ഡൽഹി: സീറ്റ് ബെൽറ്റ് ധരിക്കാത്ത പിൻസീറ്റ് യാത്രക്കാരുള്ള വാഹനങ്ങൾക്ക് പിഴ ഈടാക്കുമെന്ന് വെസ്റ്റ് ഡൽഹി ട്രാഫിക് പോലീസ്. ഇതിനായി സ്പെഷൽ ഡ്രൈവും ആരംഭിച്ചിട്ടുണ്ട്. റിയർവ്യൂ മിററുകളില്ലാതെ ഇരുചക്ര വാഹനങ്ങൾക്കും ഡ്രൈവിൽ പിടിവീഴും. ജനുവരി 23 വരെ ഡ്രൈവ് തുടരും. ഇതിന്‍റെ ഭാഗമായി പിൻ സീറ്റ് ബെൽറ്റ് ധരിക്കാത്തതിന് 1,000രൂപയാകും പിഴയായി ഈടാക്കുക.
ദേശീയ തലസ്ഥാനത്തിന്‍റെ പടിഞ്ഞാറൻ പ്രദേശങ്ങളിൽ മാത്രമാവും ഡ്രൈവ് നടക്കുന്നത്. നിയമലംഘനം വർധിച്ചാൽ ഇത് മറ്റ് പ്രദേശങ്ങളിലേക്കും വ്യാപിപ്പിക്കുമെന്ന് ഡൽഹി ട്രാഫിക് പോലീസ് അറിയിച്ചു. റിയർവ്യൂ മിററുകളില്ലാത്ത ഇരുചക്രവാഹന യാത്രികർക്കും പോലീസ് പിഴ ചുമത്തും. റിയർവ്യൂ മിററുകളില്ലാത്ത ഇരുചക്രവാഹനങ്ങൾ ഡൽഹിയിലെ ഉപയോക്താക്കൾക്കിടയിൽ വ്യാപകമാണ്. 1988 ലെ മോട്ടോർ വെഹിക്കിൾസ് ആക്ടിനും സെൻട്രൽ മോട്ടോർ വെഹിക്കിൾസ് റൂൾസ് 1989 നും പിൻ സീറ്റ് ബെൽറ്റ് ധരിക്കാനും ഇരുചക്ര വാഹനങ്ങളിൽ റിയർവ്യൂ മിററുകൾ സ്ഥാപിക്കാനും വ്യവസ്ഥയുണ്ട്.
കാറുകളിലെ മിക്ക പിൻസീറ്റുകാരും സീറ്റ് ബെൽറ്റ് ധരിക്കാറില്ലെന്നാണ് പൊലീസ് വിലയിരുത്തൽ. 'ഡൽഹിയിലെ റോഡുകളിലുടനീളം റിയർവ്യൂ മിറർ ഇല്ലാതെ ഇരുചക്ര വാഹനങ്ങൾ ഓടിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. റിയർവ്യൂ മിറർ ഇല്ലാതെ വാഹനം ഓടിക്കുന്നത് നിരുത്തരവാദം മാത്രമല്ല അപകടകരവുമാണ്. പിന്നിൽ നിന്ന് വേഗത്തിൽ സഞ്ചരിക്കുന്ന വാഹനങ്ങളുമായി കൂട്ടിയിടി ഉണ്ടാകാൻ ഇത് കാരണമാകുന്നുണ്ട്.
കാറുകളിൽ പിൻ സീറ്റ് ബെൽറ്റുകൾ ഉപയോഗിക്കുന്നതിനുള്ള വ്യവസ്ഥകൾ വളരെ കുറവാണ്'-ഡൽഹിയിലെ വെസ്റ്റേൺ റേഞ്ച് ട്രാഫിക് പോലീസ് ഡെപ്യൂട്ടി കമ്മീഷണർ വിജ്ഞാപനത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.