തിരുവനന്തപുരം: ഓഫിസിലിരിക്കുന്ന ഉദ്യോഗസ്ഥരുടെ ജോലിഭാരം കുറച്ചതല്ലാതെ അപേക്ഷകർക്കും വാഹന ഉടമകൾക്കും ഒരു പ്രയോജനവുമില്ലാതെ മോട്ടോർ വാഹന വകുപ്പിലെ ഓൺലൈൻ സംവിധാനം. ഓൺലൈനിൽ അപേക്ഷിച്ചാലും അവയുടെ പ്രിൻറുമായി നേരിട്ട് ചെന്നാലല്ലാതെ നടപടിയുണ്ടാവില്ല.
ഓൺലൈൻ സംവിധാനത്തിന് മുമ്പ് രേഖകളെല്ലാം ഓഫിസുകളിൽ നേരിട്ടെത്തിക്കണമായിരുന്നു. ഉദ്യോഗസ്ഥരാണ് ഇവ കമ്പ്യൂട്ടർ സംവിധാനത്തിലേക്ക് ചേർത്തിരുന്നത്. അപേക്ഷ ഓൺലൈനായതോടെ വാഹന ഉടമ നേരിട്ടോ ഏജന്റുമാർ വഴിയോ വിവരങ്ങൾ അപ്ലോഡ് ചെയ്യും. ഇതോടെ ഉദ്യോഗസ്ഥരുടെ പകുതിയിലേറെ ജോലിഭാരവും തീർന്നു.
എന്നാൽ പിന്നീട് ഇടനിലക്കാരില്ലാത്തവർ അപേക്ഷകളുടെ പ്രിന്റ് നേരിട്ടെത്തിക്കണമെന്നതാണ് നിലവിലെ രീതി. ഏജന്റുമാർക്കാകട്ടെ അപേക്ഷയുമായി നേരിട്ട് പോകേണ്ട. ഉദ്യോസ്ഥരുമായി ഇടപെടാൻ അവർക്ക് 'ഡിജിറ്റൽ സംവിധാന'മുണ്ട്. ഏജന്റുമാർ വാഹന ഉടമയിൽനിന്ന് അപേക്ഷയും തുകയും വാങ്ങിയശേഷം ഓൺലൈനായി അപേക്ഷ സമർപ്പിക്കും.
തുടർന്ന് അപേക്ഷ വിവരങ്ങളും മറ്റും ഉദ്യോഗസ്ഥർക്ക് വാട്ട്സ്ആപ് വഴി അയച്ചുനൽകിയാൽ മതി. ഇടനിലക്കാർ ഓഫിസിൽ പോലും ചെല്ലാതെ നടപടികൾ പൂർത്തിയാക്കാനുള്ള ഡിജിറ്റൽ സൗകര്യമാണ് പല ഓഫിസുകളിലും.
ഓൺലൈനായിട്ടും പ്രിന്റ് അപേക്ഷകൾ വാങ്ങുന്നെന്ന് മാത്രമല്ല അതിന് പല ഓഫിസിലും സമയപരിധിയും നിശ്ചയിച്ചിട്ടുണ്ടെന്നതാണ് മറ്റൊരു കൗതുകം. അപേക്ഷകൾക്കുള്ള ഫീസും നികുതിയും നേരിട്ട് പണമായി ആർ.ടി.ഒ ഓഫിസുകളിൽ കാഷ് സ്വീകരിക്കുന്ന രീതി മുമ്പുണ്ടായിരുന്നു. ലക്ഷണക്കണക്കിന് രൂപയാണ് അന്ന് ആർ.ടി.ഒ ഓഫിസുകളിൽ ദിവസം ലഭിക്കുക. ഇത് സൂക്ഷിക്കാനുള്ള സൗകര്യം പല ഓഫിസുകളിലും ഇല്ലായിരുന്നു. അതുകൊണ്ട് കലക്ഷൻ അതാത് ദിവസം ട്രഷറി വഴി അടയ്ക്കും. ഇത്രയധികം പണം എണ്ണിത്തിട്ടപ്പെടുത്തുന്നതിനും നാല് മണിക്ക് മുമ്പ് അടയ്ക്കുന്നതിനുമുള്ള സൗകര്യത്തിനായി പണം സ്വീകരിക്കുന്ന കൗണ്ടർ ഒന്നരക്ക് അടയ്ക്കും. എന്നാൽ ഇപ്പോൾ പണിമിടപാടുകൾ പൂർണമായും ഓൺലൈനിലാണ്. ഒരു രൂപ പോലും നേരിട്ട് സ്വീകരിക്കുന്നില്ല. പക്ഷേ, പഴയ രീതിയിൽ ഓൺലൈനിൽ അപേക്ഷിച്ചതിന്റെ കടലാസുകൾ നേരിട്ട് സ്വീകരിക്കൽ ഉച്ചക്ക് ഒന്നരക്ക് അവസാനിപ്പിക്കുകയാണ്. ഇടനിലക്കാരില്ലാതെ ചെല്ലുന്നവർക്കാണ് ഈ ഗതികേട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.