ന്യൂഡൽഹി: രാജ്യത്തെ വാഹന നിർമാണ കമ്പനികൾ മേയിലെ വിൽപന റിപ്പോർട്ട് പുറത്തുവിട്ടു. ഏറ്റവും വലിയ കമ്പനിയായ മാരുതി സുസുകിയുടെ വിൽപനയിൽ രണ്ട് ശതമാനം ഇടിവ് നേരിട്ടു. മേയിൽ 1,74,551 വാഹനങ്ങളാണ് കമ്പനി വിറ്റത്. കഴിഞ്ഞവർഷം മേയിൽ വിൽപന 1,78,083 യൂനിറ്റുകളായിരുന്നു. അതേസമയം, ആഭ്യന്തര വിപണിയിലെ കഴിഞ്ഞ വർഷത്തെ 1,43,708 യൂനിറ്റുകളിൽനിന്ന് ഈ വർഷം 1,44,002 ആയി വിൽപന ഉയർന്നു.
ആൾട്ടോയും എസ്-പ്രസ്സോയും ഉൾപ്പെടുന്ന മിനി കാറുകളുടെയും ബലേനോ, സെലേറിയോ, ഡിസയർ, ഇഗ്നിസ്, സ്വിഫ്റ്റ്, ടൂർ എസ്, വാഗൺആർ എന്നിവയുൾപ്പെടെയുള്ള കോംപാക്റ്റ് കാറുകളുടെയും വിൽപന ഇടിഞ്ഞു.
ബ്രെസ്സ, ഗ്രാൻഡ് വിറ്റാര, എർട്ടിഗ, എസ്-ക്രോസ്, എക്സ്എൽ6 എന്നിവയുൾപ്പെടെയുള്ള സ്പോർട്സ് യൂട്ടിലിറ്റി വാഹനങ്ങളുടെ വിൽപന 46,243 യൂനിറ്റുകളിൽനിന്ന് 54,204 യൂനിറ്റുകളായി ഉയർന്നു.
മഹീന്ദ്ര ആൻഡ് മഹീന്ദ്ര കമ്പനിയുടെ വിൽപനയിൽ 17 ശതമാനത്തിന്റെ വളർച്ച രേഖപ്പെടുത്തി. കഴിഞ്ഞമാസം 71,682 യൂനിറ്റ് വാഹനങ്ങളാണ് കമ്പനി വിറ്റത്. കഴിഞ്ഞവർഷം മേയിൽ 61,415 ആയിരുന്നു. രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ വാഹന നിർമാതാക്കളായ ഹ്യൂണ്ടായ് മോട്ടോഴ്സ് ഏഴ് ശതമാനം വളർച്ചനേടി.
രണ്ട് ശതമാനം വളർച്ച നേടിയ ടാറ്റ മോട്ടോഴ്സ് 76,766 വാഹനങ്ങളാണ് വിറ്റത്. കഴിഞ്ഞവർഷം മേയിൽ 74,973 യൂനിറ്റുകൾ വിറ്റിരുന്നു. ദക്ഷിണ കൊറിയൻ കമ്പനിയായ കിയ ഇന്ത്യ 19,500 യൂനിറ്റ് വാഹനങ്ങളാണ് കഴിഞ്ഞമാസം വിറ്റത്-വളർച്ച നാലു ശതമാനം.
ചൈനീസ് കമ്പനിയായ എം.ജി മോട്ടോഴ്സിന് വിൽപനയിൽ അഞ്ച് ശതമാനം ഇടിവ് നേരിട്ടു. ഇന്നോവ ഉൾപ്പെടെയുള്ള വാഹനങ്ങളുടെ നിർമാതാക്കളായ ടൊയോട്ട കിർലോസ്കറിന് വിൽപനയിൽ 24 ശതമാനം വളർച്ചാണുണ്ടായത്. 25,273 യൂനിറ്റ് വാഹനങ്ങളാണ് കഴിഞ്ഞ മാസം കമ്പനി വിറ്റത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.