂടാതെ പരിമിതമായ എണ്ണം മാത്രമേ ഇന്ത്യയിലെത്തൂ. മേഴ്സിഡസ് ബെൻസ് ജി.എൽ.സി, ബി.എം.ഡബ്ല്യൂ എക്സ് 3, ലെക്സസ് എൻ.എക്സ്, വോൾവോ എക്സ്.സി 60 എന്നിവയാണ് പ്രധാന എതിരാളികൾ.
മൈത്തോസ് ബ്ലാക്ക് നിറത്തിമാണ് എക്സ്റ്റീരിയറിന് നൽകിയത്. ഈ നിറത്തിൽ മാത്രമേ വാഹനം ലഭ്യമാവൂ. പ്രത്യേക പതിപ്പിൽ കറുപ്പ് നിറത്തിലാണ് വിൻഡോ ട്രിം സ്ട്രിപ്പുകളുള്ളത്. എൽ.ഇ.ഡി ഹെഡ്‌ലൈറ്റുകൾ, എൽ.ഇ.ഡി ടെയിൽ ലൈറ്റുകൾ, പനോരമിക് സൺറൂഫ്, കീലെസ് എൻട്രിക്കുള്ള കംഫർട്ട് കീ, സെൻസർ നിയന്ത്രിത ബൂട്ട് ലിഡ് എന്നിവ പ്രത്യേകതകളാണ്. ഗ്രില്ല്, റൂഫ് റെയിൽ, ലോഗോ എന്നിവക്ക് കറുപ്പ് നിറമാണ് ലിമിറ്റഡ് എഡിഷനിലുള്ളത്.
ഉൾവശം ലെതറിൽ പൊതിഞ്ഞതാണെന്ന് പറയാം. ഒകാപി ബ്രൗണിന്റെ ഷേഡിലാണ് ക്യാബിൻ ഒരുക്കിയിരിക്കുന്നത്. ഇത് അകത്തളത്തിന് പ്രീമിയം ലുക്ക് സമ്മാനിക്കുന്നു. പ്ലഷ് ലെതർ, ലെതറെറ്റ് കോമ്പിനേഷൻ അപ്‌ഹോൾസ്റ്ററി എന്നിവ ഗംഭീരമാണ്. എട്ട് എയർബാഗുകൾ, പാർക്കിങ് എയ്‌ഡ് പ്ലസ് പാർക്ക് അസിസ്റ്റ്, ഡ്രൈവർ മെമ്മറിയുള്ള പവർ ഫ്രണ്ട് സീറ്റുകൾ, ത്രീ-സോൺ ക്ലൈമറ്റ് കൺട്രോൾ, 30-കളർ ആംബിയന്റ് ലൈറ്റിങ്, വയർലെസ് ഫോൺ ചാർജിങ്, 10 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സ്‌ക്രീൻ, 19 സ്പീക്കറുകളുള്ള B&O പ്രീമിയം സൗണ്ട് സിസ്റ്റം, ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ എന്നിവയോടെ സമ്പന്നമാണ് ഓഡി ക്യു5 ന്റെ ക്യാബിൻ.
265 എച്ച്.പി പവറും 370 എൻ.എം ടോർക്കും ഉൽപാദിപ്പിക്കുന്ന 2.0-ലിറ്റർ ടർബോ-പെട്രോൾ എഞ്ചിനാണ് വാഹനത്തിന്‍റെ കരുത്ത്.7-സ്പീഡ് ഡ്യുവൽ-ക്ലച്ച് ഓട്ടോമാറ്റിക് ട്രാൻസ്മിഷനും ഓഡിയുടെ ക്വാട്രോ ഓൾ-വീൽ ഡ്രൈവ് സിസ്റ്റവും ഡ്രൈവിങ് ആനന്ദകരമാക്കും.അഡാപ്റ്റീവ് സസ്‌പെൻഷനും ആറ് മോഡുകളുള്ള ഓഡി ഡ്രൈവ് സെലക്‌ടും ഉണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.