1.5 ലക്ഷം രൂപവരെ വിലക്കിഴിവ്; ഓഫറുകളിൽ ഞെട്ടിച്ച് ഹ്യൂണ്ടായ്

ഡിസംബര്‍ വാഹനലോകത്ത് വിലക്കിഴിവിന്റെ മാസമാണ്. ജനുവരിയാകട്ടെ വിലക്കയറ്റത്തിന്റേയും. സെക്കൻഡ്ഹാൻഡ് വിപണിയിൽ ഒരു വാഹനം പുറത്തിറങ്ങിയ വർഷത്തിന് വലിയ പ്രാധാന്യമാണുള്ളത്. വാഹനത്തിന്റെ വില നിശ്ചയിക്കപ്പെടുന്നത് ഈ വർഷം കണക്കാക്കിയാണ്. 2022 ജനുവരിയിൽ വാങ്ങിയ വാഹനവും ഡിസംബറിൽ വാങ്ങിയ വാഹനവും ഏകദേശം ഒരേ വിഭാഗത്തിലാകും പുനർവിൽപ്പനക്കെത്തുക. എന്നാൽ ഇതിൽ ചില വിട്ടുവീഴ്ച്ചകൾ ചെയ്യാൻ തയ്യാറുള്ളവർക്ക് വർഷാവസാനം നല്ല വിലക്കിഴിവിൽ വാഹനം വാങ്ങാൻ സാധിക്കും.

ഈ വർഷത്തെ ഇയർ എൻഡ് ഓഫറുകൾ ഹ്യുണ്ടായ് മോട്ടോഴ്സ് പ്രഖ്യാപിച്ചിട്ടുണ്ട്. കോന ഇലക്ട്രിക്, ഗ്രാന്‍ഡ് i10 നിയോസ്, i20, ഓറ സെഡാന്‍ തുടങ്ങിയ മോഡലുകള്‍ക്ക് 1.50 ലക്ഷം രൂപ വരെ കിഴിവുകളും ആനുകൂല്യങ്ങളും ഹ്യൂണ്ടായി വാഗ്ദാനം ചെയ്യുന്നു. എക്സ്ചേഞ്ച് ബോണസുകള്‍, ക്യാഷ് ഡിസ്‌കൗണ്ടുകള്‍, കോര്‍പറേറ്റ് ബെനഫിറ്റ് എന്നിവയുടെ രൂപത്തിലാവും ആനുകൂല്യങ്ങൾ ലഭിക്കുക. ഓറ സെഡാന്റെയും ഗ്രാന്‍ഡ് i10 നിയോസ് ഹാച്ച്ബാക്കിന്റെയും CNG പതിപ്പുകളും ഈ മാസം കിഴിവോടെ ലഭ്യമാണ്. എന്നാല്‍ വെർന, വെന്യു, ക്രെറ്റ, അല്‍കസാര്‍, ട്യൂസോണ്‍ എന്നീ മോഡലുകള്‍ക്ക് കിഴിവില്ല.

കോന ഇലക്ട്രിക്

കോന ഇലക്ട്രിക് എസ്‌.യു.വിയില്‍ ഹ്യൂണ്ടായി പരമാവധി വര്‍ഷാന്ത്യ ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. ഉപഭോക്താക്കള്‍ക്ക് 1.50 ലക്ഷം രൂപയുടെ ഫ്ലാറ്റ് ക്യാഷ് ഡിസ്‌കൗണ്ട് കോനയിൽ ലഭിക്കും. ഹ്യുണ്ടായിയുടെ ഇന്ത്യയിലെ ആദ്യത്തെ ഇവി ആണ് കോന. ഇതിന് 39kWh ലിഥിയം-അയണ്‍ ബാറ്ററി പാക്കാണ് ഹ്യുണ്ടായി നല്‍കിയിരിക്കുന്നത്. മോട്ടോർ 136 bhp പവറും 395 Nm ടോര്‍ക്കും ഉത്പാദിപ്പിക്കും. 50 kW DC ചാര്‍ജര്‍ ഉപയോഗിച്ച് 57 മിനിറ്റില്‍ 0-80 ശതമാനം വരെ ഇവി ചാര്‍ജ് ചെയ്യാം. കൂടാതെ 452 കിലോമീറ്റര്‍ ARAI സാക്ഷ്യപ്പെടുത്തിയ റേഞ്ചും വാഗ്ദാനം ചെയ്യുന്നു.

ഗ്രാന്‍ഡ് i10 നിയോസ്

ഹ്യുണ്ടായി ഗ്രാന്‍ഡ് i10 നിയോസ് ഹാച്ച്ബാക്കില്‍ മൊത്തം 63,000 രൂപ വരെ കിഴിവ് വാഗ്ദാനം ചെയ്യുന്നു. 50,000 രൂപ (1.0 ലിറ്റര്‍ പതിപ്പിന്) ക്യാഷ് ഡിസ്‌കൗണ്ട്, 10,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസുകളും 3,000 രൂപ കോര്‍പ്പറേറ്റ് കിഴിവുകളും ലഭിക്കും. CNG, 1.2 ലിറ്റര്‍ പതിപ്പുകള്‍ക്ക് യഥാക്രമം 25,000 രൂപയും 20,000 രൂപയും വരെ ക്യാഷ് കിഴിവുകള്‍ ഹ്യൂണ്ടായി വാഗ്ദാനം ചെയ്യുന്നു. മാരുതി സ്വിഫ്റ്റ്, ടാറ്റ ടിയാഗോ തുടങ്ങിയ മോഡലുകളാണ് നിയോസിന്റെ എതിരാളികള്‍.

ഓറ

ഗ്രാന്‍ഡ് i10 നിയോസിന്റെ കോംപാക്റ്റ് സെഡാന്‍ ഡെറിവേറ്റീവാണ് ഓറ. ഹാച്ച്ബാക്കിന്റെ അതേ പവര്‍ട്രെയിന്‍ ഓപ്ഷനുകളില്‍ ഇത് ലഭ്യമാണ്. ഈ ഡിസംബറില്‍ ഹ്യൂണ്ടായി സെഡാന്‍ മോഡലിന് 43,000 രൂപ വരെ കിഴിവ് വാഗ്ദാനം ചെയ്യുന്നു. അതില്‍ 30,000 രൂപ (CNG പതിപ്പ്) ക്യാഷ് ഡിസ്‌കൗണ്ട്, 10,000 രൂപ മൂല്യമുള്ള എക്‌സ്‌ചേഞ്ച് ബോണസുകള്‍ (1.2-ലിറ്റര്‍, CNG), 3,000 രൂപ കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ട് എന്നിവ ഉള്‍പ്പെടുന്നു. അതേസമയം, സെഡാന്റെ രണ്ട് പെട്രോള്‍ പതിപ്പുകള്‍ 20,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടില്‍ സ്വന്തമാക്കാന്‍ അവസരമുണ്ട്. മാരുതി സുസുകിക്കി ഡിസയര്‍,ഹോണ്ട അമേസ് തുടങ്ങിയ കോംപാക്റ്റ് സെഡാനുകളെയാണ് വിപണിയിൽ ഓറ എതിരിടുന്നത്.

ഐ.20

ഐ.20യുടെ പെട്രോള്‍, ഡീസല്‍ പതിപ്പുകള്‍ക്ക് 30,000 രൂപ വരെ മൊത്തം കിഴിവ് ഹ്യൂണ്ടായി വാഗ്ദാനം ചെയ്യുന്നു. ക്യാഷ് ഡിസ്‌കൗണ്ടായി 20,000 രൂപയും എക്സ്ചേഞ്ച് ബോണസായി 10,000 രൂപയും ഇതില്‍ ഉള്‍പ്പെടുന്നു. ഹാച്ച്ബാക്കിന്റെ മിഡ്-സ്‌പെക്ക് മാഗ്‌ന, സ്‌പോര്‍ട്‌സ് ട്രിമ്മുകളില്‍ മാത്രമാണ് ആനുകൂല്യങ്ങള്‍ നൽകുന്നത്. 83 bhp, 1.2 ലിറ്റര്‍ പെട്രോള്‍, 120 bhp, 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 100 bhp, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ എന്നിവയില്‍ ഹ്യുണ്ടായി ഐ.20 ലഭ്യമാണ്. എമിഷന്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിന്റെ ഭാഗമായി ഹ്യൂണ്ടായി അടുത്ത വര്‍ഷം ഡീസല്‍ i20 വിപണിയില്‍ നിന്ന് പിന്‍വലിക്കും. അതിനാല്‍ തന്നെ ഡീസല്‍ ഐ.20 സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള സുവര്‍ണാവസരമാണിപ്പോള്‍.

Tags:    
News Summary - Benefits of up to Rs 1.50 lakh on Hyundai Kona EV, Aura, Nios, i20

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.