കുറഞ്ഞ കാലംകൊണ്ട് മികച്ച ഇ.വി സ്കൂട്ടർ എന്ന് പേരെടുത്ത വാഹനമാണ് ടി.വി.എസ് ഐ ക്യൂബ്. മികച്ച നിർമാണ നിലവാരവും ടി.വി.എസ് എന്ന ബ്രാൻഡ് വാല്യുവും ഐ ക്യൂബിന്റെ പ്രത്യേകതകളായിരുന്നു. റേഞ്ചിലെ കുറവും ഫീച്ചറുകളുടെ അഭാവവും ആയിരുന്നു ഐ ക്യൂബിന്റെ പോരായ്മ. പ്രശ്നങ്ങൾ പരിഹരിച്ച് പുതിയൊരു ഐ ക്യൂബ് വേരിയന്റ് ഓട്ടോ എക്സ്പോയിൽ അവതരിപ്പിച്ചിരിക്കുകയാണ് ടി.വി.എസ്.
എസ്.ടി എന്ന് പേരിട്ടിരിക്കുന്ന വേരിയന്റിനെയാണ് ടി.വി.എസ് പുതുതായി അവതരിപ്പിച്ചത്. മികച്ച റേഞ്ചാണ് സ്കൂട്ടറിന്റെ പ്രത്യേകതക. സ്റ്റാന്റേർഡ് മോഡിൽ 145 കിലോമീറ്റർ വരെ വാഹനം സഞ്ചരിക്കുമെന്നാണ് കമ്പനി അവകാശവാദം. പവർ മോഡിൽ 110 കിലോമീറ്ററും സഞ്ചരിക്കാം. 4.56 kWh ലിഥിയം അയൺ ബാറ്ററി പായ്ക്കുമായാണ് ഐക്യൂബ് എസ്.ടി വിപണിയിൽ എത്തുന്നത്. മണിക്കൂറിൽ 82 കിലോമീറ്ററാണ് പരമാവധി വേഗത. 4 bhp ശേഷിയുള്ള ഇലക്ട്രിക് മോട്ടോർ 33 Nm ടോർക്ക് ഉത്പ്പാദിപ്പിക്കും.
രണ്ട് പുതിയ ഫീച്ചറുകളും സ്കൂട്ടറിൽ കൂട്ടിച്ചേർത്തിട്ടുണ്ട്. വോയ്‌സ് അസിസ്റ്റ് ടയർ പ്രഷർ മോണിറ്ററിങ് സിസ്റ്റം (TPMS) എന്നിവയാണത്. 7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ കൺസോൾ, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, നാവിഗേഷൻ, റൈഡ് മോഡുകൾ, കോൾ അലേർട്ടുകൾ, മ്യൂസിക് കൺട്രോൾ, കീലെസ് ഇഗ്നിഷൻ, ക്രൂസ് കൺട്രോൾ, രണ്ട് ഹെൽമെറ്റുകൾക്കുള്ള വലിയ സ്റ്റോറേജ് കപ്പാസിറ്റി എന്നിവയും ഫീച്ചറുകളിൽ ഉൾപ്പെടുന്നു. കൂടാതെ നാല് വ്യത്യസ്‌ത കളർ ഓപ്ഷനുകളിലും ഇ.വി സ്വന്തമാക്കാനാവും.
ചാർജിങിലേക്ക് വന്നാൽ, ടി.വി.എസ് ഐക്യൂബ് എസ്.ടി വേരിയന്റിന് 950 W ചാർജറിലൂടെ നാല് മണിക്കൂറും ആറ് മിനിറ്റും കൊണ്ട് പൂർണമായും ചാർജ് ചെയ്യാനാവും. 1500 വാട്ട് ചാർജർ ഉപയോഗിച്ച് രണ്ടര മണിക്കൂറ് കൊണ്ട് ബാറ്ററി പൂർണമായി നിറയ്ക്കാനും കഴിയും.
പരമ്പരാഗത ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോർക്കുകളിലും പിൻവശത്ത് ഇരട്ട ഷോക്ക് അബ്‌സോർബറുകളിലും സസ്പെൻഷൻ കൈകാര്യം ചെയ്‌തിരിക്കുന്നു. ബ്രേക്കിങ് ചുമതലകൾ ഫ്രണ്ട് ഡിസ്കും റിയർ ഡ്രം സജ്ജീകരണവുമാണ്. 90/90 ഫ്രണ്ട്, റിയർ ടയറുകളിൽ 12 ഇഞ്ച് അലോയ് വീലുകളാണുള്ളത്.
സ്റ്റാൻഡേർഡ്, എസ്, എസ്.ടി എന്നിങ്ങനെ മൂന്ന് വേരിയന്റുകളിൽ വാഹനം ലഭ്യമാണ്. ഐക്യൂബ് സ്റ്റാൻഡേർഡ് പതിപ്പിന് 99,130 രൂപയും 'എസ്' വേരിയന്റിന് 1.04 ലക്ഷം രൂപയുമാണ് നിലവിലെ ഓൺ റോഡ് വില. എസ്.ടി വേരിയന്റിന്റെ വില കമ്പനി ഉടൻ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യൻ വിപണിയിൽ ഏതർ 450X, ഓല S1 പ്രോ, മറ്റ് പ്രീമിയം ഇലക്ട്രിക് സ്‌കൂട്ടറുകൾക്കെതിരെയാണ് എസ്.ടി മത്സരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.