എം.ജി വിൽക്കുന്നെന്നറിഞ്ഞ് ഇന്ത്യൻ മുതലാളിമാരുടെ തള്ളിക്കയറ്റം; മഹീന്ദ്രയും കളത്തിൽ

ചൈനീസ് വാഹന നിർമാതാക്കളായ എസ്.എ.ഐ.സിയുടെ ഉടമസ്ഥതയിലുള്ള വാഹനബ്രാൻഡായ എം.ജി ഇന്ത്യയിൽ എത്തിയിട്ട് ആറ് വർഷം പിന്നിടുകയാണ്. നിലവിൽ ഭേദപ്പെട്ട വിൽപ്പനയാണ് കമ്പനിക്കുള്ളത്. ഇന്ത്യയിൽ പ്രവർത്തനം വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി തങ്ങളുടെ ഓഹരികൾ വിൽക്കാനുള്ള പദ്ധതി എം.ജി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഏറ്റവും പുതിയ വിവരമനുസരിച്ച് ഇന്ത്യയിലെ പ്രമുഖരായ നിരവധി ശതകോടീശ്രരന്മാർ എം.ജി ഓഹരികൾക്കായി രംഗത്തിറങ്ങിയിട്ടുണ്ട്.

എം.ജയിൽ താൽപ്പര്യം പ്രകടിപ്പിച്ച് ആദ്യം മുന്നോട്ടുവന്നത് സാക്ഷാൽ മുകേഷ് അംബാനിയാണ്. തുടർന്ന് ജെ.എസ്.ഡബ്ല്യു ഗ്രൂപ്പ് ചെയര്‍മാമായ സജ്ജന്‍ ജിന്‍ഡാല്‍ എം.ജി മോട്ടോര്‍ ഇന്ത്യയുടെ ഓഹരികള്‍ സ്വന്തമാക്കാന്‍ പോകുന്നെന്ന വാർത്തയും കഴിഞ്ഞ ദിവസം പ്രചരിച്ചിരുന്നു. ഇതിനിടയിലാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്രയും എം.ജിയിൽ താൽപ്പര്യം പ്രകടിപ്പിച്ച് രംഗത്ത് എത്തിയതായി റിപ്പോർട്ടകൾ പുറത്തുവരുന്നത്. മഹീന്ദ്ര ആൻഡ് മഹീന്ദ്രയും അശോക് ലെയ്‌ലാൻഡിന്റെ ഉടമ ഹിന്ദുജ ഗ്രൂപ്പും എം.ജി മോട്ടോർ ഇന്ത്യയുടെ ഇക്വിറ്റിയുടെ ഗണ്യമായ ഭാഗം ഏറ്റെടുക്കാൻ മത്സരിക്കുകയാണിപ്പോഴെന്നും വ്യവസായ ലോകത്ത് അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ട്.

ചൈനയിലെ ഷാങ്ഹായ് ആസ്ഥാനമായുള്ള സായിക് മോട്ടോറിന്റെ (എസ്.എ.ഐ.സി) ഉടമസ്ഥതയിലുള്ള എം.ജി യഥാർഥത്തിൽ ഒരു ബ്രിട്ടീഷ് ബ്രാൻഡാണ്. മോറിസ് ഗാരേജ് എന്നാണ് എം.ജിയുടെ പൂർണരൂപം. കമ്പനിയുടെ ഇക്വിറ്റിയുടെ 49 ശതമാനം കൈവശം വച്ചുകൊണ്ട് ഒരു ന്യൂനപക്ഷ ഓഹരി ഉടമയായി മാറാനാണ് സായികിന്റെ നീക്കമെന്നാണ് വിവരം. ഏകദേശം 5 മുതൽ 6 ശതമാനം ഓഹരികൾ എംജി മോട്ടോർ ഇന്ത്യയുടെ ജീവനക്കാർക്കും ഡീലർ പ്രിൻസിപ്പൽമാർക്കും അനുവദിക്കാനും ആലോചനയുണ്ട്. അങ്ങിനെയെങ്കിൽ എംജി ഇന്ത്യയുടെ ഏകദേശം 51 ശതമാനം ഓഹരികളും ഇന്ത്യക്കാരുടെ കൈവശം വരും.

എംജിയും മഹീന്ദ്രയും കൈകോർത്താൽ അത് ഇന്ത്യൻ വാഹന വിപണിയുടെ മുഖംതന്നെ മാറ്റിമറിക്കുമെന്നാണ് പലരുടേയും വിലയിരുത്തൽ. അങ്ങനെ ചൈനീസ് കമ്പനിയെന്ന പ്രതിഛായ ഒഴിവാക്കാനും എം. ജിക്ക് കഴിയും.2020-ൽ ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തി സംഘർഷം ഉടലെടുത്തതു മുതൽ ചൈനീസ് കമ്പനികൾക്കുമേൽ മോദി സർക്കാർ ഏർപ്പെടുത്തിയ വിവിധ ഉപരോധങ്ങൾ ചൈനയിൽ നിന്നുള്ള എംജിയുടെ വിദേശ നിക്ഷേപത്തെ കാര്യമായി ബാധിച്ചിരുന്നു.

ഈ ഉപരോധങ്ങൾ എംജി ഇന്ത്യയെ അതിന്റെ മാതൃ കമ്പനിയായ സായിക് ഗ്രൂപ്പിൽ നിന്ന് സ്ഥിരമായി ഫണ്ട് വാങ്ങുന്നതിൽ നിന്ന് തടഞ്ഞിരുന്നു. തൽഫലമായി, ഗുജറാത്തിലെ ഹാലോളിൽ ഒരു പുതിയ നിർമാണശാല സ്ഥാപിക്കുന്നതുൾപ്പെടെ കമ്പനിയുടെ വിപുലീകരണ പദ്ധതികൾ തടസപ്പെടുകയും ചെയ്‌തു. ഇതാണ് ഇപ്പോൾ ഓഹരികൾ വിറ്റഴിക്കാൻ കാരണമായിരിക്കുന്നത്. ഓഹരികൾ ഏതെങ്കിലും തദ്ദേശീയ കമ്പനിയോ വ്യക്തിയോ സ്വന്തമാക്കുകയാണെങ്കിൽ ഇന്ത്യൻ കമ്പനികളിൽ നിന്ന് നിക്ഷേപം ആകർഷിക്കാനും സായികുമായുള്ള ബന്ധം പുനരുജ്ജീവിപ്പിക്കാനും എംജിയെ സഹായിക്കും.

1920' കളില്‍ സെസില്‍ കിംബര്‍ ബ്രിട്ടനില്‍ തുടക്കമിട്ട എം.ജി എന്ന ബ്രാന്‍ഡിന്റെ ഉടമസ്ഥര്‍ നിരവധി തവണ മാറിയിട്ടുണ്ട്. 2005-ലാണ് ചൈനയിലെ ഏറ്റവും വലിയ ഓട്ടോ ഗ്രൂപ്പായ സായിക് മോട്ടോര്‍ കോര്‍പറേഷന്‍ എം.ജി റോവര്‍ ഏറ്റെടുത്തത്. 2019-ലാണ് കമ്പനി ഇന്ത്യയില്‍ ഹെക്‌ടർ എസ്‌.യു.വി അവതരിപ്പിക്കുന്നത്. പിന്നാലെ ആസ്റ്റർ, ഹെക്ടർ പ്ലസ്, ഗ്ലോസ്റ്റർ തുടങ്ങിയ മോഡലുകളും ഇന്ത്യയിൽ അണിനിരന്നു. ഇസഡ്.എസ് ഇവി, കോമറ്റ് എന്നിങ്ങനെ ഇലക്ട്രിക് വാഹനങ്ങളും എം.ജി ഇന്ത്യയിൽ വിൽക്കുന്നുണ്ട്. 

Tags:    
News Summary - Chinese automaker MG Motor to get Indian owners: Jindal Group to buy 48 % stake

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.