ഇന്ത്യക്കാരുടെ ഇഷ്ട ജർമൻ എസ്.യു.വിയായ എക്സ് വൺ-ന്‍റെ ഇലക്ട്രിക് പതിപ്പ് ഐ.എക്സ്.വൺ ഇന്ത്യയിലെത്തുമെന്ന് ഉറപ്പായി. iX1ന്‍റെ ഇന്ത്യയിലേക്കുള്ള വരവ് ബി.എം.ഡബ്ല്യൂ കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചു. ബ്രാൻഡിൽ നിന്നുള്ള ഏറ്റവും താങ്ങാനാവുന്നഇ.വി ആയിരിക്കും ഐ.എക്സ്.വൺ എന്നാണ് വിവരം. മൂന്നാം തലമുറ എക്സ് വൺ എസ്.യു.വി.യുടെ ഇലക്‌ട്രിക്ക് പതിപ്പാണ് iX1. ഏതാനും ആഴ്ചകൾക്കുള്ളിൽ വാഹനം ഇന്ത്യയിൽ ലോഞ്ച് ചെയ്യും.
ആഗോളതലത്തിൽ നേരത്തെ വിപണിയിലെത്തിയ ഈ മോഡൽ, ഇ-ഡ്രൈവ് 20, എക്സ്-ഡ്രൈവ് 30 എന്നീ രണ്ട് വേരിയന്റുകളിൽ ലഭ്യമാണ്. ഫ്രണ്ട്-വീൽ ഡ്രൈവ് സജ്ജീകരണമാണ് ഇ-ഡ്രൈവ് 20 യിൽ ഉള്ളത്. 201 ബി.എച്ച്.പി പവറും 250 എൻ.എം ടോർക്കും ഉൽപാദിപ്പിക്കുന്ന സിംഗിൾ മോട്ടോർ ആണ് വാഹനത്തെ ചലിപ്പിക്കുന്നത്. അതേസമയം, എക്സ്-ഡ്രൈവ് 30യിൽ ഇരട്ട ഇലക്ട്രിക് മോട്ടോർ സംവിധാനമാണ് ഉള്ളത്. 313 ബി.എച്ച്.പി കരുത്തും 495 എൻ.എം ടോർക്കും ഇത് ഉത്പാദിപ്പിക്കുന്നു. ഓൾ വീൽ ഡ്രൈവ് സംവിധാവുമുണ്ട്. 475 കിലോമീറ്റർ റേഞ്ച് നൽകുന്ന 64.7kWh ബാറ്ററി പാക്കാണ് രണ്ട് വേരിയന്‍റിലും ഉള്ളത്.
ചെറിയ മാറ്റങ്ങൾ ഒഴികെ മറ്റെല്ലാം എക്സ് വണ്ണിന് സമാനമാണ്. അടഞ്ഞ മുൻഭാഗമാണ് ഇവിക്ക് ലഭിക്കുന്നത്. എൽ.ഇ.ഡി ഹെഡ്‌ലാമ്പുകളും ലോവർ ബമ്പറിന്‍റെ രണ്ട് അറ്റത്തും ക്രോം ഫിനിഷും ഉണ്ട്. പിൻഭാഗത്ത് ഐ.എക്സ്.വൺ ബാഡ്‌ജിങ് ലഭിക്കുന്നു. എക്സ് വണ്ണിന്‍റെ അതേ ഡാഷ്‌ബോർഡ് ലേഔട്ട് ആണ് iX1നും. പക്ഷേ ഇതിന് വ്യത്യസ്ത അപ്‌ഹോൾസ്റ്ററി തെരഞ്ഞെടുക്കാനാവും.
ആൻഡ്രോയിഡ് ഓട്ടോയും ആപ്പിൾ കാർപ്ലേയും ഉള്ള 10.7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, 10.25 ഇഞ്ച് ഇൻസ്ട്രുമെന്‍റ് ക്ലസ്റ്റർ, കണക്ട് കാർ ടെക്, പനോരമിക് സൺറൂഫ്, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ എന്നിവയുണ്ട്. സുരക്ഷാ ഫീച്ചറുകളിൽ പാർക്ക് അസിസ്റ്റ്, എയർബാഗുകൾ, കൂട്ടിയിടി മുന്നറിയിപ്പ്, എ.ബി.എസ്, ഓൾ-വീൽ ഡിസ്ക് ബ്രേക്കുകൾ എന്നിവ ഉൾപ്പെടുന്നു.
പൂർണ്ണമായി പുറത്ത് നിർമിച്ച് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്താവും വാഹനത്തിന്‍റെ വിൽപന. ഏകദേശം 70 ലക്ഷം രൂപ (എക്സ്-ഷോറൂം) വിലയാണ് പ്രതീക്ഷിക്കുന്നത്. മെഴ്സിഡീസ്-ബെൻസ് ഇ.ക്യൂ.ബി, വോൾവോ എക്സ്.സി 40 റീചാർജ്, ഹ്യുണ്ടായ് അയോണിക് 5, കിയ ഇ.വി 6 എന്നിവയാവും പ്രധാന എതിരാളികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.