ഇനിയാണ് കളി; ഇ.വി യുദ്ധത്തിലേക്ക് മാരുതിയും, ഇ.വി.എക്സ് കൺസപ്ട് ഓ​ട്ടോ എക്സ്​പോയിൽ

ഭാവിയിലേക്കുള്ള വാഹനങ്ങളുടെ പ്രദർശനശാലയായ ഇന്ത്യൻ ഓട്ടോ എക്സ്​പോയിൽ ഗംഭീര തുടക്കവുമായി മാരുതി സുസുകി. ഇനിയും വൈദ്യുത വാഹന വിപണിയിലേക്ക് പ്രവേശിച്ചിട്ടില്ലാത കമ്പനി തങ്ങളുടെ ആദ്യ ഇ.വി കൺസപ്ട് ഓട്ടോ എക്പോയിൽ പുറത്തിറക്കി. ഇ.വി.എക്സ് എന്ന് പേരിട്ടിരിക്കുന്ന വാഹനം ഒരു എസ്.യു.വി മോഡലാണ്.

പ്രത്യേകതകൾ

4,300 എം.എം നീളവും 1,800 എം.എം വീതിയും 1,600 എം.എം ഉയരവുമുള്ള വാഹനമാണ് ഇ.വി.എക്സ്. 2,700 എം.എം വീല്‍ബേസ് കൂടിയാകുമ്പോൾ വാഹനം വലുപ്പമുള്ളതാകും. മുന്നിൽ എല്‍ഇഡി ഡേടൈം റണ്ണിങ് ലൈറ്റുകളോട് കൂടിയ 'വി' ആകൃതിയിലുള്ള ഹെഡ്ലാമ്പുകളാണുള്ളത്. ഗംഭീരമായ വീല്‍ ആര്‍ച്ചുകള്‍, ആകര്‍ഷകമായ അലോയ് വീലുകള്‍, കൂപ്പെ പോലുള്ള റൂഫ് ലൈന്‍ എന്നിവയും ഈ ഇലക്ട്രിക് കാറിന്റെ ഡിസൈന്‍ ഹൈലൈറ്റുകളില്‍ ചിലതാണ്.

പുതിയ എസ്‌.യു.വി കണ്‍സപ്റ്റിന് 60 kWh ബാറ്ററി പാക്ക് ആണ് നല്‍കിയിരിക്കുന്നത്. ഈ ബാറ്ററി ഫുള്‍ ചാര്‍ജില്‍ 550 കിലോമീറ്റര്‍ വരെ റേഞ്ച് നല്‍കുമെന്ന് കമ്പനി അവകാശപ്പെടുന്നു. നിലവിലുള്ള പല എതിരാളികളേക്കാളും കൂടുതലാണിത്. കാറില്‍ ലിഥിയം അയണ്‍ ഫോസ്‌ഫേറ്റ് ബ്ലേഡ് സെല്‍ ബാറ്ററികളാണ് കമ്പനി ഉപയോഗിച്ചിരിക്കുന്നത്. ബ്ലേഡ് സെല്‍ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനാല്‍ മികച്ച റേഞ്ച് ലഭിക്കുന്നതിനൊപ്പം വാഹനത്തിന്റെ വില കുറയാനും സാധ്യതയുണ്ട്.


2025 ജനുവരിയിലോ ഫെബ്രുവരിയിലോ ഇ.വി.എക്സ് ഇന്ത്യന്‍ വിപണിയില്‍ ഔദ്യോഗികമായി അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷ. ഗുജറാത്തിലെ സുസുകിയുടെ പ്ലാന്റിലായിരിക്കും നിര്‍മ്മാണം. പുതിയ ഇ.വി വിപണിയില്‍ എത്തുമ്പോള്‍ ഹ്യുണ്ടായ് ക്രെറ്റയുടെ ഇലക്ട്രിക് പതിപ്പുമായിട്ടായിരിക്കും നേരിട്ട് ഏറ്റുമുട്ടുക. മാരുതി ഇ.വിക്കൊപ്പം ഹ്യുണ്ടായി ക്രെറ്റ ഇവിയും 2025-ലാകും വില്‍പ്പനയ്ക്കെത്തുക. മാരുതിയുടെ ഇലക്ട്രിക് കാറിന്റെ വരവ് പ്രതിസന്ധി സൃഷ്ടിക്കാന്‍ സാധ്യതയുളളത് ടാറ്റ നെക്‌സോണ്‍ ഇ.വി മാക്‌സിനാണ്. ഇന്ത്യയില്‍ ഇന്ന് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ഇ.വികളില്‍ ഒന്നാണ് ഇത്.

നെക്‌സോണ്‍ ഇ.വി മാക്‌സില്‍ 40.5 kWh ബാറ്ററി പാക്കാണ് ഉപയോഗിച്ചിരിക്കുന്നത്. ഫുള്‍ ചാര്‍ജില്‍ ഇ.വി 437 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കും. റേഞ്ചിൽ മാരുതിക്ക് മുൻതൂക്കം കിട്ടാൻ സാധ്യതയുണ്ട്. 18.34 ലക്ഷം രൂപ (എക്‌സ്‌ഷോറൂം) പ്രാരംഭ വിലയിലാണ് ടാറ്റ നെക്‌സോണ്‍ ഇവി മാക്‌സ് ഇന്ത്യന്‍ വിപണിയില്‍ വില്‍ക്കുന്നത്. ടോപ് വേരിയന്റിന് 20.04 ലക്ഷം രൂപ (എക്‌സ്‌ഷോറും) നല്‍കണം. എന്നാല്‍ 15 മുതല്‍ 20 ലക്ഷം രൂപ വില നിലവാരത്തിലാകും പുതിയ മാരുതി സുസുകി ഇലക്ട്രിക് എസ്‌.യു.വി എത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. വാര്‍ത്തകള്‍ സത്യമാണെങ്കില്‍ വാഹനം രാജ്യത്ത് തരംഗം സൃഷ്ടിക്കാൻ സാധ്യതയുണ്ട്.

Tags:    
News Summary - Auto Expo 2023: Maruti Suzuki eVX first look out

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.