പാവങ്ങളുടെ ഉറുസ് എന്നറിയപ്പെടുന്ന ഔഡി ക്യൂ 8ന്‍റെ ലിമിറ്റഡ് എഡിഷൻ അവതരിപ്പിച്ചു. 1.18 കോടി രൂപയാണ് വാഹനത്തിന്‍റെ വില. എക്സ്-ലൈൻ എക്സ്റ്റീരിയർ പാക്കേജും ബ്ലാക്ക് സ്റ്റൈലിങ് പാക്കേജും ഉപയോഗിച്ചാണ് വാഹനം സ്പെഷ്യൽ എഡിഷനാക്കിയിരിക്കുന്നത്. മൈത്തോസ് ബ്ലാക്ക്, ഗ്ലേസിയർ വൈറ്റ്, ഡേടോണ ഗ്രേ എന്നിങ്ങനെ മൂന്ന് കളർ ഓപ്ഷനുകളിൽ വണ്ടി ലഭ്യമാകും.
ഫോക്സ്വാഗന്റെ ഉടമസ്ഥതയിലുള്ള ഔഡി, ലംബോർഗിനി എന്നീ ബ്രാൻഡുകളുടെ വാഹനങ്ങൾ ഏതാണ്ട് സമമായാണ് നിർമിക്കുന്നത്. ഉറുസിന്‍റേയും ക്യൂ 8ന്‍റേയും പ്ലാറ്റ്ഫോം ഉൾപ്പടെ സമമാണ്. എന്നാൽ വിലയിൽ ഇരു വാഹനങ്ങളും തമ്മിൽ കാര്യമായ വ്യത്യാസമുണ്ട്. 3.0 ലിറ്റർ, TFSI, 48V മൈൽഡ് ഹൈബ്രിഡ് എഞ്ചിനാണ് ക്യൂ 8 സ്പെഷ്യൽ എഡിഷന് തുടിപ്പേകുന്നത്. എഞ്ചിൻ 340 ബി.എച്ച്.പി കരുത്തിൽ പരമാവധി 500 എൻ.എം ടോർക് ഉത്പാദിപ്പിക്കും. എട്ട് സ്പീഡ് ടിപ്‌ട്രോണിക് ട്രാൻസ്മിഷനാണ്.
വെറും 5.9 സെക്കൻഡിൽ 0-100 വേഗത കൈവരിക്കാൻ വാഹനത്തിനാകും. മണിക്കൂറിൽ പരമാവധി 250 കിലോമീറ്റർ ആണ് വേഗത. എട്ട് എയർബാഗുകൾ, പാർക്കിങ് എയ്‌ഡ് പ്ലസ്, റിയർ വ്യൂ ക്യാമറ, ഇലക്ട്രോണിക് സ്റ്റെബിലൈസേഷൻ പ്രോഗ്രാം എന്നീ ഫീച്ചറുകളെല്ലാം എസ്‌യുവിയിൽ ലഭിക്കും. ബ്ലാക്ക് റൂഫ് റെയിലുകളും R21 ഫൈവ് സ്‌പോക്ക് ഗ്രാഫൈറ്റ് ഗ്രേ ഡയമണ്ട് ഫിനിഷ് അലോയ് വീലുകളുമാണ് ലഭിക്കുന്നത്. പനോരമിക് സൺറൂഫും ഫ്രെയിംലെസ്സ് ഡോറുകളും പ്രീമിയം ഫീൽ ഉയർത്തുന്നു.
അകത്തളത്തിലെത്തിയാൽ ഡ്രൈവർ-ഫോക്കസ്ഡ് കോക്ക്പിറ്റ് കാണാം. പ്രാഥമിക സ്‌ക്രീൻ 25.65 സെന്റീമീറ്ററും സെക്കണ്ടറി സ്‌ക്രീനിന് 21.84 സെന്റീമീറ്റർ വലിപ്പവുമാണുള്ളത്. ഫോർ-സോൺ എയർ കണ്ടീഷനിങും B&O സൗണ്ട് സിസ്റ്റവും ലക്ഷ്വറി എസ്‌യുവിയുടെ ആഡംബര ഫീൽ വർധിപ്പിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.