ഇന്ത്യയിലെ പ്രവർത്തനം നിർത്തിവെച്ചതിന് പിന്നാലെ അമേരിക്കൻ മോട്ടോർസൈക്കിൾ ബ്രാൻഡായ ഹാർലി ഡേവിഡ്സണെതിരെ നിയമ നടപടിക്കൊരുങ്ങി ഡീലർമാർ. കമ്പനി തങ്ങളെ വഴിയാധാരമാക്കിയെന്നും നഷ്ടപരിഹാര പാക്കേജ് പ്രതീക്ഷിച്ചതിനേക്കാൾ ഏറെ താഴെയും യുക്തിരഹിതവുമാണെന്ന് ഇവർ പറയുന്നു. രാജ്യത്തെ പ്രവർത്തനം നിർത്താനുള്ള കമ്പനിയുടെ തീരുമാനം പോലും അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണ്. അതിന് മുമ്പ് ഇക്കാര്യം ഒൗദ്യോഗികമായി ഡീലർമാരെ അറിയിച്ചില്ല. നഷ്ടപരിഹാരത്തിനായി നിയമ വഴികൾ തേടുകയാണെന്നും ഇതിനായി എ.ഇസഡ്.ബി ആൻഡ് പാർട്ട്ണേഴ്സ് എന്ന സ്ഥാപനത്തെ ചുമതലപ്പെടുത്തിയതായും ഡീലർമാർ അറിയിച്ചു.
'അമേരിക്കൻ ബ്രാൻഡ് ഇന്ത്യയിൽ വന്നത് മുതൽ ഹാർലി ഡേവിഡ്സൺ റൈഡർമാർക്കിത് വൈകാരിക യാത്രയായിരുന്നു. ആ യാത്ര ഈ രീതിയിൽ പെട്ടെന്ന് അവസാനിക്കുമെന്ന് ഒരിക്കലും കരുതിയതല്ല. ഇത് ഞങ്ങളെ എല്ലാവരെയും ഞെട്ടിച്ചു' -ന്യൂഡൽഹിയിലെ റെഡ് ഫോർട്ട് ഹാർലി ഡേവിഡ്സൺ ഉടമ ഗൗരവ് ഗുലാത്തി പറഞ്ഞു.
'ഹാർലി ഡേവിഡ്സൺ ഇന്ത്യയിൽനിന്ന് പുറത്തുപോകാൻ തീരുമാനിച്ച വിവരം അറിയുന്നത് മാധ്യമ വാർത്തകളിലൂടെയാണ്. ഇന്ത്യയിലായാലും വിദേശത്തായാലും ബിസിനസുകൾ വിശ്വാസത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. ഞങ്ങൾ ഹാർലി ഡേവിഡ്സൺ എന്ന ബ്രാൻഡിനെ വിശ്വസിച്ചു. ദുഃഖകരമെന്ന് പറയട്ടെ, ഇപ്പോൾ ഞങ്ങൾ ഒറ്റപ്പെട്ടതായി തോന്നുന്നു. 10 വർഷത്തിലേറെയായി ഞങ്ങൾ നല്ല വിശ്വാസത്തോടെ പ്രവർത്തിച്ചു. ആ ബ്രാൻഡിനോടുള്ള സ്നേഹം ഞങ്ങളെ അന്ധരാക്കി. പക്ഷെ, ഇപ്പോൾ നിരാശയാണ് തോന്നുന്നത്' -കൊൽക്കത്ത, റാഞ്ചി എന്നിവിടങ്ങളിലെ ഡീലർഷിപ്പുകളുടെ ഉടമയായ ആദർശ് തുൾഷൻ പറഞ്ഞു.
11 വർഷമായി അമേരിക്കൻ ബ്രാൻഡിെൻറ വളർച്ചക്കായി പ്രവർത്തിച്ചവാരാണ് തങ്ങളെന്ന് ഡീലർമാർ പറയുന്നു. ഓരോ ഡീലർഷിപ്പും കമ്പനിയുടെ എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് ഒരുക്കിയത്. ഏകദേശം നാല് കോടി രൂപ നിക്ഷേപിച്ചാണ് അത്യാധുനിക ഷോറൂമുകൾ സ്ഥാപിച്ചത്. മികച്ച ഉപകരണങ്ങളും ജീവനക്കാരെയും ഒരുക്കി ലോകോത്തര സേവനങ്ങൾ നൽകാൻ ഒരു കോടിയിലധികം രൂപയും നിക്ഷേപിച്ചു. എന്നാൽ, കമ്പനി ഇന്ത്യ വിട്ടേതാടെ ഓരോ ഡീലറുടെയും ഭാവി അനിശ്ചിതത്വത്തിലാവുകയായിരുന്നു. ഹാർലി ഡേവിഡ്‌സണിന് ഇന്ത്യയിലുടനീളം 33 ഡീലർഷിപ്പുകളാണുണ്ടായിരുന്നത്.
ഹാർലി ഡേവിഡ്സണിെൻറ വിൽപ്പന ഹീറോ മോേട്ടാർ കോപ് ഏറ്റെടുക്കുമെന്നാണ് വിവരം. ഇതിെൻറ ഭാഗമാകാൻ നിലവിലെ ഡീലർമാർ തീരുമാനിക്കുകയാണെങ്കിൽ നഷ്ടപരിഹാരം ലഭിക്കില്ലെന്നും ഇവർ കുറ്റപ്പെടുത്തുന്നു.
'നിലവിലെ ഹാർലി ഡേവിഡ്‌സൺ ഉപഭോക്താക്കൾക്കായി ഏതാനും സ്പെയർ പാർട്ട്സുകൾ മാത്രമാണ് കൈയിലുള്ളത്. ഞങ്ങൾ എല്ലായ്പ്പോഴും ഉപഭോക്താക്കൾക്കൊപ്പം നിൽക്കാനാണ് ശ്രമിച്ചത്. പക്ഷെ, കമ്പനിയുടെ ഭാഗത്തുനിന്ന് യാതൊരു പിന്തുണയും ലഭിച്ചില്ല. ഇന്ത്യയിൽ ഹാർലി ഡേവിഡ്‌സൺ വിൽപ്പനയുടെ 80 ശതമാനവും വഹിച്ചിരുന്ന 'സ്ട്രീറ്റ് 750' പോലും മുന്നറിയിപ്പില്ലാതെയാണ് നിർത്തലാക്കിയത്. അതിനാൽ, ഭാവിയിൽ സ്പെയർ പാർട്സുകൾക്കായി ഉപഭോക്താക്കൾ പാടുപെടും' -ഇന്ദോറിലെ ടൈഗർ ഹാർലി ഡേവിഡ്സൺ ഉടമ മനീഷ് ഗുപ്ത സങ്കടപ്പെടുന്നു.
വർഷങ്ങളായി തുടരുന്ന വിൽപ്പന മുരടിപ്പാണ് അമേരിക്കൻ കമ്പനിയെ ഇന്ത്യ വിടാൻ പ്രേരിപ്പിച്ചത്. 2010 ജൂലൈയിലാണ് ആദ്യ ഹാർലി ഡീലർഷിപ്പ് ഇന്ത്യയിൽ സ്ഥാപിക്കുന്നത്. അന്നുമുതൽ രാജ്യത്തെ പ്രീമിയം മോട്ടോർ സൈക്കിൾ വിൽപ്പനക്ക് നേതൃത്വം നൽകുന്നത് കമ്പനിയാണ്.
ലോകത്തിലെ വാഹനപ്രേമികളുടെ സ്വപ്ന വാഹനമായ ഹാർലിയുടെ മടക്കം വലിയ നിരാശയാണ് വിപണിയിൽ ഉണ്ടാക്കിയത്. ഹാർലി പോലൊരു വമ്പെൻറ മടക്കത്തിന് പിന്നിൽ നിരവധി കാരണങ്ങളാണ് വിലയിരുത്തപ്പെടുന്നത്. മെയ്ക് ഇൻ ഇന്ത്യ സ്ട്രീറ്റ് 750 മോഡലുകൾ ഇറക്കി വിപണി പിടിക്കാനുള്ള അവസാന ശ്രമവും പരാജയപ്പെട്ടാണ് ഹാർലിയുടെ മടക്കം. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ, ഹാർലി ഇന്ത്യയിൽ 2,500ൽ താഴെ യൂനിറ്റുകൾ മാത്രമാണ് വിറ്റത്.
2020 ഏപ്രിൽ-ജൂൺ കാലയളവിൽ 100ഓളം ബൈക്കുകൾ മാത്രമാണ് വിറ്റഴിക്കാനായത്. ഇതോടെ കമ്പനി ഏറ്റവും മോശം പ്രകടനം കാഴ്ചവെച്ച അന്താരാഷ്ട്ര വിപണികളിലൊന്നായി ഇന്ത്യ മാറുകയായിരുന്നു.
അതേസമയം, ഹാർലി ഡേവിഡ്സണുമായി സഹകരണ കരാർ ഒപ്പുവച്ച് ഹീറോ മോേട്ടാർ കോപ് രംഗത്തുവന്നത് പലർക്കും ആശ്വാസം പകർന്നിട്ടുണ്ട്. ഹാർലി ഡേവിഡ്സണിെൻറ ഇന്ത്യയിലെ വിൽപ്പനയും വിൽപ്പനാനന്തര സേവനവും ഹീറോ കൈകാര്യം ചെയ്യുമെന്നാണ് വിവരം. ഹാർലിയുടെ പേരിൽ പ്രീമിയം ഉൽപ്പന്നങ്ങൾ, ബൈക്കുകൾ എന്നിവ ഹീറോ വികസിപ്പിക്കാനും ധാരണയായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.