ഇന്ത്യയിലെ ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയില്‍ കരുത്തുതെളിയിക്കാന്‍ വാഹന നിര്‍മാതാക്കളായ ബി.എം.ഡബ്ല്യു മോട്ടോറാഡ് എത്തുന്നു. ഇ.വി വിഭാഗത്തില്‍ ഓലയും എഥറും ടി.വി.എസും പോലുള്ള വമ്പന്‍ ബ്രാന്‍ഡുകളെല്ലാം പണം വാരുന്ന സ്ഥാനത്തേക്ക് ബി.എം.ഡബ്ല്യു കൂടി എത്തുന്നതോടെ മത്സരം മുറുകും. പ്രീമിയം വിഭാഗത്തിലേക്കാണ് ഇലക്ട്രിക് സ്‌കൂട്ടറുമായി ബവേറിയന്‍ ഇരുചക്ര വാഹന നിര്‍മാതാക്കളായ ബി.എം.ഡബ്ല്യു മോട്ടോറാഡ് എത്തുന്നത്.
സി.ഇ 04 എന്ന മോഡലാണ് കമ്പനി ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്. ഇന്ത്യന്‍ വിപണിയില്‍ ബി.എം.ഡബ്ല്യു മോട്ടോറാഡ് അവതരിപ്പിക്കുന്ന ആദ്യ ഇലക്ട്രിക് സ്‌കൂട്ടറാണിത്. നിര്‍മാണം ആരംഭിച്ച് പ്രീ ബുക്കിങ്ങും ആരംഭിച്ചിട്ടുണ്ട്. ജൂലൈ 24ന് ഔദ്യോഗിക അവതരണം നടക്കുമെന്നാണ് കരുതുന്നത്. ഇന്ത്യയില്‍ ടി.വി.എസുമായി സഹകരിച്ചാണ് വാഹനത്തിന്റെ നിര്‍മാണം. വിപണിയിലെത്തുമ്പോള്‍ രാജ്യത്തെ ഏറ്റവും ചെലവേറിയ ഇലക്ട്രിക് സ്‌കൂട്ടറായിരിക്കും ഇത്.
അന്താരാഷ്ട്ര വിപണിയില്‍ വില്‍പ്പനക്കെത്തിയിട്ടുള്ള മോഡല്‍ വിദേശ നിരത്തുകളില്‍ വിപ്ലവം തീര്‍ത്തിട്ടുണ്ട്. പരമ്പരാഗത സ്‌കൂട്ടറുകളില്‍നിന്നും തികച്ചും വ്യത്യസ്തമായ ഡിസൈനാണ് വാഹനത്തിനു നല്‍കിയിരിക്കുന്നത്. ഡയഗണലായി ഉയരുന്ന ഫ്രണ്ട് എന്‍ഡ്, ഫ്‌ളാറ്റ് ബെഞ്ച് ടൈപ്പ് സീറ്റ്, ക്രീസുകള്‍, ഫുള്‍ എല്‍.ഇ.ഡി ലൈറ്റിങ്, ഷാര്‍പ്പ് ബോഡി വര്‍ക്ക് എന്നിവ ആരെയും മോഹിപ്പിക്കും. വലിപ്പത്തിന്റെ കാര്യത്തിലും ആള് വേറെ ലെവലാണ്. 2,285 മില്ലിമീറ്റര്‍ നീളവും 1,150 മില്ലിമീറ്റര്‍ ഉയരവും 855 മില്ലിമീറ്റര്‍ വീതിയും 780 മില്ലിമീറ്റര്‍ സീറ്റ് ഹൈറ്റുമാണ് ഈ ആഡംബര ഇലക്ട്രിക് സ്‌കൂട്ടറിനുള്ളത്. ആവശ്യാനുസരണം സീറ്റ് ഉയര്‍ത്താനും താഴ്ത്താനും സാധിക്കും.
8.9 കിലോവാട്ട് ബാറ്ററി പാക്കാണ് വാഹനത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. ഇലക്ട്രിക് മോട്ടോറുമായി ജോടിയാക്കിയ ബാറ്ററിക്ക് 41 ബി.എച്ച്.പി പവറില്‍ പരമാവധി 61 എന്‍.എം ടോര്‍ക്കു വരെ ഉൽപാദിപ്പിക്കാന്‍ ശേഷിയുണ്ട്. 2.6 സെക്കന്‍ഡിനുള്ളില്‍ സ്‌കൂട്ടറിന് പൂജ്യത്തില്‍നിന്ന് 50 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ കഴിയും. പരമാവധി വേഗത മണിക്കൂറില്‍ 120 കിലോമീറ്ററാണ്. സിംഗിള്‍ ചാര്‍ജില്‍ പരമാവതി 130 കിലോമീറ്റര്‍ റേഞ്ചാണ് ലഭിക്കുക. ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് ഒരു മണിക്കൂര്‍ 40 മിനിറ്റുകൊണ്ടും സാധാരണ ചാര്‍ജര്‍ ഉപയോഗിച്ച് നാല് മണിക്കൂറുകൊണ്ടും 100 ശതമാനം ചാര്‍ജ് ചെയ്യാം.
10.25 ഇഞ്ച് ടി.എഫ്.ടി കളര്‍ സ്‌ക്രീനാണ് ഒരുക്കിയിരിക്കുന്നത്. ഇതില്‍ നാവിഗേഷന്‍, കണക്ടിവിറ്റി, പെര്‍ഫോമന്‍സ് ഡേറ്റ, റേഞ്ച്, ചാര്‍ജിങ് സമയം എന്നീ വിവരങ്ങള്‍ അറിയാന്‍ കഴിയും. മൂന്ന് റൈഡിംഗ് മോഡുകള്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍, എ.ബി.എസ്, ഒരു സി ടൈപ്പ് ചാര്‍ജിങ് പോര്‍ട്ട്, ഇലക്ട്രോണിക് റിവേഴ്‌സ് ഫങ്ഷന്‍ എന്നീ അധിക ഫീച്ചറുകളും നല്‍കിയിട്ടുണ്ട്. കസ്റ്റമൈസേഷനായി നിരവധി ഓപ്ഷനുകള്‍ ലഭ്യമാണ്. ഡിസ്‌ക് ബ്രേക്കുകളോടുകൂടിയ 15 ഇഞ്ച് വീലുകളാണു സ്‌കൂട്ടറിനു നല്‍കിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.