നടുറോഡിൽവച്ച് ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ച വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. ആദ്യം ബാറ്ററി പുകഞ്ഞുകത്തുകയും പിന്നീട് തീപിടിച്ച് വാഹനം മുഴുവനായും കത്തിനശിക്കുകയുമായിരുന്നു. ഹൈദരാബാദ് ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പായ പ്യൂവർ ഇവിയുടെ ഇ പ്ലൂേട്ടാ ഫൈവ് ജി സ്കൂട്ടറിനാണ് തീപിടിച്ചത്. ഐഐടി ഹൈദരാബാദ് മുൻകയ്യെടുത്ത് രണ്ട് വർഷം മുമ്പ് ആരംഭിച്ച സ്റ്റാർട്ടപ്പാണ് പ്യൂവർ ഇവി.
ഇ.വികളും തീപിടിത്തവും
ഇ.വികളുടെ പേടിസ്വപ്നമാണ് തീപിടിത്ത സാധ്യത. വലിയ ബാറ്ററികളുള്ള ഇലക്ട്രിക് വാഹനങ്ങളിൽ എപ്പോഴും ഇത്തരമൊരു സാധ്യത നിലനിൽക്കുന്നുണ്ട്. സാങ്കേതികവിദ്യയുടെ വികാസത്തോടെ, ഇലക്ട്രിക് വാഹനങ്ങൾക്ക് തീപിടിക്കുന്നത് അപൂർവമാണെങ്കിലും പൂർണമായും ഒഴിവാക്കാൻ ആയിട്ടില്ലെന്നാണ് പുതിയ സംഭവം തെളിയിക്കുന്നത്. അടുത്തിടെ, രണ്ട് ഇലക്ട്രിക് സ്കൂട്ടറുകൾക്ക് തീപിടിച്ച വീഡിയോകൾ ഇൻറർനെറ്റിൽ വൈറലായിരുന്നു.
വീഡിയോയിൽ കാണുന്നത്
സ്‌കൂട്ടറിന്റെ സീറ്റിനടിയിൽ സ്ഥിതിചെയ്യുന്ന ബാറ്ററി കമ്പാർട്ട്‌മെന്റിൽ നിന്ന് കട്ടിയുള്ള പുക പുറത്തേക്ക് വരുന്നതാണ് ആദ്യം വീഡിയോയിലുള്ളത്. ഒരു മിനിറ്റോളം കട്ടിയുള്ള പുക പുറപ്പെടുവിച്ചതിനുശേഷം, സ്കൂട്ടറിൽ നിന്ന് തീ പുറത്തേക്ക് വന്ന് വാഹനം മുഴുവൻ വിഴുങ്ങുകയായിരുന്നു. ബാറ്ററികളുടെ ഗുണനിലമില്ലായ്മയാണ് തീപിടിത്തത്തിന് കാരണമെന്നാണ് സൂചന. വൈദ്യുത വാഹനത്തിന്റെ സുരക്ഷ പൂർണമായും ബാറ്ററികളുടെ ഗുണനിലവാരത്തെയും കൂളിങ് സിസ്റ്റവും ബാറ്ററി മാനേജ്മെന്റ് സിസ്റ്റവും എത്രത്തോളം കാര്യക്ഷമമാണ് എന്നതിനേയും ആശ്രയിച്ചാണിരിക്കുന്നത്.
ഇന്ത്യയിൽ ഇലക്ട്രിക് വാഹനങ്ങളിൽ ഉപയോഗിക്കുന്ന മിക്ക ലിഥിയം അയൺ ബാറ്ററി പായ്ക്കുകളും ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്തവയാണ്. ഇന്ത്യയിൽ ഇലക്ട്രിക് വാഹനങ്ങളുടെ ആവശ്യം വർധിച്ചതോടെ, പുതിയ നിർമാതാക്കൾ സാധ്യമായ എല്ലാ അവസരങ്ങളും പ്രയോജനപ്പെടുത്താൻ ശ്രമിക്കുന്നുണ്ട്. കഴിഞ്ഞ വർഷം ഇന്ത്യൻ വിപണിയിൽ വിറ്റ 1.5 ലക്ഷം യൂനിറ്റ് ഇലക്ട്രിക് വാഹനങ്ങളിൽ നിന്ന് അടുത്തവർഷമാകുേമ്പാൾ വിൽപ്പന ഇരട്ടിയാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ലിഥിയം ബാറ്ററിൽ വെള്ളം ഒഴിക്കരുത്
'രൂപകൽപ്പനയുടെയും നിർമാണത്തിന്റെയും ദൃഡത ഉറപ്പുവരുത്തുക എന്നതാണ് പ്രധാനം. വിപണി വളർത്താൻ തിരക്കുകൂട്ടുന്നത് അപകടത്തിലേക്ക് നയിക്കും. സുരക്ഷക്കായി വ്യക്തമായ മാനദണ്ഡങ്ങൾ സ്ഥാപിക്കണം'-വാഹന സുരക്ഷാരംഗത്ത് പ്രവർത്തിക്കുന്ന ജാറ്റോ ഡൈനാമിക്സ് പ്രസിഡന്റ് രവി ഭാട്ടിയ പറഞ്ഞു. 'ലിഥിയം അയൺ ബാറ്ററി കേടാകുമ്പോഴോ ഷോർട്ട് സർക്യൂട്ട് സംഭവിക്കുമ്പോഴോ തീപിടിക്കാൻ സാധ്യതയുണ്ട്. ലിഥിയം ബാറ്ററിയിൽ തീ കെടുത്താൻ പ്രയാസമാണ്.
ജലവുമായി സമ്പർക്കം പുലർത്തുമ്പോൾ, അത് ഹൈഡ്രജൻ വാതകവും ലിഥിയം-ഹൈഡ്രോക്സൈഡും ഉത്പാദിപ്പിക്കും. ഹൈഡ്രജൻ വാതകം കത്താൻ സഹായിക്കുന്ന ഒന്നാണ്. ലിഥിയം വെള്ളവുമായി പ്രതിപ്രവർത്തിച്ച് കത്തുന്ന വാതകം സൃഷ്ടിക്കുന്നതിനാൽ, ബാറ്ററിയിലേക്ക് വെള്ളം ഒഴിക്കുന്നത് പലപ്പോഴും വിപരീതഫലം ഉണ്ടാക്കും'-ഭാട്ടിയ കൂട്ടിച്ചേർത്തു. ലിഥിയം അയൺ ബാറ്ററിയിൽ ചോർച്ച ഉണ്ടായാൽ വായുവിലോ ഈർപ്പത്തിലോ പ്രതിപ്രവർത്തിച്ച് ഹൈഡ്രോഫ്ലൂറിക് ആസിഡ് ഉത്പാദിപ്പിക്കും. ഹൈഡ്രോഫ്ലൂറിക് ആസിഡ് വിഷമയമായതും കണ്ണുകളെയും ശ്വാസകോശങ്ങളെയും ബാധിക്കുന്നതുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.