കുറച്ചുനാളുകൾക്കുമുമ്പാണ് ഹംഗേറിയൻ ഇരുചക്ര വാഹന കമ്പനിയായ കീവേ ഇന്ത്യയിലേക്ക് എത്തുന്നത്. ഇറ്റാലിയൻ വാഹന നിർമാതാക്കളായ ബെനല്ലിയുടെ ഷോറൂമുകൾ വഴിയാണ് കീവേ രാജ്യത്ത് വിൽക്കുന്നത്. ഹംഗറിക്കാരൻ ബൈക്ക് ഇറ്റാലിയൻ ഷോറൂമിൽ എത്തുന്നതിനുപിന്നിൽ ഒരു കഥയുണ്ട്. ആ കഥ തുടങ്ങുന്നത് ചൈനയിൽ നിന്നാണ്. കീവേയും ബെനല്ലിയും ഇപ്പോൾ ഒരു ചൈനീസ് കമ്പനിയുടെ ഉടമസ്ഥതയിലാണെന്നതാണ് ആ കഥ. ചൈനയിലെ ക്വിയാങ്ജിയാങ് ഗ്രൂപ്പാണ് ഈ രണ്ട് യൂറോപ്യൻ ബ്രാൻഡുകളുടേയും ഇന്നത്തെ ഉടമസ്ഥർ.
കീവേയുടെ ചരിത്രം പറഞ്ഞതിനുപിന്നിൽ ഒരു കാരണമുണ്ട്. കീവേ തങ്ങളുടെ ഏറ്റവും പുതിയ മോഡൽ ഓട്ടോ എക്സ്പോ 2023ൽ അവതരിപ്പിച്ചിട്ടുണ്ട്. ഇന്ത്യയില്‍ അനുദിനം വളർന്നുകൊണ്ടിരിക്കുന്ന നിയോക്ലാസിക് മോട്ടോര്‍സൈക്കിള്‍ വിഭാഗത്തില്‍പ്പെടുന്ന പുതിയ ബൈക്കാണ് കമ്പനി അവതരിപ്പിച്ചത്. കീവേ എസ്.ആർ 250 എന്ന് പേരിട്ടിരിക്കുന്ന ബൈക്ക് റോയൽ എൻഫീൽഡ് ഹണ്ടർ ഉൾപ്പടെ വമ്പന്മാരുള്ള വിഭാഗത്തിലേക്കാണ് എത്തുന്നത്. ഓട്ടോ എക്‌സ്‌പോയുടെ ആദ്യ ദിനത്തിലാണ് 1.49 ലക്ഷം രൂപ എക്സ്-ഷോറൂം വിലവരുന്ന എസ്.ആർ 250 അവതരിപ്പിച്ചത്.
കഴിഞ്ഞ വര്‍ഷം തുടരെ തുടരെ ലോഞ്ചുകളുമായി കീവേ മോട്ടോര്‍സൈക്കിള്‍ പ്രേമികളെ ഞെട്ടിച്ചിരുന്നു. ഇന്ത്യയില്‍ കീവേ ഇതിനോടകം വിപണിയില്‍ എത്തിച്ച എസ്.ആർ 125ന് സമാനമായ രൂപത്തിലാണ് എസ്.ആർ 250 മോട്ടോര്‍സൈക്കിളും വരുന്നത്. 125 സിസി എഞ്ചിനുമായി വരുന്ന തന്റെ സഹോദരനെപ്പോലെ തന്നെ മള്‍ട്ടി-സ്പോക്ക് വീലുകള്‍, ബ്ലോക്ക് പാറ്റേണ്‍ ടയറുകള്‍, ചോപ്പ്ഡ് ഫെന്‍ഡറുകള്‍, ഫ്രണ്ട് ഫോര്‍ക്ക് ഗെയ്റ്ററുകള്‍, വൃത്താകൃതിയിലുള്ള ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, റിബഡ് പാറ്റേണ്‍ സീറ്റ് തുടങ്ങിയ ഡിസൈന്‍ ഘടകങ്ങളുള്ള ഓള്‍ഡ്-സ്‌കൂള്‍ സ്‌ക്രാംബ്ലര്‍-ടൈപ്പ് ബൈക്കാണ് എസ്.ആർ 250.
റൗണ്ട് സിംഗിള്‍ പോഡ് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, എല്‍ഇഡി ലൈറ്റിംഗ് പാക്കേജ് എന്നിവ ഉള്‍പ്പെടെയുള്ള ഫീച്ചറുകള്‍ മോട്ടോര്‍സൈക്കിളില്‍ സജ്ജീകരിച്ചിട്ടുണ്ട്. 223 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍ കൂള്‍ഡ് എഞ്ചിനാണ് ബൈക്കിൽ. 7500 rpm-ല്‍ 16 bhp പവറും 6500 rpm-ല്‍ 16 Nm ടോര്‍ക്കും എഞ്ചിന്‍ പുറത്തെടുക്കും.
120 കിലോഗ്രാം മാത്രമാണ് ഭാരം. 14.2 ലിറ്ററാണ് ഇന്ധന ടാങ്ക് ശേഷി. 300 എംഎം ഫ്രണ്ട് ഡിസ്‌കും 210 എംഎം റിയര്‍ ഡിസ്‌കുമാണ് ബ്രേക്കിംഗ് ചുമതലകള്‍ നിര്‍വഹിക്കുന്നത്. ഇവ ഡ്യുവല്‍ ചാനല്‍ എബിഎസുമായി സംയോജിപ്പിച്ചിരിക്കുന്നു. 2000 രൂപ ടോക്കണ്‍ തുക നല്‍കി ഇപ്പോള്‍ കീവേ എസ്.ആർ 250 ബുക്ക് ചെയ്യാം. ഈ വര്‍ഷം ഏപ്രിലില്‍ മോട്ടോര്‍സൈക്കിളിന്റെ ഡെലിവറി ആരംഭിക്കും. ഹണ്ടറിനെക്കുടാതെ ടിവിഎസ് റോണിന്‍, കവാസാക്കി W175 തുടങ്ങിയ എതിരാളികളുമായി ബൈക്ക് മത്സരിക്കും.
ഏഴ് ബൈക്കുകളാണ് നിലവില്‍ കീവേയുടെ ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍ ശ്രേണിയില്‍ ഉള്ളത്. K ലൈറ്റ് 250V ക്രൂസര്‍ മോട്ടോര്‍സൈക്കിള്‍, വിയസ്റ്റെ 300 മാക്‌സി സ്‌കൂട്ടര്‍, സിക്സ്റ്റീസ് 300i പ്രീമിയം സ്‌കൂട്ടര്‍, SR 125 എന്നീ മോഡലുകള്‍ അക്കൂട്ടത്തില്െപ്പടുന്നു.
SR125 ബൈക്കിന് 1.19 ലക്ഷം രൂപയും V302C ക്രൂയിസറിന് 3.89 ലക്ഷം രൂപയും, K300 R മോഡലിന് 2.99 ലക്ഷം രൂപയും, K-ലൈറ്റ് 250V പവര്‍ ക്രൂയിസറിന് 3.09 ലക്ഷം രൂപയും, K300 N സ്ട്രീറ്റ് മോട്ടോര്‍സൈക്കിളിന് 2.65 ലക്ഷം രൂപയുമാണ് ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില. കംപ്ലീറ്റ്‌ലി നോക്ക്ഡ് ഡൗണ്‍ (CKD) യൂനിറ്റായാണ് കീവേ മോട്ടോര്‍സൈക്കിളുകള്‍ ഇന്ത്യയില്‍ എത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.