ഇന്ത്യയിൽ പുതിയൊരു ഇ.വി അവതരിപ്പിക്കുമെന്ന സൂചന നൽകി സ്റ്റെല്ലാന്റിസ്. നിലവിലുള്ള ചെറു എസ്.യു.വിയായ സിട്രോൺ സി 3യുടെ ഇലക്ട്രിക് മോഡലാവും കമ്പനി ഇന്ത്യയിൽ അവതരിപ്പിക്കുക. അടുത്ത വർഷം ആദ്യം പുതിയ വാഹനം വിപണിയിലെത്തുമെന്നാണ് സിട്രോൺ അറിയിക്കുന്നത്. കുറഞ്ഞ വിലയും മികച്ച റേഞ്ചുമായിരിക്കും വാഹനത്തിന്. 30.2 kWh കപ്പാസിറ്റിയുള്ള ബാറ്ററിയും 3.3 kW ചാർജറും സി3 ഇലക്ട്രിക്കിന് ലഭിക്കും.
സിട്രോണിന്റെ ഉടമസ്ഥരായ സ്റ്റെല്ലാന്റിസിന്റെ സി.ഇ.ഒ കാർലോസ് ടാവെരസ് ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. പുതിയ ഇ.വി 'അടുത്ത വർഷം ആദ്യം' എത്തിക്കാൻ ഉദ്ദേശിക്കുന്നതായി ടാവെരസ് പറഞ്ഞു. സാധാരണക്കാർക്ക് താങ്ങാനാവുന്നതും നിലവാരമുള്ളതുമായ ഇ.വികൾ വികസിപ്പിക്കാൻ സ്റ്റെല്ലാന്റിസ് കഠിനമായി പരിശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കമ്പനി ഇന്ത്യയിൽ നിന്ന് ഇ.വികൾ കയറ്റുമതി ചെയ്യാൻ തുടങ്ങും. 'ഇവികൾ എങ്ങനെ ഇടത്തരക്കാർക്ക് താങ്ങാനാവുന്നതാക്കി മാറ്റാം എന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. താങ്ങാനാവുന്ന വിലയ്ക്ക് മാത്രമേ മാറ്റം സൃഷ്ടിക്കാൻ കഴിയൂ. എങ്കിൽ മാത്രമേ അത് പരിസ്ഥിതിയിൽ കാര്യമായ സ്വാധീനം ചെലുത്തൂ'-അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ വർഷം പകുതിയിലാണ് സിട്രോൺ ചെറു എസ്.യു.വിയായ സി3 വിപണിയിലെത്തിച്ചത്. 1.2 ലിറ്റർ പ്യുർടെക്110, 1.2 ലിറ്റർ പ്യുർടെക്82 എന്നീ എന്‍ജിൻ ഓപ്ഷനുകളാണ് വാഹനത്തിലുള്ളത്. 5.88 ലക്ഷം രൂപ മുതലാണ് വാഹനത്തിന്റെ വില ആരംഭിക്കുന്നത്. പുതിയ ഇ.വിക്ക് 10 ലക്ഷത്തിൽ താഴെ വിലയിടാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.